2019 April 22 Monday
കാലത്തില്‍നിന്ന് നിനക്കു നഷ്ടപ്പെട്ടതിന് ഇനി പകരമില്ല. അതില്‍നിന്ന് നേടിയെടുത്തതാകട്ടെ വിലമതിക്കപ്പെടുകയുമില്ല. -അത്വാഉല്ലാ സിക്കന്തറി

കേരളത്തിലെ പ്രളയം കാലാവസ്ഥാ വ്യതിയാനത്താലെന്ന് യു.എന്‍

കാലാവസ്ഥാ വ്യതിയാനം നിലനില്‍പ്പിന്റെ പ്രശ്‌നം  

അടുത്ത വര്‍ഷം കാലാവസ്ഥാ ഉച്ചകോടി  വിളിച്ചുചേര്‍ക്കും

ന്യൂയോര്‍ക്ക്: കേരളത്തിലുണ്ടായ പ്രളയം ആഗോള കാലാവസ്ഥാവ്യതിയാനത്തിന്റെ പ്രതിഫലനമാണെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ്. ശക്തമായ ചൂട്, കാട്ടു തീ, പ്രളയം തുടങ്ങിയ കാരണത്താല്‍ നിരവധി പേര്‍ മരിച്ചു. കഴിഞ്ഞ വര്‍ഷം പ്യൂട്ടോറിക്കയിലുണ്ടായ ചുഴലിക്കാറ്റും കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമാണ്. ഇവിടെയുണ്ടായ മരിയ ചുഴലിക്കാറ്റില്‍ 3000 പേരാണ് മരിച്ചത്. യു.എസ് ചരിത്രത്തിലെ ഏറ്റവും വലിയ പ്രകൃതി ദുരന്തമായിരുന്നു ഇതെന്ന് അദ്ദേഹം പറഞ്ഞു. 

കാലാവസ്ഥാവ്യതിയാനം നമ്മള്‍ പ്രതീക്ഷിക്കുന്നതിലും വേഗത്തിലാണ്. ന്യൂയോര്‍ക്കിലെ യു.എന്‍ ആസ്ഥാനത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രശ്‌നത്തിന്റെ അടിയന്തര സ്വാഭാവം എല്ലാവരും മനസിലാക്കേണ്ടത് അനിവാര്യമാണ്. കാലാവസ്ഥാ വ്യതിയാനം നിലനില്‍പ്പിന്റെ പ്രശ്‌നമായി മാറിയിരിക്കുകയാണ്. 1850ന് ശേഷമുള്ള ഏറ്റവും ചൂടേറിയ 18 വര്‍ഷങ്ങള്‍ കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളിലാണ്. 2018 ഇതില്‍ നാലാമത്തെ ചൂടേറിയ വര്‍ഷമാകും. മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പാരീസ് ഉടമ്പടിയില്‍ എടുത്ത തീരുമാനങ്ങള്‍ ഉടന്‍ നടപ്പിലാക്കണം.
കാലാവസ്ഥാ വ്യതിയാനത്തെ തടുക്കുന്നത് ചെലവേറിയതാണെന്നും സാമ്പത്തിക വളര്‍ച്ചയെ തകര്‍ക്കുമെന്ന് ചിലര്‍ വാദിക്കുന്നു. ഇത് തികച്ചും അസംബന്ധമാണ്. യാഥാര്‍ഥ്യം ഇതിന്റെ മറുവശമാണ്. സ്വന്തം ജനതയുടെ ജീവന്‍ സംരക്ഷിക്കാനായി നേതാക്കന്മാര്‍ ഇറങ്ങേണ്ട സമയമാണിത്. ഭാവിക്കായി ഇവര്‍ രംഗത്തിറങ്ങേണ്ടതുണ്ടെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു.
നമുക്ക് വൃഥാ ചെലവഴിക്കാന്‍ സമയമില്ല. അഗാധമായ ഗര്‍ത്തത്തിലേക്കാണ് നാം സഞ്ചരിക്കുന്നത്. ജീവിതത്തിന്റെ സഞ്ചാര ദിശയില്‍ മാറ്റവരുത്തേണ്ട സമയം അതിക്രമിച്ചു. ഒരോ ദിവസവും ചൂട് വര്‍ധിച്ചുവരുകയാണെന്നും നമ്മുടെ ഉദാസീനത കാരണത്താലാണിതെന്നും അദ്ദേഹം പറഞ്ഞു.
കാലാവസ്ഥയുമായി ബന്ധപ്പെട്ട അവശ്യ നടപടികള്‍ സ്വീകരിക്കാന്‍ അടുത്ത വര്‍ഷം സെപ്റ്റംബറില്‍ ഉച്ചകോടി വിളിച്ചുചേര്‍ക്കുമെന്ന് ഗുട്ടറസ് പ്രഖ്യാപിച്ചു. ഉച്ചകോടി, നിലവില്‍ ചെയ്തു കൊണ്ടിരിക്കുന്ന പ്രവൃത്തികള്‍ ചര്‍ച്ച ചെയ്യാന്‍ വേണ്ടി മാത്രമല്ലെന്നും 2020ല്‍ യു.എന്‍ കാലാവസ്ഥാ നടക്കുമ്പോഴേക്ക് നടപ്പാക്കേണ്ട പദ്ധതികള്‍ കൂടെ ചര്‍ച്ച ചെയ്യുമെന്നും ഗുട്ടറസ് വ്യക്തമാക്കി.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.