2020 February 24 Monday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവരണം

സലിം എടക്കര (അഡീഷണല്‍ ജില്ലാ ട്രെയിനര്‍, കേരള ഹജ്ജ് കമ്മിറ്റി)

2017 ലെ പരിശുദ്ധ ഹജ്ജിന്റെ നോട്ടിഫിക്കേഷന്‍ വരികയും കേന്ദ്ര,സംസ്ഥാന ഹജ്ജ് കമ്മിറ്റികള്‍ അപേക്ഷ പരിഗണിക്കുകയും ചെയ്യുന്ന സന്ദര്‍ഭത്തില്‍ അവസരോചിതമായ ചര്‍ച്ചയാണു സുപ്രഭാതം നടത്തിക്കൊണ്ടിരിക്കുന്നത്.
സത്യവിശ്വാസികള്‍ക്കു ഹജ്ജും മദീനാ സിയാറത്തും വിശ്വാസത്തിന്റെ ഭാഗമായുള്ള കര്‍മമാണ്. അതുവഴി ആത്മീയപരിശുദ്ധി ലഭിക്കുന്നതുകൊണ്ട് ഏതൊരാളും ആഗ്രഹിക്കുന്നതാണത്. അതിനുവേണ്ടി എന്തും ത്യജിക്കാന്‍ അവര്‍ തയാറാകും. ഇതു ചൂഷണംചെയ്ത് കുറേക്കാലമായി വിമാനക്കമ്പനികള്‍ മറ്റു ഗള്‍ഫ്‌രാജ്യങ്ങളില്‍നിന്നു വിഭിന്നമായി സഊദിയിലേയ്ക്ക് അധികചാര്‍ജാണ് ഈടാക്കിക്കൊണ്ടിരിക്കുന്നത്.
സഊദി യാത്രയ്ക്ക് അഞ്ചുമണിക്കൂറാണു വേണ്ടത്. പത്തും അതിലധികവും മണിക്കൂര്‍ യാത്രചെയ്യേണ്ട മറ്റു ഗള്‍ഫ് രാജ്യങ്ങളിലേയ്ക്കു സഊദിയിലേതിനേക്കാള്‍ ടിക്കറ്റ് നിരക്കു വളരെ കുറവാണ്. വിമാനക്കമ്പനികള്‍ നഷ്ടത്തിലാണെന്നു സ്വയംപ്രഖ്യാപിച്ചു നഷ്ടംനികത്താനുള്ള ചാകരയായി ഹജ്ജ് സീസണെ കാണുകയാണ്. ഇത് അവസാനിപ്പിക്കണം.  അര്‍ഹമായ ചാര്‍ജ് ഈടാക്കി കൂടുതല്‍ സര്‍വീസ് നടത്തുകയാണു വേണ്ടത്.  
ഈ രംഗത്തെ മറ്റൊരു പ്രശ്‌നം ഒന്നോരണ്ടോ വിമാനക്കമ്പനികളെ മാത്രമാണു സര്‍ക്കാര്‍ ആശ്രയിക്കുന്നതെന്നതാണ്.  എല്ലാ വിമാനക്കമ്പനികള്‍ക്കും ഹജ്ജ് സര്‍വീസ് നടത്താന്‍ അവസരം നല്‍കിയാല്‍ത്തന്നെ നിരക്കില്‍ മാറ്റം വരും. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് ആശ്വാസമാണു ഹജ്ജ് സബ്‌സിഡി. കഴിഞ്ഞകാലങ്ങളില്‍  നല്‍കിയ ആനുകൂല്യമെന്ന നിലയ്ക്ക് അത് എടുത്തുകളയേണ്ടതില്ല.
 ദുല്‍ഹിജ്ജ് 8 മുതല്‍ 12 വരെയുള്ള ദിവസങ്ങളിലെ കര്‍മങ്ങളാണു പ്രധാനം. അവിടെ പാവപ്പെട്ടവരും പണക്കാരുമെന്ന വ്യത്യാസമില്ല. താമസം, യാത്ര, ഭക്ഷണം, ദൂരം എന്നിവയിലെ കാറ്റഗറിയിലാണു സാമ്പത്തികവ്യതിയാനം ഉണ്ടാവുന്നത്. വിമാനക്കൂലിക്കു മാനദണ്ഡം നിശ്ചയിക്കുകയും ഹജ്ജ് സബ്‌സിഡി നിലനിര്‍ത്തുകയും ചെയ്താല്‍ സാധാരണക്കാര്‍ക്കുകൂടി ഹജ്ജ് ചെയ്യാനുള്ള അവസരം കൈവരും.  
ഈ ചര്‍ച്ച  അതിനു വഴിതുറക്കേണ്ടിയിരിക്കുന്നു. കേരളത്തിലെ എം.പിമാര്‍, മുഖ്യമന്ത്രി, വകുപ്പുമന്ത്രി എന്നിവരും ബന്ധപ്പെട്ട എയര്‍ലൈന്‍ അധികൃതരും ഉദ്യോഗസ്ഥരും ഒരുമിച്ച് ഈ ആവശ്യം കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നാല്‍ മാറ്റംവരുമെന്നു പ്രതീക്ഷിക്കുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.