2019 August 24 Saturday
സുഹൃത്തുക്കളോടു നന്നായി പെരുമാറുക; അവര്‍ നിങ്ങളോടു കൂടുതല്‍ അടുക്കും. ശത്രുക്കളോടും നന്നായി പെരുമാറുക;അവരെ നേടാന്‍ നിങ്ങള്‍ക്കു കഴിയും.

കേരളം കണ്ട കലാപങ്ങള്‍

പരസ്പരം കലഹിക്കുന്ന അനേകം നാട്ടുരാജ്യങ്ങള്‍ മാത്രമായിരുന്നു സ്വാതന്ത്ര്യത്തിനു മുമ്പ് നമ്മുടെ ഇന്ത്യ. അറബി രാജ്യങ്ങളുമായുള്ള സുദീര്‍ഘമായ വ്യാപാര ബന്ധം നമ്മുടെ രാജ്യത്തിന്റെ പ്രസിദ്ധി കടല്‍കടത്തി. അതോടെ ഡച്ചുകാരും പോര്‍ച്ചുഗീസ്, ഫ്രഞ്ച്, ബ്രിട്ടീഷ് ഭരണാധികാരികളും കച്ചവടത്തിനായി ഇവിടേക്കു വന്നു. കച്ചവടത്തിനായി വന്ന വൈദേശികര്‍ ഇന്ത്യയുടെ മേല്‍ ആധിപത്യം നേടി. ബ്രസീലിലേക്ക് ശ്രദ്ധതിരിഞ്ഞതും ആല്‍ബുക്കര്‍ക്കിന്റെ നയങ്ങളും പോര്‍ച്ചുഗീസ് ഭരണത്തിന് അറുതി വരുത്തിയപ്പോള്‍ ഇംഗ്ലീഷുകാരുടെ വെല്ലുവിളിയും ഈസ്റ്റിന്‍ഡീസിനോടുള്ള താല്‍പര്യവും ഡച്ചുകാരേയും കടല്‍ കടത്തി.

ഫ്രഞ്ചുകാരാകട്ടെ ഇംഗ്ലീഷുകാരുടെ സൈന്യബലത്തിനു മുന്നില്‍ അടിപതറി. മാത്രമല്ല ഫ്രഞ്ചുഗവര്‍മെന്റിന്റെ ശ്രദ്ധമുഴുവന്‍ യൂറോപ്പിലായിരുന്നു. ഇതോടെ ഈസ്റ്റിന്ത്യാ കമ്പനിയുമായി വന്ന ഇംഗ്ലീഷുകാര്‍ ഇന്ത്യയുടെ മേല്‍ സമഗ്രാധിപത്യം നേടി. ഭയപ്പെടുത്തിയും ഭിന്നിപ്പിച്ചും നാട്ടുരാജ്യങ്ങള്‍ ഓരോന്നായി അവര്‍ കമ്പനിയോട് കൂട്ടിച്ചേര്‍ത്തു. തദ്ദേശീയരോട് കടുത്ത അവഗണനയും അനീതിയും ദ്രോഹമനോഭാവവും വച്ചുപുലര്‍ത്തി. അതോടൊപ്പം ജനങ്ങളുടെ മേല്‍ നികുതിവ്യവസഥകളും അടിച്ചേല്‍പ്പിച്ചു. അന്യായം കൊണ്ടു പൊറുതിമുട്ടിയ ജനങ്ങള്‍ സംഘശക്തിയായി മാറി. ഒറ്റപ്പെട്ടും കൂട്ടമായും തുടങ്ങിയ പോരാട്ടങ്ങള്‍ ഇന്ത്യയിലൊട്ടാകെ പരന്നൊഴുകി.

സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള മോഹം നമ്മുടെ കൊച്ചുകേരളത്തേയും പിടിച്ചുകുലുക്കി. അനേകം പേര്‍ക്ക് ജീവന്‍ നഷ്ടമായി. രാജ്യത്തിനും ഭാവി തലമുറയ്ക്കു വേണ്ടിയും അവര്‍ രക്തസാക്ഷികളായി. അവര്‍ നയിച്ച ഏതാനും പോരാട്ടങ്ങളെക്കുറിച്ച് വായിക്കാം.

