2019 July 20 Saturday
നിങ്ങളുടെ അമ്മയോട് സംസാരത്തില്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ ഉപയോഗിക്കരുത്. നിങ്ങളെ സംസാരിക്കാന്‍ പഠിപ്പിച്ചത് ആ അമ്മയാണെന്ന് മറക്കരുത്.

കേരളം- റെയില്‍വേസ് സൂപ്പര്‍ ഫിനാലെ

  • ഫൈനല്‍ ഇന്ന്
  • ദേശീയ സീനിയര്‍ വോളിബോളില്‍ കേരളത്തിന്റെ പുരുഷ, വനിതാ ടീമുകള്‍ റെയില്‍വേസുമായി ഫൈനലില്‍ ഏറ്റുമുട്ടും
  • സെമിയില്‍ കേരള പുരുഷ ടീം തമിഴ്‌നാടിനേയും റെയില്‍വേസ് വനിതാ ടീം മഹാരാഷ്ട്രയേയും വീഴ്ത്തി
രഞ്ജിത്ത് തൃക്കുറ്റിശ്ശേരി

കോഴിക്കോട്: ഇത്തവണയും അട്ടിമറികളൊന്നും സംഭവിച്ചില്ല. കേരളത്തിന്റെ വനിതകള്‍ക്ക് പിന്നാലെ പുരുഷന്‍മാരും ദേശീയ സീനിയര്‍ വോളിബോള്‍ ചാംപ്യന്‍ഷിപ്പിന്റെ ഫൈനലിലേക്ക് മുന്നേറി. വനിതാ വിഭാഗത്തില്‍ മഹാരാഷ്ട്രയെ വീഴ്ത്തി റെയില്‍വേസും കലാശപ്പോരിലേക്ക് കടന്നതോടെ കഴിഞ്ഞ തവണത്തെ ആവര്‍ത്തനമായി പുരുഷ, വനിതാ പോരാട്ടങ്ങള്‍ മാറി. ഇന്ന് നടക്കുന്ന ഫൈനലില്‍ കേരളത്തിന്റെ പുരുഷ, വനിതാ ടീമുകള്‍ റെയില്‍വേസ് ടീമുകളെ നേരിടും. 

കഴിഞ്ഞ വര്‍ഷം സെമിയില്‍ തമിഴ്‌നാടിനെ തന്നെ കീഴടക്കിയാണ് കേരളം ഫൈനലിലേക്ക് കുതിച്ചതെങ്കില്‍ വനിതകളും തമിഴ് വീര്യത്തെ നിഷ്പ്രഭമാക്കിയാണ് ഇത്തവണ മുന്നേറിയത്. റെയില്‍വേസിന്റെ പുരുഷ ടീം സര്‍വിസസിനെ വീഴ്ത്തിയപ്പോള്‍ വനിതാ ടീം മഹാരാഷ്ട്രയയെയാണ് പരാജയപ്പെടുത്തിയത്. കഴിഞ്ഞ തവണയും മഹാരാഷ്ട്രയുടെ വനിതാ ടീം സെമിയിലെത്തിയിരുന്നു. അന്ന് കേരളമാണ് അവരെ മടക്കിയത്.
വനിതാ പോരാട്ടത്തില്‍ ഇത് തുടര്‍ച്ചയായി പത്താം തവണയാണ് കേരളവും റെയില്‍വേസും ഫൈനലില്‍ ഏറ്റുമുട്ടാനൊരുങ്ങുന്നത്. പത്ത് തവണയും കിരീട ഭാഗ്യം കനിയാത്ത കേരളത്തിന്റെ പെണ്‍ പട ഇത്തവണ സ്വന്തം നാട്ടില്‍ തന്നെ ചരിത്രം തിരുത്തുമോ എന്ന് കണ്ടറിയാം. പുരുഷ വിഭാഗത്തില്‍ കഴിഞ്ഞ വര്‍ഷത്തെ തോല്‍വിക്ക് കണക്കു തീര്‍ക്കാനൊരുങ്ങിയാണ് റെയില്‍വേസ് ഇറങ്ങുന്നതെങ്കില്‍ കേരള ടീം കിരീടം നിലനിര്‍ത്താനായാണ് സ്വന്തം മണ്ണില്‍ പോരിനിറങ്ങുന്നത്.

