2018 November 21 Wednesday
ജനങ്ങളേ, നിങ്ങള്‍ക്ക് നിങ്ങളുടെ നാഥനിങ്കലില്‍നിന്നുള്ള തത്വോപദേശങ്ങളും ശമനവും മാര്‍ഗദര്‍ശനവും സത്യവിശ്വാസികള്‍ക്ക് കാരുണ്യവും വന്നെത്തിയിരിക്കുന്നു

കേരളത്തിലെ തുമ്പികളുടെ പട്ടികയിലേക്ക് ഒരെണ്ണം കൂടി

പൊന്നാനി: കേരളത്തിലെ തുമ്പികളുടെ പട്ടികയിലേക്ക് ഒന്നുകൂടി.ലെസ്റ്റസ് സൊറോത്തിയ എന്ന് പേരുള്ള തുമ്പിയെയാണ് കേരളത്തില്‍ ഇതാദ്യമായി റിപ്പോര്‍ട്ട് ചെയ്തത്.

കറുത്ത പുള്ളികളും കലകളുമുള്ള ചേരാചിറകന്‍ കുടുംബത്തില്‍ ഉള്ള ഒരു സൂചിത്തുമ്പിയാണ് ലെസ്റ്റസ് ഡൊറോത്തിയ എന്ന തുമ്പി വര്‍ഗം. ഇന്ത്യ, തായ്ലാന്റ്, മലേഷ്യ എന്നീ രാജ്യങ്ങളില്‍ ഇവ സാധാര കാണപ്പെടുന്നത്.

കേരളത്തില്‍ ഇതാദ്യമായാണ് ഈ തുമ്പിയെ തിരിച്ചറിയുന്നത്.കേരളത്തില്‍ സര്‍വസാധാരണമായ നീലക്കണ്ണി ചേരാച്ചിറകന്‍ തുമ്പികളുമായി ഏറെ സാമ്യമുള്ളതിനാല്‍ ഈ വര്‍ഗത്തെ കൃത്യമായി ഇതുവരെ തിരിച്ചറിഞ്ഞിരുന്നില്ല.

കേരളത്തില്‍ 160 ഓളം തുമ്പി വര്‍ഗങ്ങളെയാണ് തിരിച്ചറിഞ്ഞിട്ടുള്ളത്.

അതിരപ്പള്ളിയില്‍ വെച്ചാണ് തുമ്പി നിരീക്ഷകനായ ഇരിങ്ങാലക്കുട സ്വദേശിയായ റൈസണ്‍ തുമ്പൂര്‍ തുമ്പിയെ കണ്ടെത്തിയത്. തായ്‌ലാന്റുകാരനായ നോപ്പാഡന്‍ മക്ബന്‍ എന്ന ശാസ്ത്രജ്ഞനും ജീവന്‍ ജോസുമാണ് തുമ്പിയെ തിരിച്ചറിഞ്ഞ് ലെസ്റ്റസ് ഡൊറോത്തിയ എന്ന വര്‍ഗമാണെന്ന് ഉറപ്പുവരുത്തിയത്.

ഇവക്ക് നീലക്കണ്ണി ചേരാച്ചിറകന്‍ തുമ്പിയുമായി ഏറെ സാമ്യമുണ്ടെങ്കിലും കുറച്ചുകൂടി വലുപ്പമുണ്ട്. ഇവയുടെ ശിരസ്സിനു കറുപ്പുനിറവും പ്രായപൂര്‍ത്തിയായ ആണ്‍തുമ്പികളുടെ കണ്ണുകള്‍ക്ക് നീലനിറവുമാണ്.

ഉരസ്സിന്റെ മുതുകുഭാഗത്ത് നീലക്കണ്ണി ചേരാച്ചിറകന്‍ തുമ്പിക്ക് ഉള്ളതുപോലുള്ള കരിമ്പച്ച നിറത്തിലുള്ള ഒരു പുള്ളിയുണ്ട്.

അതിനു താഴെയായി ഇരുവശത്തും കറുപ്പും പച്ചയും കലര്‍ന്ന ഓരോ വരകള്‍കൂടിയുണ്ട്. അതോടൊപ്പം മൂന്നു കറുത്ത പൊട്ടുകളും.നീലക്കണ്ണി ചേരാച്ചിറകന്‍ തുമ്പിക്ക് ഈ വരകള്‍ ഇല്ല.പ്രായപൂര്‍ത്തിയായ ആണ്‍തുമ്പികളുടെ ഈ കലകളെല്ലാം ഇളം നീലനിറത്തിലുള്ള പൊടികള്‍കൊണ്ട് മറയ്ക്കപ്പെടും.

സുതാര്യമായ ചിറകുകളില്‍ കറുത്ത പൊട്ടുകളുണ്ട്. നീലക്കണ്ണി ചേരാച്ചിറകന്‍ തുമ്പിക്ക് ഒന്‍പതാം ഖണ്ഡത്തില്‍ ഇരുവശത്തും നീല കലകള്‍ ഉണ്ട്. പ്രായമായ ആണ്‍തുമ്പിയുടെ കുറുവാലുകളുടെ മധ്യഭാഗം ഇളം നീല നിറത്തിലും ഇരു അഗ്രങ്ങളും കറുപ്പുനിറത്തിലും ആയിരിക്കുമെന്ന് തുമ്പി നിരീക്ഷകനായ റൈസണ്‍ തുമ്പൂര്‍ പറയുന്നു.


 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.