2019 September 22 Sunday
സത്യാന്വേഷിയുടെ ആത്മീയ അന്വേഷണത്തിന്റെ ഭാഗമാണ് നിശബ്ദത

കേന്ദ്രത്തിന് ഇരട്ട പ്രഹരം

യു.എം മുഖ്താര്‍#

ന്യൂഡല്‍ഹി: സി.ബി.ഐ തലപ്പത്തുനിന്ന് പ്രധാനമന്ത്രി അധ്യക്ഷനായ സെലക്ഷന്‍ കമ്മിറ്റി മാറ്റിയതിനുപിന്നാലെ അലോക് വര്‍മ രാജിവച്ചു. വ്യാഴാഴ്ച രാത്രിയോടെ സി.ബി.ഐ ഡയരക്ടര്‍ പദവിയില്‍ നിന്ന് ഫയര്‍ സര്‍വിസ് ഡയരക്ടര്‍ ജനറല്‍ സ്ഥാനത്തേക്കുമാറ്റിയ വര്‍മ, ചുമതലയേറ്റെടുക്കാന്‍ വിസമ്മതിച്ചാണ് രാജിവച്ചത്. ഒരുപേജ് വരുന്ന രാജിക്കത്ത് അദ്ദേഹം കേന്ദ്ര ഉദ്യോഗസ്ഥ മന്ത്രാലയത്തിന് അയച്ചു.

പ്രധാനമന്ത്രിയുടെ അടുപ്പക്കാരനായ രാകേഷ് അസ്താന സി.ബി.ഐ സ്‌പെഷ്യല്‍ ഡയരക്ടറായി എത്തിയതിനെത്തുടര്‍ന്ന് സുപ്രധാന അന്വേഷണ ഏജന്‍സിയുടെ തലപ്പത്തുണ്ടായ തമ്മിലടിക്കാണ് വര്‍മയുടെ രാജിയിലൂടെ തല്‍ക്കാലം അയവുവന്നത്.
സി.ബി.ഐ തലപ്പത്ത് ഭിന്നതയുണ്ടായതോടെ അലോക് വര്‍മക്കെതിരേ ആരോപണങ്ങളുന്നയിച്ച് അസ്താന സി.വി.സിയെ സമീപിച്ചു. അസ്താനക്കെതിരേ അഴിമതിക്കുറ്റം ചുമത്തി കേസെടുക്കുകയും വസതിയും ഓഫിസ് സ്ഥിതിചെയ്യുന്ന സി.ബി.ഐ ആസ്ഥാനവും റെയ്ഡ് നടത്തി വര്‍മ തിരിച്ചടിച്ചു. ഇതിനിടെയാണ് ഒക്ടോബറില്‍ അര്‍ധരാത്രി പ്രധാനമന്ത്രി നരേന്ദ്രമോദി സി.ബി.ഐയിലെ ഒന്നാമനെയും രണ്ടാമനെയും നിര്‍ബന്ധിത അവധിയില്‍വിട്ടത്. റാഫേല്‍ ഇടപാട് ഉള്‍പ്പെടെ ബി.ജെ.പിയും സര്‍ക്കാരും ഒരുപോലെ പ്രതിരോധത്തിലായ കേസുകളിലേക്ക് അന്വേഷണം നീങ്ങുന്നതിനിടെയായിരുന്നു ഇത്.

