2019 March 25 Monday
നീതി ലഭ്യമാക്കാനുള്ള എളുപ്പമാര്‍ഗം മറ്റുള്ളവര്‍ക്കു നീതി വാങ്ങിക്കൊടുക്കലാണ്. -മഹാത്മജി

Editorial

കേന്ദ്ര സര്‍ക്കാര്‍ നീക്കം സിവില്‍സര്‍വിസ് മേഖല തകര്‍ക്കും


രാജ്യത്തെ സിവില്‍ സര്‍വിസ് മേഖലയില്‍ സുപ്രധാന പദവികളിലിരിക്കുന്നവരെ ഒഴിവാക്കി പകരം സ്വകാര്യ കമ്പനികളില്‍ നിന്നുള്ളവരെയും കോര്‍പ്പറേറ്റ് സ്ഥാപനങ്ങളില്‍ നിന്നുള്ളവരെയും കരാറടിസ്ഥാനത്തില്‍ നിയമിക്കുവാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം തുടങ്ങിയിരിക്കുകയാണ്. ഇത്തരം തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചുകൊണ്ടുള്ള പത്ര പരസ്യങ്ങള്‍ കഴിഞ്ഞ ദിവസം കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കുകയുണ്ടായി. ജോയിന്റ് സെക്രട്ടറി പദവിയില്‍ സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരെയാണ് സര്‍ക്കാര്‍ ലക്ഷ്യംവയ്ക്കുന്നത്. കോര്‍പ്പറേറ്റ് സ്ഥാപനങ്ങളില്‍ ഇത്തരം തസ്തികകളില്‍ ജോലി ചെയ്യുന്നവര്‍ ഡെപ്യൂട്ടേഷനില്‍ ജോയിന്റ് സെക്രട്ടറി തസ്തികകളില്‍ നിയമിക്കപ്പെടുമ്പോള്‍ മൂലധന ശക്തികളുടെ വ്യവസായ വാണിജ്യ താല്‍പര്യങ്ങള്‍ സംരക്ഷിക്കുവാനുതകുന്ന പ്രവര്‍ത്തനങ്ങള്‍ ഇത്തരം തസ്തികകളില്‍ നിയമിതരാവുന്നര്‍ക്ക് ചെയ്യാന്‍ കഴിയും. പൊതു സമൂഹത്തിന്റെ എതിര്‍പ്പ് മറികടന്ന് വികസനത്തിന്റെ പേരില്‍ വ്യവസായ സ്ഥാപനങ്ങള്‍ക്കും വന്‍കിട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും കര്‍ഷകഭൂമി ബലമായി ഒഴിപ്പിച്ചെടുക്കുവാനും പ്രകൃതി ആവാസ വ്യവസ്ഥ തകര്‍ക്കുംവിധമുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുവാനും ഇത്തരം നിയമനങ്ങള്‍ വഴി കഴിയു.
നേരത്തെയും കേന്ദ്രസര്‍ക്കാര്‍ പുറത്ത്‌നിന്നുള്ളവരെ ഇത്തരം തസ്തികകളില്‍ നിയമിച്ചിരുന്നു. പക്ഷെ, അവരൊക്കെയും രാജ്യാന്തര തലത്തില്‍ അവരുടെ പ്രവര്‍ത്തന മേഖലയില്‍ പ്രാഗത്ഭ്യം തെളിയിച്ചവരായിരുന്നു. ശാസ്ത്രജ്ഞരും സാമ്പത്തിക വിദഗ്ധരും സാങ്കേതിക വിദഗ്ധരും ഈ തരത്തില്‍ നിയമിതരായിട്ടുണ്ട്. കെ.പി.പി നമ്പ്യാര്‍, സാംപിത്രോദ, മൊണ്ടേഗു അഹ്‌ലുവാലിയ തുടങ്ങിയ പ്രമുഖര്‍ അവരുടെ സേവനങ്ങള്‍ നല്‍കിയിട്ടുണ്ട്. ആഡംബര വസ്തുവായിരുന്ന ടെലഫോണ്‍ സാധാരണക്കാരന്റെ കയ്യില്‍ എത്തിച്ചത് സാംപിത്രോദയായിരുന്നു. രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരുന്നപ്പോഴാണ് ജോയിന്റ് സെക്രട്ടറി തലത്തില്‍ അദ്ദേഹത്തെ നിയമിച്ചത്. എന്നാല്‍ ഒരു രൂപ ശമ്പളം മാത്രമായിരുന്നു അദ്ദേഹം വാങ്ങിയിരുന്നത്. ആ രീതിയിലല്ല ബി.ജെ.പി സര്‍ക്കാര്‍ സിവില്‍ സര്‍വ്വീസ് മേഖലയെ തന്നെ അപ്രസക്തമാക്കുംവിധമുള്ള നീക്കങ്ങള്‍ നടത്തുന്നത്. 1,44,200 മുതല്‍ 2,18,200 രൂപ വരെ ശമ്പളം വാഗ്ദാനം ചെയ്തുകൊണ്ടാണ് പത്രങ്ങളില്‍ പരസ്യം നല്‍കിയിരിക്കുന്നത്. പരസ്യം നല്‍കിയിട്ടുണ്ടെങ്കിലും സര്‍ക്കാര്‍ നിശ്ചയിക്കുന്ന സെലക്ഷന്‍ കമ്മിറ്റിയായിരിക്കും ഉദ്യോഗാര്‍ത്ഥികളെ തെരഞ്ഞെടുക്കുക. ഇത് വഴി ആര്‍.എസ്.എസ് അനുകൂല മനോഭാവമുള്ളവരെ നിയമിക്കുവാന്‍ സര്‍ക്കാരിന് കഴിയും. സംവരണവും ഇത് വഴി അട്ടിമറിക്കപ്പെടും.
