2018 November 14 Wednesday
ഒരു കടമ നിര്‍വഹിച്ചുകഴിഞ്ഞാലുള്ള പ്രതിഫലം മറ്റൊന്ന് നിറവേറ്റാനുള്ള ശക്തിയാണ്.

കേരളത്തിന് ഹരിയാന

ദേശീയ വോളി: ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം

ക്വാര്‍ട്ടറില്‍ കേരളത്തിന്റെ പുരുഷ, വനിതാ ടീമുകള്‍ ഹരിയാനയുമായി ഏറ്റുമുട്ടും

കോഴിക്കോട്: ദേശീയ വോളിബോള്‍ ചാംപ്യന്‍ഷിപ്പിലെ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കമാകും. ഗ്രൂപ്പ് ചാംപ്യന്‍മാരായി ക്വാര്‍ട്ടറിലേക്ക് മുന്നേറിയ കേരളത്തിന്റെ പുരുഷ, വനിതാ ടീമുകള്‍ ഹരിയാനയുമായാണ് അവസാന എട്ടിലെ പോരില്‍ മത്സരിക്കുന്നത്. കാലിക്കറ്റ് ട്രേഡ്‌സ് സെന്ററില്‍ വൈകിട്ട് മൂന്നിന് വനിതകളും വൈകിട്ട് അഞ്ചിന് പുരുഷന്‍മാരും മത്സരിക്കാനിറങ്ങും. പുരുഷ വിഭാഗം നിലവിലെ കിരീട ജേതാക്കളായ കേരളം ഗ്രൂപ്പ് എ ചാംപ്യന്‍മാരായാണ് ക്വാര്‍ട്ടറില്‍ മത്സരിക്കാനിറങ്ങുന്നത്. രാജസ്ഥാനേയും പഞ്ചാബിനേയും ആന്ധ്രാപ്രദേശിനേയും അനായാസം കീഴടക്കിയ ജെറോം വിനീതും സംഘവും തികഞ്ഞ വിജയ പ്രതീക്ഷയിലാണ്. പ്രാഥമിക റൗണ്ടില്‍ മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ് തെലങ്കാന ടീമുകളെ തോല്‍പിച്ചാണ് നിലവിലെ റണ്ണറപ്പുകളായ വനിതകള്‍ ക്വാര്‍ട്ടറില്‍ ഇറങ്ങുന്നത്.
പുരുഷ വിഭാഗത്തിലെ മറ്റ് ക്വാര്‍ട്ടര്‍ പോരാട്ടങ്ങളില്‍ ഉച്ചയ്ക്ക് ഒരു മണിക്ക് തമിഴ്‌നാട് ആന്ധ്രാപ്രദേശിനെ നേരിടും. മൂന്ന് മണിക്ക് പഞ്ചാബ്- സര്‍വിസസുമായി ഏറ്റുമുട്ടും. രാത്രി ഏഴ് മണിക്കാണ് റെയില്‍വേസിന്റെ പോരാട്ടം. കര്‍ണാടകയാണ് എതിരാളികള്‍. വനിതാ വിഭാഗത്തില്‍ ഉച്ചയ്ക്ക് ഒരു മണിക്ക് റെയില്‍വേസ്- കര്‍ണാടകയേയും അഞ്ച് മണിക്ക് മഹാരാഷ്ട്ര- പശ്ചിമ ബംഗാളിനേയും എതിരിടും. തെലങ്കാന തമിഴ്‌നാട് ക്വാര്‍ട്ടര്‍ രാത്രി ഏഴ് മണിക്ക് നടക്കും.
വെള്ളിയാഴ്ച്ച രാത്രി വനിതാ പോരാട്ടത്തില്‍ മഹാരാഷ്ട്രയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് കേരളം മൂന്നാം ജയം നേടിയത്. (25-12, 25-19, 25-11). ദുര്‍ബലരായ മഹാരാഷ്ട്രക്കെതിരേ അഞ്ജു ബാലകൃഷ്ണന്‍, എസ് രേഖ, അഞ്ജലി ബാബു എന്നിവരുടെ പ്രകടനം ശ്രദ്ധേയമായി.
പുരുഷന്മാരുടെ പൂള്‍ ബിയില്‍ റെയില്‍വേസ് മൂന്ന് മത്സരങ്ങളും ജയിച്ചാണ് ക്വാര്‍ട്ടറിലേക്ക് മുന്നേറിയത്. വെള്ളിയാഴ്ച്ച രാത്രി വൈകി നടന്ന മത്സരത്തില്‍ തമിഴ്‌നാടിന്റെ കടുത്ത വെല്ലുവിളി അതിജീവിച്ചാണ് മലയാളി താരം മനു ജോസഫ് നയിക്കുന്ന തീവണ്ടിപ്പട ഗ്രൂപ്പ് ചാംപ്യന്‍മാരായി ക്വാര്‍ട്ടര്‍ ഉറപ്പാക്കിയത്.
സ്‌കോര്‍: (25-21, 18-25, 25-22, 25-22). അന്താരാഷ്ട്ര താരം എസ് പ്രഭാകരന്റെ (കാക്ക) പരിചയസമ്പത്താണ് മുന്‍ ചാംപ്യന്‍മാര്‍ക്ക് തുണയായത്. ലിബറോ പി പ്രഭാകരനും സെറ്റര്‍ വിപുല്‍ കുമാറും അവസരത്തിനൊത്തുയര്‍ന്നു. എ ആനന്ദരാജിന്റെ നേതൃത്വത്തിലുള്ള തമിഴ് സംഘത്തില്‍ ഇന്റര്‍നാഷണലുകളായ ഷെല്‍ട്ടണ്‍ മോസസും ജി ആര്‍ വൈഷ്ണവും അണിനിരന്നിരുന്നു.

 

 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.