 

കരുത്തോടെ കേരളം

നിറഞ്ഞു കവിഞ്ഞ ഗാലറിയെ സാക്ഷിയാക്കിയാണ് കേരളം ജയിച്ചു കയറിയത്. കേരള താരങ്ങള്‍ക്ക് ആവേശം നല്‍കും തരത്തില്‍ സ്മാഷുകള്‍ക്കും പ്രതിരോധ മികവിനും ഗാലറി ആര്‍പ്പുവിളികളുമായി നിറഞ്ഞപ്പോള്‍ സെറ്റ് പോയിന്റുകള്‍ നിര്‍ണയിക്കുന്ന ഘട്ടങ്ങളില്‍ ആതിഥേയ ടീം ഉജ്ജ്വലമായി കളിച്ചു. വെല്ലുവിളിയാകുമെന്ന് പ്രതീക്ഷിക്കപ്പെട്ട തമിഴ്‌നാടിന്റെ കരുത്തിനെ മികച്ച കളിയിലൂടെ തകര്‍ത്താണ് 66ാം ദേശീയ വോളിയുടെ ഫൈനലിലേക്ക് കേരളത്തിന്റെ പുരുഷ കേസരികള്‍ കുതിച്ചെത്തിയത്. മൂന്ന് സെറ്റ് മാത്രം നീണ്ട പോരാട്ടത്തില്‍ 25-22, 30-28, 25-22 എന്ന സ്‌കോറിനാണ് കേരളത്തിന്റെ വിജയം. മൂന്ന് സെറ്റിലും തിരിച്ചുവരാനുള്ള എല്ലാ ശ്രമങ്ങളും തമിഴ്‌നാട് നടത്തിയെങ്കിലും മികച്ച ടീം വര്‍ക്കിലൂടെ അവരുടെ പോരാട്ടം വീര്യം കെടുത്തിയാണ് കേരളം മുന്നേറിയത്.
പോയിന്റുകള്‍ തുടരെ വാരിയാണ് കേരളം തുടങ്ങിയത്. ആദ്യ സെറ്റിന്റെ തുടക്കത്തില്‍ നാല് തുടര്‍ പോയിന്റുകളുമായി കേരള ടീമിന്റെ കുതിപ്പ്. പതിയെ മത്സരത്തിലേക്കെത്തിയ തമിഴ്‌നാട് പിന്നീട് പൊരുതി കയറിയതോടെ മത്സരം ആവേശകരമായി. ഇഞ്ചോടിഞ്ചായതോടെ ക്യാപ്റ്റന്‍ ജെറോം വിനീത്, അജിത് ലാല്‍, അഖിന്‍, വിബിന്‍ ജോര്‍ജ് എന്നിവരുടെ സമയോചിത ഇടപെടലുകള്‍ കേരളത്തിന് നേരിയ മുന്‍തൂക്കം നല്‍കി. മറുഭാഗത്ത് ഷെല്‍റ്റന്‍ മോസസും ക്യാപ്റ്റന്‍ ആനന്ദ് രാജും പ്രവീണ്‍ കുമാറും തിരിച്ചടിക്ക് നേതൃത്വം നല്‍കി. പ്രവീണ്‍ കുമാറിന്റെ ഇടിവെട്ട് സര്‍വുകള്‍ കാണികള്‍ കൈയടികളോടെ എതിരേറ്റു. 24-18 എന്ന നിലയില്‍ കേരളം മുന്നില്‍ എത്തി. ഒരു പോയിന്റ് മാത്രമേ സെറ്റ് പിടിക്കാന്‍ കേരളത്തിന് ആവശ്യമുണ്ടായിരുന്നുള്ളു. എന്നാല്‍ തുടരെ നാല് പോയിന്റുകള്‍ പിടിച്ചെടുത്ത് തമിഴ്‌നാടിന്റെ മിന്നല്‍ തിരിച്ചുവരവ്. സ്‌കോര്‍ 24-22ല്‍ നില്‍ക്കേ തൊട്ടടുത്ത സെര്‍വില്‍ പോയിന്റ് സ്വന്തമാക്കി കേരളം ആദ്യ സെറ്റ് 25-22ന് സുരക്ഷിതമായി സ്വന്തമാക്കി.
