2020 July 15 Wednesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

‘കേന്ദ്രത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തും’

തൊടുപുഴ: മൂന്നാറിലെ കൈയേറ്റങ്ങള്‍ കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് കേന്ദ്രമന്ത്രി സി.ആര്‍.ചൗധരി. മൂന്നാറിലെ കൈയേറ്റങ്ങള്‍ വിവാദമായ സാഹചര്യത്തില്‍ സംസ്ഥാന ബി.ജെ.പി നേതൃത്വം കേന്ദ്രത്തിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് കേന്ദ്ര ഉപഭോക്തൃ വകുപ്പ് സഹമന്ത്രിയായ ചൗധരിയുടെ സന്ദര്‍ശനം. മൂന്നാറിലെ കൈയേറ്റങ്ങള്‍ നടത്തി കെട്ടിടങ്ങള്‍ നിര്‍മിച്ച പള്ളിവാസലിലെ റിസോര്‍ട്ടുകള്‍ അദ്ദേഹം സന്ദര്‍ശിച്ചു. സന്ദര്‍ശനശേഷം മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടയിലാണ് മൂന്നാറില്‍ അനധികൃത കൈയേറ്റങ്ങള്‍ നടന്നിട്ടുണ്ടെന്ന് ബോധ്യപ്പെട്ടതായി അദ്ദേഹം പറഞ്ഞത്. ചില കെട്ടിടങ്ങള്‍ ദുരന്തമുഖത്താണ് നിലനില്‍ക്കുന്നത്. ഇക്കാര്യങ്ങള്‍ കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തും. ബന്ധപ്പെട്ട വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരുമായി ചര്‍ച്ചകള്‍ നടത്തും. എത്ര ഉന്നത നിലയിലുള്ള ആളായാലും കൈയേറ്റക്കാരനാണെങ്കില്‍ നടപടി സ്വീകരിക്കണം.
കൈയേറ്റങ്ങള്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയും അംഗീകരിക്കരുത്. ബി.ജെ.പി നേതാക്കള്‍ ആരെങ്കിലും കൈയേറ്റത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അവര്‍ക്കെതിരെയും നടപടിയെടുക്കണം. നിയമങ്ങള്‍ പരിശോധിച്ച് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരിലൂടെ കൈയേറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
മൂന്നാര്‍ കൈയേറ്റവുമായി ബന്ധപ്പെട്ട് ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോകാനാണ് സംസ്ഥാന നേതൃത്വത്തിന്റെ നീക്കം. ഇതിന്റെ ഭാഗമായി 11 ന് ബി.ജെ.പി മൂന്നാര്‍ രക്ഷാ മാര്‍ച്ച് നടത്തും.
മാര്‍ച്ചിന് സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ നേതൃത്വം നല്‍കും. പഴയ മൂന്നാറില്‍ നിന്നും ആരംഭിക്കുന്ന മൂന്നാര്‍ രക്ഷാമാര്‍ച്ച് മൂന്നാര്‍ ടൗണിന് സമീപത്തുള്ള കൈയേറ്റ സ്ഥലത്തു സമാപിക്കും.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.