2019 July 16 Tuesday
മടിയന്മാരുടെയും മൂഢന്മാരുടെയും പ്രവൃത്തി ദിവസം എന്നും നാളെയായിരിക്കും

കേരളത്തിന്റെ ജലസമ്പത്ത്: സര്‍ക്കാരിന്റെ പക്കല്‍ കണക്കില്ല

#ബാസിത് ഹസന്‍

 

തൊടുപുഴ: സംസ്ഥാനത്തിന്റെ ജലസമ്പത്ത് സംബന്ധിച്ച് സര്‍ക്കാരിന്റെ പക്കല്‍ വ്യക്തമായ കണക്കില്ല. അന്തര്‍സംസ്ഥാന നദീജല പ്രശ്‌നങ്ങള്‍ നിരന്തരം കോടതി വ്യവഹാരങ്ങളാകുന്ന സാഹചര്യത്തില്‍ സ്വന്തം ജലസമ്പത്തിന്റെ കൃത്യമായ കണക്ക് കൈയിലില്ലാതെ പലപ്പോഴും കേരളം വെള്ളംകുടിക്കുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത്. ജലവിനിയോഗം സംബന്ധിച്ച് ജലവിഭവവകുപ്പും കെ.എസ്.ഇ ബോര്‍ഡും തമ്മില്‍ പല തര്‍ക്കങ്ങളും നിലനില്‍ക്കുന്നുണ്ട്.

1997 – 99ല്‍ കേരളത്തിലെ ജലസമ്പത്ത് സംബന്ധിച്ച് സി.ഡബ്ല്യു.ആര്‍.ഡി.എം പഠനം നടത്തിയിരുന്നു. ഓരോ ജലസ്രോതസിലും ഓരോ കാലാവസ്ഥയിലും ഉണ്ടാകുന്ന ജലലഭ്യത കണക്കിലെടുത്താണ് അന്ന് റിപ്പോര്‍ട്ട് തയാറാക്കിയത്. വീട്, കന്നുകാലികളുടെ ഉപയോഗം, കൃഷി, വ്യവസായ ഉപയോഗം തുടങ്ങിയവയും റിപ്പോര്‍ട്ടില്‍ പരമാമര്‍ശിച്ചിട്ടുണ്ട്.

സി.ഡബ്ല്യു.ആര്‍.ഡി.എം ഉപരിതല ജല വിഭാഗം മേധാവി ആയിരുന്ന ഡോ. ഇ. ജെ. ജെയിംസിന്റെ നേതൃത്വത്തില്‍ ശാസ്ത്രജ്ഞരായ ഡോ. എ.ബി. അനിത, ഡോ. കെ.ഇ. ശ്രീധരന്‍, ഡോ. പി.എസ്. ഹരികുമാര്‍, ഡോ. എം.ആര്‍. വേണുഗോപാല്‍ എന്നിവരാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. ആകെയുള്ള വെള്ളത്തിന്റെ കണക്ക് ഈ റിപ്പോര്‍ട്ടില്‍ അപൂര്‍ണമാണെന്ന് അന്നേ വിലയിരുത്തലുണ്ടായിരുന്നു. മാത്രവുമല്ല, പിന്നീട് ജലസമ്പത്തിന്റെ ഘടനയില്‍ കാര്യമായ മാറ്റവും ഉണ്ടായിട്ടുണ്ട്. മഴയുടെ അളവിലുണ്ടായ വലിയ മാറ്റം ജലസമ്പത്തിനെ ബാധിച്ചിട്ടുണ്ട്.