രണ്ടാം സെറ്റിന്റെ തുടക്കം മുതല്‍ തമിഴ്‌നാടിന്റെ വെല്ലുവിളി കണ്ടു. ഈ ഘട്ടത്തില്‍ കേരളം അനവധി പിഴവുകള്‍ വരുത്തിയത് മുതലാക്കി തമിഴ്‌നാട് അടിക്ക് തിരിച്ചടിയെന്ന നിലയില്‍ നിന്നതോടെ ആവേശം അതിന്റെ മൂര്‍ധന്യത്തിലേക്ക്. ഇടയ്ക്ക് കേരളത്തെ പിന്നിലാക്കി പോയിന്റ് വേട്ടയില്‍ മുന്നിലെത്താനും തമിഴ്‌നാടിന് സാധിച്ചു. സ്‌കോര്‍ 19-21 എന്ന നിലയില്‍ രണ്ട് പോയിന്റിന് പിന്നില്‍ നില്‍ക്കേ മുത്തുസ്വാമിയെ പിന്‍വലിച്ച് രോഹിതിനെ ഇറക്കി കളിച്ച തന്ത്രം ഫലം കണ്ടു. മിന്നല്‍ സ്മാഷിലൂടെ രണ്ട് വിലപ്പെട്ട പോയിന്റുകള്‍ നേടി രോഹിതിന്റെ മികവില്‍ നില വീണ്ടെടുത്ത കേരളം പോയിന്റ് 22-22 എന്ന സ്ഥിതിയിലാക്കി. എങ്കിലും കൊണ്ടും കൊടുത്തും ഇരു ടീമുകളും തകര്‍പ്പന്‍ ഫോമില്‍ കളിച്ചു. മത്സരം 25 പോയിന്റിലും തീരാതെ മുന്നോട്ട്. ഇടയ്ക്ക് വീണ്ടും തമിഴ്‌നാട് പോയിന്റ് നിലയില്‍ കേരളത്തെ പിന്നിലാക്കി. ഈ ഘട്ടത്തില്‍ അഖിന്‍ നടത്തിയ മികച്ച പ്രകടനം കേരളത്തിന് തുണയായി. സ്‌കോര്‍ 28-28ല്‍ നില്‍ക്കേ അജിത് ലാലിന്റെ സ്മാഷില്‍ ഒരു പോയിന്റെടുത്ത കേരളം തൊട്ടടുത്ത നിമിഷം തമിഴ്‌നാടിന്റെ സ്മാഷ് പിഴവില്ലാതെ ബ്ലോക്ക് ചെയ്ത് സെറ്റ് 30-28ന സ്വന്തമാക്കി.
മൂന്നാം സെറ്റിനിറങ്ങുമ്പോള്‍ തമിഴ്‌നാട് താരങ്ങളുടെ ആത്മവിശ്വാസത്തിന് ക്ഷതമേറ്റ അവസ്ഥയിലായിരുന്നു. എങ്കിലും അവര്‍ വീര്യം കെടാതെ തന്നെ പൊരുതി നിന്നു. തുടക്കത്തിലെ പതിഞ്ഞ അവസ്ഥയ്ക്ക് മാറ്റം വരുത്തി ആനന്ദ് രാജ്, വൈഷ്ണവ് എന്നിവരുടെ കരുത്തുറ്റ പ്രകടന ബലത്തില്‍ അവര്‍ തിരിച്ചെത്തിയതോടെ മത്സരം വീണ്ടും മുറുകി. പോയിന്റ് നില 16-16ല്‍ നില്‍ക്കേ പിന്നീട് കേരളം നടത്തിയ മുന്നേറ്റം മൂന്നാം സെറ്റിന്റെ ഗതി നിര്‍ണയിക്കുന്ന തരത്തിലായി. ലീഡ് നില താഴാതെ സൂക്ഷിച്ച കേരളം ഒടുവില്‍ സെറ്റ് 25-22ന് പിടിച്ചെടുത്ത് സുരക്ഷിതമായി ഫൈനല്‍ ബര്‍ത്ത് ഉറപ്പിച്ചു.