ആറ്റിങ്ങല്‍ കലാപം

ബ്രിട്ടനെതിരെ ഇന്ത്യയില്‍ നടന്ന ആദ്യത്തെ സംഘടിത പ്രക്ഷോഭമാണിത്. കുരുമുളക് കച്ചവടത്തിന്റെ പേരില്‍ തദ്ദേശവാസികളും ബ്രിട്ടീഷ് വ്യാപാരികളും തമ്മില്‍ അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നതിനിടെ ആറ്റിങ്ങല്‍ റാണിയെ പ്രീതിപ്പെടുത്താനായി വിലപ്പെട്ട സമ്മാനങ്ങള്‍ നല്‍കി വന്നിരുന്ന ബ്രിട്ടീഷ് പാരമ്പര്യത്തെ ചോദ്യം ചെയ്തതാണ് കലാപത്തിന് പെട്ടെന്നുണ്ടായ കാരണം. ആറ്റിങ്ങല്‍ റാണിക്ക് നല്‍കി വന്നിരുന്ന ഉപഹാരങ്ങള്‍ തങ്ങള്‍ മുഖേന ആകണമെന്ന് ആ പ്രദേശത്തെ പ്രമാണിമാരായ പിള്ളമാരുടെ ആവശ്യം ബ്രിട്ടീഷ് വ്യാപാരി നേതാവായ ഗിഫോള്‍ഡ് നിരസിക്കുകയും ആറ്റിങ്ങല്‍ റാണിക്കുള്ള സമ്മാനങ്ങള്‍ നേരിട്ട് സമര്‍പ്പിക്കാന്‍ ഒരു സംഘവുമായി പുറപ്പെടുകയും ചെയ്തു.
ഇതറിഞ്ഞ തദ്ദേശവാസികള്‍ സംഘടിക്കുകയും 140 പേരടങ്ങുന്ന ബ്രിട്ടീഷ് സംഘത്തെ ആക്രമിച്ച് കൊലപ്പെടുത്തുകയും ചെയ്തു. സംഭവത്തിനു ശേഷം അഞ്ചുതെങ്ങിലെ ബ്രിട്ടീഷ് കോട്ടവളയുകയും നാശനഷ്ടങ്ങള്‍ വരുത്തുകയും ചെയ്തു.

1721 ലാണ് കലാപം നടക്കുന്നത്. തിരുവനന്തപുരത്തെ ആറ്റിങ്ങലിനടുത്തുള്ള അഞ്ചുതെങ്ങില്‍വച്ചാണ് ഏറ്റുമുട്ടല്‍ നടന്നതെങ്കിലും ആറ്റിങ്ങല്‍ കലാപം എന്നാണ് സംഭവം അറിയപ്പെടുന്നത്. ഈ കലാപത്തിനു ശേഷം ആറ്റിങ്ങല്‍ റാണിയും ബ്രിട്ടീഷുകാരും തമ്മിലുണ്ടാക്കിയ ഉടമ്പടി പ്രകാരം ബ്രിട്ടീഷുകാര്‍ക്ക് കുരുമുളകു കച്ചവടത്തിന്റെ കുത്തകയും ഇഷ്ടമുള്ള സ്ഥലങ്ങളില്‍ കച്ചവടശാലകള്‍ പണിയാനുള്ള അനുമതിയും ലഭിച്ചു.

പഴശ്ശി കലാപം

ബ്രിട്ടീഷുകാരും പഴശ്ശിരാജാവും തമ്മിലുള്ള സൗഹൃദം, 1793 ല്‍ പഴശ്ശിരാജാവിന്റെ അമ്മാവനായ കുറുമ്പ്രനാട്ടുരാജാവിന് കോട്ടയം പ്രദേശത്തെ നികുതി പിരിക്കാനുള്ള അവകാശം നല്‍കിയതോടെ അവസാനിച്ചു. ഇതോടെ പഴശ്ശി രാജാവ് ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാട്ടം തുടങ്ങി. ചെമ്പന്‍ പോക്കര്‍, കൈതേരി അമ്പുനായര്‍, എടച്ചേന കുങ്കന്‍ നായര്‍, തലയ്ക്കല്‍ ചന്തു തുടങ്ങിയ വിശ്വസ്തരുടെ സഹായത്തോടെ വയനാടന്‍ മലകളില്‍ അദ്ദേഹം ഒളിപ്പോരാട്ടത്തിനു നേതൃത്വം കൊടുത്തു.