അതേസമയം ജലസമ്പത്ത് സംബന്ധിച്ച ജലവിഭവ വകുപ്പിന്റെ കണക്കെടുപ്പ് പാതിവഴിയില്‍ നിലച്ചു. സംസ്ഥാനത്തെ 44 നദികള്‍, അവയുടെ പോഷക നദികള്‍, ഇന്ത്യയിലെ ഏറ്റവും വലിയ തണ്ണീര്‍ത്തട കോള്‍നിലമായ വേമ്പനാട്ടു കായല്‍, അഷ്ടമുടിക്കായല്‍, അണക്കെട്ടുകള്‍, തണ്ണീര്‍തടങ്ങള്‍, വലിയ കുളങ്ങള്‍, വലിയ തോടുകള്‍ എന്നിവയിലെ വെള്ളത്തിന്റെ ആകെ കണക്ക് ശേഖരിക്കാനാണ് ജലവിഭവവകുപ്പ് രണ്ടുവര്‍ഷം മുമ്പ് നടപടി തുടങ്ങിയത്. നാഷണല്‍ റിമോട്ട് സെന്‍സിങ് സാറ്റലൈറ്റിന്റെ സഹായത്തോടെ കണക്കെടുപ്പ് നടത്താനായിരുന്നു തീരുമാനം. ഡല്‍ഹി ഐ.ഐ.ടി, പൂനെ ദേശീയ ജല അക്കാദമി എന്നീ ഏജന്‍സികള്‍ ഉദ്യോഗസ്ഥര്‍ക്ക് കണക്കെടുപ്പില്‍ പ്രാഥമിക പരിശീലനം നല്‍കുകയും ചെയ്തു. സുപ്രിം കോടതിയുടെ പരിഗണനയിലിരിക്കുന്നതിനാല്‍ മുല്ലപ്പെരിയാര്‍, കാവേരി നദികളെ കണക്കെടുപ്പില്‍ ഉള്‍പ്പെടുത്തേണ്ടെന്നായിരുന്നു തീരുമാനം. കാവേരിയുടെ പോഷക നദിയാണ് കേരളത്തിലൂടെ കിഴക്കോട്ട് ഒഴുകുന്ന പാമ്പാര്‍. അതേസമയം പറമ്പിക്കുളം – ആളിയാര്‍ അണക്കെട്ടുകളെ കണക്കെടുപ്പില്‍ ഉള്‍പ്പെടുത്താനും തീരുമാനിച്ചിരുന്നു.

ജല ലഭ്യതയും ഉപഭോഗവും പരിഗണിക്കുമ്പോള്‍ കേരളത്തിന് ആവശ്യമായ ജലം നദികളിലില്ലെന്നാണ് പമ്പ, അച്ചന്‍കോവില്‍, മൂവാറ്റുപുഴ, മീനച്ചില്‍, മണിമല ആറുകളില്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്. കേരളത്തിന്റെ ഉപഭോഗവുമായി താരതമ്യം ചെയ്യുമ്പോള്‍ മൂവാറ്റുപുഴ ആറ്റില്‍ 1671, മീനച്ചിലാറ്റില്‍ 203, മണിമല ആറ്റില്‍ 398, അച്ചന്‍കോവില്‍ ആറ്റില്‍ 459, പമ്പയില്‍ 3537 മില്യണ്‍ ക്യുബിക് മീറ്റര്‍ വെള്ളത്തിന്റെ കുറവ് ഒരു വര്‍ഷം അനുഭവപ്പെടുന്നുണ്ട്. ജലവിനിയോഗം സംബന്ധിച്ച് ജലവിഭവവകുപ്പും വൈദ്യുതി ബോര്‍ഡും തമ്മില്‍ നിലനില്‍ക്കുന്ന ചില തര്‍ക്കങ്ങള്‍ക്ക് പരിഹാരമുണ്ടാക്കാനും കണക്കെടുപ്പ് അനിവാര്യമാണ്. കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയിലിരിക്കുന്ന നദീസംയോജന പദ്ധതി നടപ്പിലാക്കുകയാണെങ്കിലും ജലസമ്പത്തിന്റെ കണക്ക് കൂടിയേതീരൂ. കണക്കെടുപ്പിന്റെ ആവശ്യകത സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് ജലവിഭവ വികസന വിനിയോഗ കേന്ദ്രം (സി.ഡ.ബ്ല്യു.ആര്‍.ഡി.എം) സര്‍ക്കാരിന് സമര്‍പ്പിച്ചിരുന്നു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.