 

യഥാര്‍ഥ പരീക്ഷണം

കേരളത്തിന്റെ കരുത്ത് ഇന്നാണ് യഥാര്‍ഥത്തില്‍ പരീക്ഷിക്കപ്പെടുന്നത്. ടൂര്‍ണമെന്റിലുടനീളം മികവോടെ കളിച്ച റെയില്‍വേസിന്റെ അതി ശക്തമായ ടീമിനെയാണ് കിരീടം നിലനിര്‍ത്താനൊരുങ്ങുന്ന കേരളത്തിന് നേരിടേണ്ടത്. കഴിഞ്ഞ തവണത്തെ ഫൈനലിന്റെ ആവര്‍ത്തനമാണിന്ന്. മികച്ച ഫോമില്‍ നില്‍ക്കുന്ന റെയില്‍വേസിന്റെ പ്രഭാകരന്റെ മികവ് കേരളത്തിന് തലവേദനയാകും. ഒപ്പം കെ രാഗുല്‍, വിപുല്‍ കുമാര്‍, പിറൈ സൂദന്‍ എന്നിവരുടെ സാന്നിധ്യവും അവര്‍ക്കുണ്ട്. പ്രതിരോധത്തിലെ പിഴവുകളും അനാവശ്യ സര്‍വിസ് പിഴവിലൂടെ എതിര്‍ ടീമിന് നല്‍കുന്ന പോയിന്റുകളുടെ എണ്ണം കുറയ്ക്കുന്ന കാര്യത്തിലും ആതിഥേയ ടീം ശ്രദ്ധ പതിപ്പിക്കേണ്ടതുണ്ട്. സെമിയില്‍ അഖിന്‍, വിബിന്‍ ജോര്‍ജ്, രോഹിത് എന്നിവര്‍ മികച്ച പ്രകടനം പുറത്തെടുത്തത് കേരളത്തിന് അധിക കരുത്ത് നല്‍കുന്നു. ലിബറോ രതീഷ് സി.കെയുടെ ചടുല നീക്കങ്ങളുമായുള്ള സാന്നിധ്യവും കേരളത്തിന് ഗുണമാണ്.

 

അനായാസം റെയില്‍വേസ് വനിതകള്‍

റെയില്‍വേസ് വനിതാ ടീമിന് കാര്യങ്ങള്‍ വളരെ എളുപ്പത്തില്‍ തീര്‍ക്കാന്‍ സാധിച്ചു. എതിരാളികളായ മഹാരാഷ്ട്ര ഒരു വെല്ലുവിളിയും ഇല്ലാതെ കീഴടങ്ങിയപ്പോള്‍ തുടര്‍ച്ചയായി പത്താം തവണയും കേരളവുമായി ഫൈനല്‍ പോരാട്ടത്തിന് അവര്‍ ഒരുങ്ങി. സ്‌കോര്‍: 25-8, 25-14, 25-18.
മലയാളി താരം മിനിമോള്‍ എബ്രഹാമിന്റെ മികച്ച പ്രകടനത്തിന്റെ ബലത്തിലാണ് റെയില്‍വേസിന്റെ കുതിപ്പ്. പൂര്‍ണിമ, പ്രിയങ്ക ബോറ, നിര്‍മല്‍ എന്നിവരുടെ മികവും ടീമിന്റെ മുന്നേറ്റത്തില്‍ പ്രതിഫലിച്ചു. മറുഭാഗത്ത് ചില മിന്നല്‍ നീക്കങ്ങള്‍ നടത്തിയതൊഴിച്ചാല്‍ മഹാരാഷ്ട്ര കാര്യമായ വെല്ലുവിളികളൊന്നും ഇല്ലാതെ തന്നെ കീഴടങ്ങി.

 

 

 

 

 

 

 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News