2019 July 23 Tuesday
നിങ്ങളുടെ അമ്മയോട് സംസാരത്തില്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ ഉപയോഗിക്കരുത്. നിങ്ങളെ സംസാരിക്കാന്‍ പഠിപ്പിച്ചത് ആ അമ്മയാണെന്ന് മറക്കരുത്.

കേരളത്തിലെ ജന്തു-ജൈവ വൈവിധ്യം വംശനാശ ഭീഷണിയിലെന്ന് റിപ്പോര്‍ട്ട്

ബീഗം ഹുസ്‌ന പി

പാലക്കാട് : കേരളത്തിലെ ജന്തു ജൈവ വൈവിധ്യം വംശനാശ ഭീഷണിയിലെന്ന് പഠന റിപ്പോര്‍ട്ട്. കരയുടെ 20 ശതമാനം ഭാഗത്തെ നിത്യഹരിത വനങ്ങള്‍ നേരത്തെ സമ്പന്നമാക്കിയിരുന്നുവെങ്കില്‍ ഇന്നത് ഏഴ് ശതമാനത്തില്‍ താഴെയായി ചുരുങ്ങിയെന്നും വോള്‍ഗ നാച്വര്‍ സ്റ്റഡി സെന്റര്‍ നടത്തിയ പഠനത്തില്‍ വ്യക്തമായി. അമ്പതിലധികം രാജ്യങ്ങളിലായി വ്യാപിച്ചു കിടക്കുന്ന വനങ്ങളില്‍ നിന്ന് ഇതിനകം ഒരിക്കലും ഒരിടത്തും കാണാന്‍ കഴിയാത്ത വിധം അപ്രത്യക്ഷമായിരിക്കുന്നത് എണ്ണിയാലൊടുങ്ങാത്തത്ര ജീവജാലങ്ങളാണ്. അത് പോലെ നമ്മുടെ കണ്‍മുന്നില്‍ നിന്ന് മായക്കാഴ്ച പോലെ മറയുന്ന ജീവവൈവിധ്യങ്ങളുടെ എണ്ണം ദിനേയെന്നോണം കൂടുകയാണെന്നും പഠന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കേരളത്തില്‍ 205 നട്ടെല്ലുള്ള ജീവിവര്‍ഗങ്ങള്‍ വംശനാശ ഭീഷണിയിലാണെന്നാണ് പഠനം.

ഇവയില്‍ 23 ഇനങ്ങള്‍ അതീവ വംശനാശ ഭീഷണി നേരിടുന്നെങ്കില്‍ 90 ഇനം വംശനാശ ഭീഷണി നേരിടുന്നവയുമാണ്. മൊത്തം 1,847 നട്ടെല്ലുള്ള ജീവികളില്‍ 386 ഇനങ്ങളും (36 ശതമാനം) കേരളത്തിലും പശ്ചിമ ഘട്ടത്തിലും മാത്രം കാണുന്നവയാണെന്നത് അതീവ ഗൗരവമര്‍ഹിക്കുന്നവയാണ്. നേരത്തെയുള്ളതില്‍ നിന്ന് കൂടുതലായി അടുത്തകാലത്തായി ചുവന്ന പട്ടികയില്‍ കേരളമുള്‍പ്പെടുന്ന പശ്ചിമഘട്ടത്തിലെ നിരവധി ജീവിവര്‍ഗങ്ങള്‍ ഉള്‍പ്പെട്ടതായാണ് ഇതു സംബന്ധിച്ച നിരീക്ഷണങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. സസ്തനികളുടെ വിഭാഗത്തില്‍ തീര്‍ത്തും കാണാതായിരിക്കുന്ന ഉരഗ ജീവിയായി മലബാര്‍ വെരുകിനെയാണ് ചേര്‍ത്തിട്ടുള്ളത്.

കന്യാകുമാരി മുതല്‍ വടക്കന്‍ കര്‍ണാടകയിലെ ഹൊന്നവര്‍ വരെയുള്ള പശ്ചിമഘട്ട പ്രദേശങ്ങളില്‍ യഥേഷ്ടമുണ്ടായിരുന്ന ജീവിയായിരുന്നു മലബാര്‍ വെരുക്. 1978 മുതലാണ് ഈ ജീവിവര്‍ഗം അപ്രത്യക്ഷമായതായി ഐ.യു.സി.എന്‍ പ്രഖ്യാപിച്ചത്. എന്നാല്‍, 1980ലും 90ലും സംസ്ഥാനത്ത് മലബാര്‍ വെരുകിന്റെ സാന്നിധ്യം കണ്ടെത്തി.