ഗോത്രവര്‍ഗക്കാരുടെ പിന്തുണയോടെ ബ്രിട്ടീഷ് സൈന്യത്തിനു കനത്ത ആഘാതം ഏല്‍പ്പിക്കാന്‍ പഴശ്ശിക്കായി. നാല് വര്‍ഷത്തോളം നീണ്ട പോരാട്ടത്തിനൊടുവില്‍ 1797ല്‍ ബ്രിട്ടീഷ് സൈന്യം പഴശ്ശിരാജാവുമായി സന്ധി ചെയ്യുകയും ഇതിലൂടെ പ്രതിവര്‍ഷം എട്ടായിരം രൂപ ലഭിക്കുകയും ചെയ്തു. ഈ ഉടമ്പടിയോടെ ഒന്നാം പഴശ്ശികലാപം അവസാനിച്ചു. മൈസൂര്‍ യുദ്ധങ്ങളില്‍ ഇംഗ്ലീഷുകാര്‍ക്കൊപ്പംനിന്ന പഴശ്ശി രാജാവ് നാലാം മൈസൂര്‍ യുദ്ധത്തോടെ ബ്രിട്ടീഷുകാരോട് ഇടഞ്ഞു.

യുദ്ധത്തോടെ മൈസൂര്‍ സാമ്രാജ്യം മുഴുവന്‍ ബ്രിട്ടീഷ് അധീനതയിലായി. ഇതില്‍ ടിപ്പു കീഴടക്കിയ വയനാടും വരുമായിരുന്നു. വയനാടിന് വേണ്ടി പഴശ്ശിരാജാവ് ബ്രിട്ടീഷ്‌കാരോട് പോരാട്ടം തുടങ്ങി. പഴശ്ശിയുടെ ഒളിപ്പോരിനെ നേരിടാന്‍ തന്ത്രങ്ങളൊരുക്കി. ഇതിന്റെ ഭാഗമായി കാട് വെട്ടിത്തെളിച്ച് റോഡ് പണിയുകയും വിവിധ പ്രദേശങ്ങളില്‍ കാവലൊരുക്കുകയും ചെയ്തു. പഴശ്ശിരാജാവിനും സംഘത്തിനും ഭക്ഷ്യവസ്തുക്കള്‍ ലഭ്യമാകാതിരിക്കാനുള്ള വഴികള്‍ അടച്ചു. ഇതിനെ തുടര്‍ന്ന് 1805 നവംബര്‍ 30ന് മൈസൂരിനടുത്ത മാവിലത്തോട് അരുവിക്കരയില്‍നിന്ന് ഒറ്റുകാരുടെ സഹായത്തോടെ പഴശ്ശിരാജാവിന്റെ സങ്കേതം കണ്ടെത്താന്‍ ബ്രിട്ടീഷുകാര്‍ക്കായി. പിന്നീട് നടന്ന ഏറ്റുമുട്ടലില്‍ പഴശ്ശിരാജാവ് മരണപ്പെട്ടു.

ദളവാ കലാപം

തിരുവിതാംകൂറിലെ റസിഡന്റായിരുന്ന കേണല്‍ മെക്കാളെയുടെ നിര്‍ദ്ദേശപ്രകാരം തലക്കുളത്തെ കാര്യക്കാരനായിരുന്ന വേലുത്തമ്പിക്ക് (വേലായുധന്‍ ചെമ്പക രാമന്‍ തമ്പി) ആ പ്രദേശത്തെ രാജാവായ അവിട്ടം തിരുനാള്‍ ബാലരാമവര്‍മ്മ മഹാരാജാവ് ദളവാപദവി നല്‍കുകയുണ്ടായി. ഇതിനു കാരണമായത് ആ കാലത്തെ ജയന്തന്‍ ശങ്കരന്‍ നമ്പൂതിരിയെന്ന ദളവയുടെ ദുര്‍ഭരണത്തിനെതിരെ വേലുത്തമ്പി സംഘടിപ്പിച്ച നാട്ടുകൂട്ടം ഇളക്കം എന്ന ജനകീയ പ്രക്ഷോപമായിരുന്നു.