എന്നാല്‍, സി.ബി.ഐ മേധാവിയെ നിയമിക്കാനും സ്ഥലംമാറ്റാനും പ്രധാനമന്ത്രി, ലോക്‌സഭ പ്രതിപക്ഷ നേതാവ്, ചീഫ് ജസ്റ്റിസ് എന്നിവരടങ്ങിയ സെലക്ഷന്‍ കമ്മിറ്റിക്കാണ് അധികാരമെന്നു ചൂണ്ടിക്കാട്ടി അലോക് വര്‍മ സുപ്രിംകോടതിയിലെത്തി. പരാതി ന്യായമെന്നു കണ്ട സുപ്രിംകോടതി വര്‍മയെ സി.ബി.ഐ ഡയരക്ടറായി പുനര്‍നിയമിച്ച് കഴിഞ്ഞദിവസം ഉത്തരവിട്ടു. എന്നാല്‍ ഇതിനുപിന്നാലെ, വ്യാഴാഴ്ച രാത്രി പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ സെലക്ഷന്‍ കമ്മിറ്റി യോഗം ചേര്‍ന്ന് അലോക് വര്‍മയെ ഡയരക്ടര്‍ സ്ഥാനത്തുനിന്ന് ഫയര്‍ സര്‍വിസിലേക്കു സ്ഥലംമാറ്റി. ലോക്‌സഭ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ എതിര്‍പ്പ് മറികടന്നായിരുന്നു ഇത്. തുടര്‍ന്നാണ് അലോക് വര്‍മ രാജി വച്ചത്.

 

സ്വാഭാവിക നീതിയുടെ
ലംഘനം: അലോക് വര്‍മ

സി.ബി.ഐ ഡയരക്ടര്‍ സ്ഥാനത്തു നിന്നു തന്നെ മാറ്റുകയെന്ന സര്‍ക്കാരിന്റെ ലക്ഷ്യത്തില്‍ എല്ലാ നടപടി ക്രമങ്ങളും കീഴ്‌മേല്‍ മറിച്ചതായി അലോക് വര്‍മ രാജിക്കത്തില്‍ ആരോപിച്ചു. കൈക്കൂലി കേസില്‍ സി.ബി.ഐ പ്രതിചേര്‍ത്ത ഒരാളുടെ (സ്‌പെഷ്യല്‍ ഡയരക്ടര്‍ രാകേഷ് അസ്താനയെ ഉദ്ദേശിച്ച്) ആരോപണങ്ങളാണ് സി.വി.സി റിപ്പോര്‍ട്ടിലുള്ളത്. ഇക്കാര്യം സെലക്ഷന്‍ കമ്മിറ്റി പരിഗണിച്ചില്ല. ഇതുസംബന്ധിച്ച് അന്വേഷിക്കാന്‍ സുപ്രിംകോടതി ചുമതലപ്പെടുത്തിയ റിട്ട. ജസ്റ്റിസ് എ.കെ പട്‌നായിക് സി.വി.സി റിപ്പോര്‍ട്ടിലെ കണ്ടെത്തലിനോട് യോജിച്ചിട്ടില്ലെന്നും വര്‍മ ചൂണ്ടിക്കാട്ടി.

രാജ്യത്തെ ഏറ്റവും വലിയ അന്വേഷണ ഏജന്‍സിയെ കേന്ദ്രസര്‍ക്കാര്‍ ഏതുവിധത്തിലാണ് കൊണ്ടുനടക്കുന്നതെന്ന് തനിക്കെതിരായ നടപടിയിലൂടെ നാളെ ജനങ്ങള്‍ വിലയിരുത്തും. കഴിഞ്ഞവര്‍ഷം ജൂലൈ 31ന് തന്റെ വിരമിക്കല്‍ പ്രായം അവസാനിച്ചതാണ്. എന്നാല്‍ സി.ബി.ഐ ഡയരക്ടര്‍ പദവിയില്‍ ജനുവരി 31 വരെ തുടരാന്‍ ആവശ്യപ്പെടുകയായിരുന്നു.
സി.ബി.ഐ ഡയരക്ടര്‍ എന്ന നിലയ്ക്ക് മാത്രമാണ് വിരമിക്കല്‍ പ്രായം കഴിഞ്ഞിട്ടും സര്‍വിസില്‍ തുടര്‍ന്നത്. അതിനാല്‍ ഫയര്‍ സര്‍വിസില്‍ ഇരിക്കാന്‍ കഴിയില്ലെന്നും സ്വയം വിരമിക്കാന്‍ അനുവദിക്കണമെന്നും അലോക് വര്‍മ കത്തില്‍ ആവശ്യപ്പെട്ടു. തനിക്കെതിരായ ആരോപണങ്ങള്‍ കള്ളമാണെന്ന് നേരത്തെ അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞിരുന്നു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.