പക്ഷേ, കഴിഞ്ഞ 20 വര്‍ഷത്തിലധികമായി ഈ ജീവിയുടെ സാന്നിധ്യം ഇല്ലാതായി. മൂന്നടിയോളം നീളം വെക്കുന്ന ആറ് കിലോയോളം തൂക്കം വരുന്ന വെരുകിന് 20 വര്‍ഷത്തെ ആയുസ്സാണുള്ളത്. വനഭൂമി കുറഞ്ഞതും വേട്ടയാടിയതുമാണ് ഇവയുടെ നാശത്തിന് കാരണമായത്. ആന, സിംഹവാലന്‍ കുരങ്ങ്, കാട്ടുചുണ്ടെലി, കാട്ടുനച്ചെലി, നെല്ലെലി, ഈനാംപേച്ചി, കാട്ടുനായ, ചെന്നായ, മീന്‍പൂച്ച, കടുവ, വരയാട് തുടങ്ങിയവയെല്ലാം വംശനാശത്തിന്റെ വക്കിലാണെന്ന് സര്‍ക്കാര്‍ പഠനം വ്യക്തമാക്കുന്നു. ചാമ്പല്‍ അണ്ണാന്‍, യൂറേഷ്യന്‍ നീര്‍നായ, പുള്ളിപ്പുലി തുടങ്ങിയവ ഉടന്‍ അപകടത്തിലാകുന്ന ജീവികളായും കണക്കാക്കുന്നു.

ഐ.യു.സി.എന്‍ പ്രസിദ്ധീകരിച്ച 2015ലെ പക്ഷികളുടെ റെഡ് ലിസ്റ്റ് പ്രകാരം ഇന്ത്യയിലെ 180 ഇനം പക്ഷികള്‍ ഭീഷണിയിലാണെന്ന് പറയുന്നു. 1994ല്‍ ഇത് 173 ആയിരുന്നു. കേരളത്തില്‍ വയനാട്ടിലൊഴികെ കഴുകന്മാര്‍ അപ്രത്യക്ഷമായതായുള്ള പഠനം അടുത്തിടെയാണ് പുറത്തു വന്നത്. മറയൂര്‍, മൂന്നാര്‍ ഉള്‍പ്പെടെ തെക്കന്‍ മേഖലയില്‍ സമീപകാലത്ത് 500നും 1000ത്തിനും ഇടയില്‍ കഴുകന്മാര്‍ക്ക് വംശനാശം സംഭവിച്ചു. വനത്തിനു സമീപത്തെ ജനവാസ മേഖലയിലുള്ളവര്‍ നിന്ന് വളര്‍ത്തുമൃഗങ്ങളെ സംരക്ഷിക്കാന്‍ വിഷവസ്തുക്കള്‍ വിതറാറുണ്ട്. ഇവ കഴുകന്മാരുടെ വംശനാശത്തിന് കാരണമായി.

കന്നുകാലികളില്‍ കുത്തിവെക്കുന്ന ഡൈക്‌ളോഫെനിക് എന്ന മരുന്നും കഴുകന്മാരുടെ കൂട്ടനാശത്തിന് വഴിതെളിച്ചിട്ടുണ്ട്. വേദനസംഹാരിയെന്ന നിലയിലാണ് ഡൈക്‌ളോഫെനിക് ഉപയോഗിക്കുന്നത്. മരുന്ന് കുത്തിവെച്ച കന്നുകാലികളുടെ മൃതശരീരങ്ങള്‍ ഭക്ഷിക്കുന്നതാണ് ഇവയുടെ നാശത്തിന് ഇടയാക്കിയത്. പക്ഷികളില്‍ 50 ഇനങ്ങളെയാണ് യു.എന്‍.ഒയുടെ ചുവന്ന പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

തലേക്കെട്ടന്‍ തിത്തിരി, ചുട്ടിക്കഴുകന്‍, തവിട്ടുകഴുകന്‍ എന്നിവയാണ് ഗുരുതരമായ വംശനാശത്തിന്റെ വക്കിലെത്തി നില്‍ക്കുന്ന പക്ഷികള്‍. കാതിലക്കഴുകന്‍, തോട്ടിക്കഴുകന്‍, തെക്കന്‍ ചിലുമിലുപ്പന്‍, സന്ധ്യക്കിളി തുടങ്ങിയ പക്ഷികളും വംശനാശ പട്ടികയിലുണ്ട്. അടുത്തുതന്നെ അപകടാവസ്ഥയിലാകുന്നത് 25 ഇനം പക്ഷികളാണെന്നും പ്രത്യേകം രേഖപ്പെടുത്തിയിട്ടുണ്ട്. സൂചിമുഖി ഇലക്കുരുവി, നീലക്കിളി പാറ്റപിടിയന്‍, ചെറിയ മീന്‍ പരുന്ത്, കരിങ്കഴുകന്‍, മലമുഴക്കി, ചേരക്കോഴി തുടങ്ങിയവും ഇതില്‍പ്പെടും.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.