ബ്രിട്ടീഷുകാര്‍ ദളവയുടെ ആഭ്യന്തരകാര്യങ്ങളില്‍ നിരന്തരം ഇടപെട്ടു. ഖജനാവിലേക്ക് ലഭിക്കേണ്ട സാമ്പത്തിക ലാഭത്തിന് എതിര്‍നില്‍ക്കുകയും തിരുവിതാംകൂര്‍ രാജാവ് സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന സമയത്ത് തന്നെ കമ്പനിക്കു നല്‍കാനുണ്ടായിരുന്ന കപ്പ കുടിശ്ശിക അടച്ചു തീര്‍ക്കണമെന്ന് ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു. ഇതോടെ വേലുത്തമ്പി ബ്രിട്ടീഷുകാര്‍ക്കെതിരെ കലാപത്തിനൊരുങ്ങി.
ബ്രിട്ടീഷുകാരുമായി ശത്രുതയില്‍ കഴിഞ്ഞിരുന്ന കൊച്ചിയിലെ പ്രധാന മന്ത്രി പാലിയത്തച്ചന്റെ സഹായത്തോടെ ആയുധങ്ങള്‍ ശേഖരിക്കുകയും കൊച്ചിയിലുള്ള ബ്രിട്ടീഷ് റസിഡന്റ് വസതി ആക്രമിക്കുകയും ചെയ്തു. കലാപകാരികള്‍ കൊച്ചിയിലെ തടവുകാരെ സ്വതന്ത്രരാക്കിയതോടെ ബ്രിട്ടീഷുകാര്‍ കലാപം അമര്‍ച്ച ചെയ്യാനുള്ള പദ്ധതികള്‍ ആവിഷ്‌ക്കരിച്ചു. 1809 ല്‍ വേലുത്തമ്പി ദളവ തന്റെ ആസ്ഥാനം കുണ്ടറയിലേക്ക് മാറ്റുകയും അവിടെവച്ച് ബ്രിട്ടീഷുകാരെ ഉന്മൂലനം ചെയ്യാന്‍ ആഹ്വാനം ചെയ്യുന്ന കുണ്ടറ വിളംബരം പുറപ്പെടുവിക്കുകയും ചെയ്തു.

ജനങ്ങള്‍ ദളവയ്‌ക്കൊപ്പമായിരുന്നു. ഇതിനിടെ പാലിയത്തച്ചന്‍ ബ്രിട്ടീഷുകാരുമായി സന്ധി ചെയ്ത് പിന്മാറി. ഇതു വേലുത്തമ്പി ദളവയുടെ പോരാട്ടത്തിനേറ്റ ശക്തമായ ആഘാതമായി. ബ്രിട്ടീഷുകാര്‍ തിരുവിതാംകൂര്‍ രാജാവിനെ സ്വാധീനിച്ച് വേലുത്തമ്പി ദളവയെ സ്ഥാനഭ്രഷ്ടനാക്കിക്കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചു. ഒപ്പം ദളവയെ പിടിച്ചു കെട്ടാനുള്ള സമ്മതവും നല്‍കി. ഇതോടെ ദളവയ്ക്ക് ഏറെ നേരം പിടിച്ചു നില്‍ക്കാന്‍ സാധിച്ചില്ല. 1809 മാര്‍ച്ച് മാസത്തില്‍ ആത്മഹത്യ ചെയ്ത നിലയില്‍ അദ്ദേഹത്തിന്റെ ശരീരം കണ്ടെത്തി.

