2019 June 16 Sunday
കാരുണ്യമില്ലാത്തവന് ദൈവത്തിന്റെ കാരുണ്യവുമില്ല – മുഹമ്മദ് നബി (സ)

കേന്ദ്രമന്ത്രി അക്ബറിനെതിരേ കൂടുതല്‍ ആരോപണങ്ങള്‍

ന്യൂഡല്‍ഹി: മാധ്യമപ്രവര്‍ത്തന മേഖലയിലേക്ക് കൂടി വ്യാപിച്ച ലൈംഗിക ചൂഷണങ്ങളെക്കുറിച്ചുള്ള വെളിപ്പെടുത്തല്‍ ‘മീ റ്റൂ’ (ഞാനും ചൂഷണത്തിനിരയായി) കാംപയിനില്‍ കുടുങ്ങിയ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും കേന്ദ്രമന്ത്രിയുമായ എം.ജെ അക്ബറിനെതിരേ കൂടുതല്‍ ആരോപണങ്ങള്‍.
എം.ജെ അക്ബര്‍ ജോലിചെയ്ത ഏഷ്യന്‍ ഏജ്, ടെലഗ്രാഫ് പത്രങ്ങളില്‍ ജോലിചെയ്ത വനിതാ മാധ്യമപ്രവര്‍ത്തകരാണ് പുതിയ ആരോപണങ്ങള്‍ക്കു പിന്നില്‍.
ഏഷ്യന്‍ ഏജ് റസിഡന്റ് എഡിറ്റര്‍ സുപര്‍ണ ശര്‍മയാണ് ആരോപണമുന്നയിച്ചവരില്‍ ഒരാള്‍. താന്‍ പേജ് ഡിസൈന്‍ ചെയ്യുന്നതിനിടെ അക്ബര്‍ പിന്നിലൂടെ വന്ന് ബ്രായുടെ സ്ട്രിപ്പ് പിടിച്ചു വലിച്ച് അശ്ലീലം പറഞ്ഞുവെന്നാണ് സുപര്‍ണയുടെ ട്വീറ്റ്. ജോലിക്കായുള്ള അഭിമുഖത്തിന് അക്ബര്‍ വിളിച്ചത് ഹോട്ടല്‍ മുറിയിലേക്കാണെന്നും ബെഡില്‍ ഇരുന്നാണ് അഭിമുഖം നടത്തിയതെന്നും ശുമ റാഹയും പറഞ്ഞു. കൂടെ മദ്യപിക്കാനും ക്ഷണിച്ചു. ഇതോടെ ജോലിക്കായുള്ള ശ്രമം ഉപേക്ഷിച്ച് ഇറങ്ങിപ്പോന്നെന്നും റാഹ പറഞ്ഞു. ഓഫിസില്‍ വച്ച് തുടര്‍ച്ചയായി ലൈംഗികചുവയുള്ള സംഭാഷണങ്ങള്‍ അക്ബര്‍ നടത്തിയെന്ന് പാരണ സിങ് ബിന്ദ്രയും വെളിപ്പെടുത്തി. വ്യക്തിപരമായ പല പ്രശ്‌നങ്ങളും അലട്ടിക്കൊണ്ടിരിക്കെയാണ് ഇത്തരം അനുഭവങ്ങള്‍ ഉണ്ടായതെന്നതിനാല്‍ എല്ലാം സഹിച്ചുനിന്നുവെന്ന് അവര്‍ പറഞ്ഞു. മറ്റൊരു മാധ്യമപ്രവര്‍ത്തകയും ഹോട്ടലിലേക്കു അഭിമുഖത്തിനെത്തിയപ്പോഴുണ്ടായ ദുരനുഭവത്തെകുറിച്ച് വെളിപ്പെടുത്തി. അക്ബറില്‍നിന്നു മോശം അനുഭവമുണ്ടായെന്ന് ശുതാപ പോള്‍ എന്ന മാധ്യമപ്രവര്‍ത്തക വെളിപ്പെടുത്തിയെങ്കിലും കൂടുതല്‍ വിശദീകരിച്ചില്ല.
അതേസമയം, തെരഞ്ഞെടുപ്പ് സമയത്തുണ്ടായ ആരോപണങ്ങള്‍ അക്ബറിന്റെ രാജിയാവശ്യം ശക്തമാക്കി. വിഷയത്തില്‍ പ്രതികരിക്കാതിരിക്കുന്ന മോദിയുടെയും വിദേശകാര്യമന്ത്രിയുടെയും നടപടിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് രംഗത്തുവന്നു.
അക്ബര്‍ രാജിവയ്ക്കണമെന്നും അല്ലെങ്കില്‍ മന്ത്രിസഭയില്‍നിന്ന് പുറത്താക്കാന്‍ പ്രധാനമന്ത്രി തയാറാവണമെന്നും എസ്. ജയ്പാല്‍ റെഡ്ഡി ആവശ്യപ്പെട്ടു. സ്ത്രീകളുടെ വെളിപ്പെടുത്തലുകളെത്തുടര്‍ന്ന് യു.എസ് സുപ്രിംകോടതി ജഡ്ജി ജസ്റ്റിസ് കവനോഫിനോട് പോലും വിശദീകരണം ചോദിച്ചിട്ടുണ്ടെങ്കില്‍ പിന്നെ എന്തുകൊണ്ട് അക്ബറിന്റെ കാര്യത്തില്‍ നടപടിയെടുത്തുകൂടാ?- റെഡ്ഡി ചോദിച്ചു.
വിഷയത്തില്‍ മന്ത്രിസഭയിലെ വനിതാ അംഗങ്ങളിലൊരാളായ നിര്‍മലാ സീതാരാമനോട് പ്രതികരണം ആരാഞ്ഞെങ്കിലും ‘മീ റ്റൂ’ കാംപയിനെ പിന്തുണയ്ക്കുന്നുവെന്നു പറഞ്ഞ അവര്‍, അക്ബറിന്റെ വിഷയത്തില്‍ മൗനം പാലിച്ചു. എന്നാല്‍, അന്വേഷണം വേണമെന്നായിരുന്നു മറ്റൊരു വനിതാ മന്ത്രി മനേകാ ഗാന്ധി ആവശ്യപ്പെട്ടത്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.