കഴിവും ലക്ഷ്യബോധവും രാഷ്ട്ര നിര്‍മാണത്തില്‍ താല്‍പര്യമുള്ള ബിരുദധാരികളില്‍ നിന്നാണ് അപേക്ഷകള്‍ ക്ഷണിച്ചിരിക്കുന്നത്. സ്വകാര്യ കുത്തക കമ്പനികളില്‍ നിന്നും ഡെപ്യൂട്ടേഷനില്‍ വരുന്നവര്‍ക്ക് പുറമെയാണ് ഇത്തരം നിയമനങ്ങള്‍. ബി.ജെ.പി സര്‍ക്കാരിന്റെ രാഷ്ട്ര നിര്‍മാണ താല്‍പര്യം ഇതിനകം തന്നെ സുവിദിതമാണ്. നിയമനം ഏത് തരത്തിലായിരിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ. ചുരുക്കത്തില്‍ സംഘ്പരിവാര്‍ അനുഭാവികള്‍ക്കും കോര്‍പ്പറേറ്റ് മൂലധന ശക്തികള്‍ക്കുമായി തീറെഴുതികൊടുക്കുകയാണ് സിവില്‍ സര്‍വ്വീസ് മേഖല ബി.ജെ.പി സര്‍ക്കാര്‍. റവന്യൂ, ധന-സാമ്പത്തികം, കൃഷി, റോഡ് ഗതാഗതം, ഷിപ്പിംഗ് പരിസ്ഥിതി, പാരമ്പര്യേതര ഊര്‍ജ്ജം, വ്യോമയാനം, വാണിജ്യം എന്നിങ്ങനെ പത്ത് മന്ത്രാലയങ്ങളിലേക്കാണ് സര്‍ക്കാര്‍ ഇത് വഴി നിയമനം നടത്തുവാന്‍ ഉദ്ദേശിക്കുന്നത്.
സര്‍ക്കാരിന്റെ താല്‍പര്യം ഈ മേഖലകളില്‍ യാതൊരു വിഘ്‌നവും കൂടാതെ ഇത്‌വഴി നടപ്പിലാക്കുവാന്‍ കഴിയും. യു.പി.എസ്.സി പരീക്ഷ പാസായി സിവില്‍ സര്‍വ്വീസ് മേഖലയില്‍ എത്തുന്നവരില്‍ സ്വതന്ത്രമായി ചിന്തിക്കുന്ന, രാജ്യത്തോടും കൃഷിക്കാരോടും സാധാരണക്കാരോടും സഹാനുഭൂതിയുള്ളവരുമായ ചിലരെങ്കിലും ഉണ്ടാകും. അവര്‍ സര്‍ക്കാരിന്റെ നിക്ഷിപ്ത താല്‍പര്യങ്ങള്‍ക്ക് വിധേയമായി കോര്‍പ്പറേറ്റ് നയങ്ങള്‍ നടപ്പിലാക്കണമെന്നില്ല. ഇത്തരം ഉദ്യോഗസ്ഥരെ മറികടന്ന് നിക്ഷിപ്ത താല്‍പര്യങ്ങള്‍ നടപ്പിലാക്കുവാന്‍ വേണ്ടിയാകണം സര്‍ക്കാര്‍ വന്‍തോതില്‍ പുറമെനിന്നും സിവില്‍ സര്‍വ്വീസിലേക്ക് നിയമനം നടത്തുവാന്‍ ഉദ്ദേശിക്കുന്നത്. മന്ത്രാലയങ്ങളിലെ ഉന്നത പദവിയാണ് ജോയിന്റ് സെക്രട്ടറി. സര്‍ക്കാരിന്റെ തീരുമാനങ്ങള്‍ നടപ്പാക്കുന്നതിലും മന്ത്രാലയത്തിന്റെ നയ രൂപീകരണ പ്രവര്‍ത്തനത്തിലും നേതൃപരമായ പങ്കാണ് സെക്രട്ടറിക്ക് നിര്‍വ്വഹിക്കാനുള്ളത്. ഇത്തരമൊരു ചുമതല ബി.ജെ.പി സര്‍ക്കാരിന് താല്‍പര്യമുള്ളവര്‍ക്ക് വീതിച്ചുകൊടുക്കുമ്പോള്‍ പറയത്തക്ക എതിര്‍പ്പുകളില്ലാതെ ബി.ജെ.പി സര്‍ക്കാരിന്റെ അജണ്ടയും മൂലധന ശക്തികളുടെ താല്‍പര്യവും ഒന്നിച്ച് നടപ്പിലാക്കുവാന്‍ സാധിക്കും. സിവില്‍ സര്‍വിസ് മേഖല അതോടെ നാമാവശേഷമാകുകയും ചെയ്യും.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.