കുറിച്യ കലാപം

ബ്രിട്ടീഷുകാര്‍ക്കെതിരേ പടപൊരുതിയ പഴശ്ശിരാജാവിനെ ജീവന്‍ കൊടുത്ത് സഹായിച്ചവരായിരുന്നു തലയ്ക്കല്‍ ചന്തുവിന്റെ നേതൃത്വത്തിലുള്ള കുറിച്യര്‍. പഴശ്ശി കലാപത്തോടെ ഛിന്നഭിന്നമാക്കപ്പെട്ട ഈ ആദിവാസി വിഭാഗത്തെ രാജാവിനെ സഹായിച്ചെന്ന കുറ്റം ചുമത്തി ബ്രിട്ടീഷുകാര്‍ നിരന്തരം പീഢിപ്പിക്കുകയും നികുതി വ്യവസ്ഥകള്‍ അടിച്ചേല്‍പ്പിക്കുകയും ചെയ്തു.
വിളയുടെ ഒരു ഭാഗം നികുതിയായി നല്‍കിവന്നിരുന്ന ആദിവാസികള്‍ പുതിയ നിയമവ്യവസ്ഥ പ്രകാരം നികുതി പണമായി അടക്കേണ്ടി വന്നു. ഇതോടെ സഹികെട്ട കുറിച്യര്‍ സഹവിഭാഗമായ കുറുമരുമായി ചേര്‍ന്ന് ബ്രിട്ടീഷുകാര്‍ക്കെതിരേ കലാപം നയിച്ചു.
കലാപത്തിന് പരദേവതകളുടെ പിന്തുണയുണ്ടെന്ന് വിശ്വസിച്ച കലാപകാരികള്‍ വയനാട് മുഴുവന്‍ നിയന്ത്രണത്തിലാക്കുകയും ബ്രിട്ടീഷ് സൈന്യത്തെ ഉപദ്രവിക്കുകയും ചെയ്തു. ഇതോടെ ബ്രിട്ടീഷുകാര്‍ മൈസൂരില്‍നിന്നു സൈന്യത്തെ ഇറക്കി കലാപം അമര്‍ച്ച ചെയ്തു. 1812 മാര്‍ച്ചില്‍ ആരംഭിച്ച കുറിച്യകലാപം മെയ് മാസത്തോടെയാണ് അവസാനിച്ചത്.

കയ്യൂര്‍ സമരം

1941 മാര്‍ച്ച് 12 ന് കര്‍ഷകസംഘം പ്രവര്‍ത്തകര്‍ ബ്രിട്ടീഷ് സാമ്രാജ്യത്തിനും ജന്മിക്കുമെതിരായി മുദ്രാവാക്യം വിളിച്ചു കൊണ്ടു നടത്തിയ പ്രകടനമാണ് കയ്യൂര്‍ സമരത്തിനുണ്ടായ പ്രത്യക്ഷകാരണം. സംഭവത്തെ തുടര്‍ന്ന് അധികൃതര്‍ പ്രകടനക്കാര്‍ക്കുനേരെ നിയമക്കുരുക്കുകളൊരുക്കാന്‍ പദ്ധതികള്‍ തയാറാക്കി. രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ സംഭവവുമായി ബന്ധപ്പെട്ട് ഒരു പൊലിസുകാരന് കുത്തേറ്റു. ഇതോടെ പ്രവര്‍ത്തകര്‍ക്കു നേരെ പൊലിസ് മര്‍ദ്ദനമുറകള്‍ അഴിച്ചുവിട്ടു. ഏതാനും നേതാക്കളെ അറസ്റ്റ് ചെയ്തു. പ്രതിഷേധസൂചകമായി കര്‍ഷകസംഘം ഒരു പ്രതിഷേധ പ്രചരണ ജാഥ നടത്തി. ഇതിനിടയില്‍ ഒരു പൊലിസുകാരന്‍ കൊല്ലപ്പെടുകയുണ്ടായി. ഇതിനെത്തുടര്‍ന്ന് പൊലിസ് കയ്യൂര്‍ ഭാഗങ്ങളില്‍ വ്യാപക അതിക്രമങ്ങള്‍ അഴിച്ചുവിട്ടു. സംഭവവുമായി ബന്ധപ്പെട്ട് 61 പേരെ പൊലിസ് അറസ്റ്റ് ചെയ്തു. നാലു പ്രതികളെ തൂക്കിലേറ്റുന്നതിനും 19 പേര്‍ക്ക് തടവുശിക്ഷ നല്‍കുന്നതിനും കോടതി വിധിച്ചു.

കലാപം കണ്ട കൃതികള്‍

സൈഫുല്‍ ബത്താര്‍
മമ്പുറം സയ്യിദ് അലവി തങ്ങള്‍ എഴുതിയ കൊളോണിയല്‍ വിരുദ്ധ കൃതിയാണ് സൈഫുല്‍ ബത്താര്‍. ബ്രിട്ടീഷ് ഭരണത്തിനെതിരേയുള്ള ഫത്‌വ രൂപത്തിലുള്ള ഈ കൃതിക്ക് പ്രചോദനമായത് തങ്ങളുടെ സ്വദേശമായ മുട്ടിയറയില്‍ 1841 ല്‍ നടന്ന ബ്രിട്ടീഷ് വിരുദ്ധ കലാപമാണ്. സൈഫുല്‍ ബത്താര്‍ പുറത്തിറങ്ങിയതിന് ശേഷമാണ് 1843 ല്‍ ബ്രിട്ടീഷ് ജന്മി സഖ്യത്തിനെതിരെയുള്ള ചേറൂര്‍ കലാപം നടന്നത്.

നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി
സോമന്‍ എന്ന അപരനാമത്തില്‍ തോപ്പില്‍ ഭാസി എഴുതിയ നാടകമാണ് നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി.ഭൂവുടമകള്‍ക്കെതിരേ നടന്ന ശൂരനാട് കലാപത്തെത്തുടര്‍ന്ന് ഒളിവിലായപ്പോഴാണ് അദ്ദേഹം ഈ നാടകം എഴുതിയത്. ഒളിവിലെ ഓര്‍മകള്‍ എന്ന ആത്മകഥയിലും ആ കാലഘട്ടം തോപ്പില്‍ ഭാസി വിവരിച്ചിട്ടുണ്ട്.

മലബാര്‍ കലാപം

ഖിലാഫത് -നിസ്സഹകരണ പ്രസ്ഥാനങ്ങള്‍ക്കെതിരേ ബ്രിട്ടീഷ് ഭരണകൂടം നടത്തിയ അടിച്ചമര്‍ത്തലുകളാണ് മലബാര്‍ കലാപത്തിന് കാരണമായത്. ഒന്നാം ലോക മഹായുദ്ധത്തിനൊടുവില്‍ തുര്‍ക്കിയെ വിഭജിച്ചെടുക്കാനുള്ള ബ്രിട്ടീഷ് കൊളോണിയല്‍ ചിന്താഗതിക്കെതിരേ ലോകമെങ്ങും പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിന്റെ ചുവടുപിടിച്ച് തുര്‍ക്കി ഖലീഫയെ പിന്തുണയ്ക്കുക എന്ന ലക്ഷ്യത്തോടെ അലി സഹോദരന്മാരുടെ നേതൃത്വത്തില്‍ 1918 ല്‍ ഇന്ത്യയില്‍ ഖിലാഫത് കമ്മിറ്റി രൂപീകരിക്കപ്പെട്ടു. ഇതിനെ അനുകൂലിച്ച ഗാന്ധിജിയും അലിസഹോദരന്മാര്‍ക്കൊപ്പം ഇന്ത്യ മുഴുവന്‍ സഞ്ചരിച്ച് ഖിലാഫത് സന്ദേശം പ്രചരിപ്പിച്ചു.

ഈ കാലഘട്ടത്തില്‍ മലബാര്‍ അനേകം കര്‍ഷക ലഹളകള്‍ക്ക് സാക്ഷ്യം വഹിച്ചു. ഭൂവുടമകള്‍ കര്‍ഷകരുടെ അവകാശങ്ങളെ നിഷേധിക്കുകയും കുടിയായ്മ ഇല്ലാതാക്കുകയും ചെയ്തു. ഇതോടെ മലബാറിലെ മാപ്പിള കര്‍ഷകര്‍ ജന്മികള്‍ക്കെതിരെ രംഗത്തിറങ്ങി. ബ്രിട്ടീഷ് സൈന്യത്തിന്റെ സഹായത്തോടെയായിരുന്നു ജന്മികള്‍ കര്‍ഷകരെ ഉപദ്രവിച്ചിരുന്നത്. മലബാറില്‍ കര്‍ഷക കലാപങ്ങള്‍ നിത്യസംഭവമായ കാലത്താണ് ഖിലാഫത് -നിസ്സഹകരണ പ്രസ്ഥാനങ്ങള്‍ മലബാറിനെ ആകര്‍ഷിച്ചത്. ഏറനാട് , വള്ളുവനാട് താലൂക്കുകളിലെ ഖിലാഫത് പ്രസ്ഥാനത്തിന്റെ മുന്നേറ്റം ആ താലൂക്കുകളില്‍ പൊലിസ് കര്‍ഫ്യൂ പ്രഖ്യാപിക്കാന്‍ കാരണമായി.

ഈ സമയത്താണ് നിലമ്പൂര്‍ കോവിലകത്തെ ആറാംമുറ തിരുമുല്‍പ്പാടിന്റെ തോക്ക് കളവു പോയതും തിരുമുല്‍പ്പാട് മന്‍ചേരി പൊലിസില്‍ പരാതിപ്പെടുന്നതും. തോക്ക് മോഷ്ടിച്ചത് ഖിലാഫത് പ്രസ്ഥാനക്കാരാണെന്നായിരുന്നു തിരുനുല്‍പ്പാടിന്റെ ആരോപണം. ഖിലാഫത് പ്രസ്ഥാനക്കാരെ അടിച്ചൊതുക്കാന്‍ ഒരവസരം ലഭിച്ച പൊലിസ് സംഘം പൂക്കോട്ടൂരിലെ ഖിലാഫത് നേതാവ് വടക്കേ വീട്ടില്‍ മുഹമ്മദിന്റെ വീട് പരിശോധിക്കാനെത്തി. ഇത് നാട്ടുകാര്‍ തടഞ്ഞതാണ് പൂക്കോട്ടൂര്‍ യുദ്ധത്തിന് പ്രത്യക്ഷകാരണം. ഇതോടെ ഖിലാഫത് നേതാക്കളെ അറസ്റ്റ് ചെയ്യാന്‍ പട്ടാളമിറങ്ങുകയും നേതാക്കളുടെ ആസ്ഥാനമായ തിരൂരങ്ങാടി പള്ളി വളയുകയും ചെയ്തു. ബ്രിട്ടീഷ് ഭരണാധികാരികള്‍ ഖിലാഫത് പ്രവര്‍ത്തകരെ ക്രൂരമായി മര്‍ദ്ദിക്കുകയും കള്ളക്കേസുകളില്‍ കുടുക്കുകയും ചെയ്തു.

നാടെങ്ങും അക്രമവും കൊള്ളയും നടത്തിയ ബ്രിട്ടീഷ് സൈന്യം എല്ലാകുറ്റവും ഖിലാഫത്തുകാരുടെ തലയില്‍ കെട്ടിവച്ചു. ഇതോടെ മലബാറിലെ മാപ്പിളമാരും പട്ടാളവും തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നു. കലാപം അടിച്ചമര്‍ത്താന്‍ ബ്രിട്ടീഷ് സൈന്യം വിവിധ ഭാഗങ്ങളില്‍ നിന്നെത്തി. പൂക്കോട്ടൂരില്‍ വച്ച് ഇരുകൂട്ടരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ അനേകം പേര്‍ക്ക് ജീവഹാനിയുണ്ടായി. പൂക്കോട്ടൂര്‍ യുദ്ധമെന്ന് അറിയപ്പെട്ട ഈ ഏറ്റുമുട്ടലോടെ ബ്രിട്ടീഷ് സൈന്യം പിന്മാറി.

അത്യാധുനിക യുദ്ധോപകരണങ്ങളുമായി രംഗത്തിറങ്ങിയ ബ്രിട്ടീഷ് സൈന്യത്തെ പ്രാദേശിക ആയുധങ്ങളുമായാണ് പൂക്കോട്ടൂരുകാര്‍ നേരിട്ടത്. മലബാര്‍ കലാപത്തിലെ ഏറ്റവും രക്തരൂക്ഷിത പോരാട്ടമായ ഈ യുദ്ധത്തില്‍ മുന്നൂറോളം വരുന്ന മാപ്പിള പോരാളികള്‍ വീരമൃത്യു വരിച്ചു. ആലി മുസ്‌ലിയാര്‍, വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി തുടങ്ങിയവരായിരുന്നു മലബാര്‍ കലാപത്തിന്റെ നേതൃത്വനിരയിലുണ്ടായിരുന്നത്. മലബാര്‍ കലാപം അടിച്ചമര്‍ത്തുന്നതിനിടയില്‍ ബ്രിട്ടീഷ് സൈന്യം നടത്തിയ ക്രൂരകൃത്യമായിരുന്നു വാഗണ്‍ ട്രാജഡി.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News