2019 August 24 Saturday
സുഹൃത്തുക്കളോടു നന്നായി പെരുമാറുക; അവര്‍ നിങ്ങളോടു കൂടുതല്‍ അടുക്കും. ശത്രുക്കളോടും നന്നായി പെരുമാറുക;അവരെ നേടാന്‍ നിങ്ങള്‍ക്കു കഴിയും.

കേന്ദ്രകുടുംബശ്രീ സി. ഇ. ഓ അട്ടപ്പാടിയിലെ ആദിവാസികളെ രണ്ടു തട്ടിലാക്കി വഞ്ചിച്ചുവെന്ന്

പാലക്കാട്: അട്ടപ്പാടിയിലെ ആദിവാസി ക്ഷേമത്തിനായി കേന്ദ്ര സര്‍ക്കാരിന്റ കേന്ദ്ര കുടുംബശ്രീപദ്ധതി നടപ്പിലാക്കാന്‍ എത്തിയ ഉദ്യോഗസ്ഥ അട്ടപ്പാടി മേഖലയിലെ ആദിവാസികളെ രണ്ടു തട്ടിലാക്കിമാറ്റിയെന്ന് മൂന്ന് ഗ്രാമപഞ്ചായത്തുകളിലെ കുടുംബശ്രീ സമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.വളരെ നല്ല രീതിയില്‍ നടന്നു വന്ന കുടുംബശ്രീ സംവിധാനത്തെ രാഷ്ട്രീയമായി മാറ്റിയതാണ് ഇപ്പോള്‍ ഒരു വിഭാഗം ആദിവാസികളെ സമരത്തിന് പ്രേരിപ്പിച്ചത്. ആദിവാസികളെ ഊരുകളില്‍ ചെന്ന് തെറ്റിദ്ധരിപ്പിച്ചാണ് സമരത്തിന് ഇറക്കിയത്. സമരം നടത്തുന്നവരെ രാഷ്ട്രീയ നേട്ടത്തിന് വേണ്ടി ചിലര്‍ ഉപയോഗപ്പെടുത്തി വരുന്നുവെന്നും ഇവര്‍ ആരോപിച്ചു.നേരത്തെ കുടുംബശ്രീ സി. ഇ. ഓ ആയി പ്രവര്‍ത്തിച്ചവര്‍ ഒരു വിഭാഗം ആദിവാസികള്‍ക്ക് സഹായവും ജോലിയും നല്‍കിയത് അട്ടപ്പാടിയിലെ ആദിവാസികള്‍ക്കിടയില്‍ വിഭാഗീയത വളര്‍ത്താന്‍ ഉപകരിച്ചിട്ടേയുള്ളു.കുടുംബശ്രീ പദ്ധതിക്കായി പണിയെടുക്കുന്ന 317 ജീവനക്കാരില്‍ 312 പേരും ആദിവാസികളാണ്.ആദിവാസികളുടെ മനോവീര്യം തകര്‍ക്കുന്ന രീതിയില്‍ ബസ് സ്റ്റോപ്പ് കൈയേറി സമരം നടത്തുന്നത് ആദിവാസികളുടെ ജീവിതം തകര്‍ക്കാന്‍ ഉപകരിക്കുള്ളൂവെന്നും അവര്‍ പറഞ്ഞു.ബ്ലോക്ക് സമിതി പിരിച്ചു വിട്ടതും,ഒരു വിഭാഗം ആദിവാസികളെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടതുമാണ് സമരത്തിന് വഴിവെച്ചത്.
അടുത്തകാലത്ത് അഗളി,പുതൂര്‍ ,ഷോളയൂര്‍ പഞ്ചായത്തുകളിലും,കുറുമ്പ മേഖലയിലും കുടുംബശ്രീകളുടെ പ്രവര്‍ത്തനം സജീവമാക്കാന്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തിട്ടുണ്ട്.അതിനാല്‍ എല്ലാവാര്‍ഡുകളിലും കുടുംബശ്രീകള്‍ നന്നായി പ്രവര്‍ത്തിക്കുന്നുണ്ട്.193 ഊരുകളില്‍ കമ്മ്യൂണിറ്റി കിച്ചണുകള്‍ നന്നായി പ്രവര്‍ത്തിക്കുന്നുണ്ട് .രണ്ടു ഊരുകളില്‍ കമ്മ്യൂണിറ്റി കിച്ചണുകള്‍ വേണ്ടെന്നു ഊരുനിവാസികള്‍ പറഞ്ഞതിനാല്‍ അവിടെ കിച്ചന്‍ പ്രവര്‍ത്തിക്കുന്നില്ല.
നിരവധി നൂതന വികസന പദ്ധതികളാണ് അട്ടപ്പാടി കുടുംബശ്രീ മിഷന്‍ നടപ്പിലാക്കി വരുന്നത് നിലവില്‍ 663 അയല്‍ക്കൂട്ടങ്ങള്‍ പ്രവര്‍ത്തിക്കുന്നു. എല്ലാം സ്ത്രീകളാണ.് 130 ഊരു സമിതികളും നാല് പഞ്ചായത്തു സമിതികളും രൂപീകരിച്ചിട്ടുണ്ട.് സാമൂഹിക വികസന പരിപാടികള്‍, കൃഷിയും ഉപജീവന പദ്ധതികളും, വിവിധ കമ്മ്യൂണിറ്റി ഫണ്ടുകള്‍ വിവിധ വകുപ്പുകളുമായി യോജിച്ച പ്രവര്‍ത്തനം എന്നിവ നടത്തി വരുന്നുണ്ട് . ഈ വര്‍ഷം സമൂഹഅടുക്കളക്കായി സംസ്ഥാന സര്‍ക്കാര്‍ 15 കോടി നീക്കിവെച്ചിട്ടുണ്ട്. ഇപ്പോള്‍ ആറു കോടി രൂപ സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. വാര്‍ത്താസമ്മേളനത്തില്‍ അഗളി പഞ്ചായത്തു് സമിതി പ്രസിഡണ്ട് കെ വഞ്ചി,സെക്രട്ടറി ദീപ രമേഷ്‌കുമാര്‍,പുതൂര്‍ പഞ്ചായത്തു സമിതി പ്രസിഡണ്ട് പാപ്പരംഗസ്വാമി,ഷോളയൂര്‍ പഞ്ചായത്തു സമിതി പ്രസിഡണ്ട് സലീന ഷണ്‍മുഖന്‍ , ദീപ മുരുകന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു
എന്നാല്‍ നല്ലരീതിയില്‍ നടപ്പിലാക്കി വന്നിരുന്ന എന്‍.ആര്‍.എല്‍.എം പദ്ധതി സി.ഇ.ഒ ആയിരുന്ന സീമാ ഭാസ്‌കറെ മാറ്റിയതോടെ അട്ടിമറിക്കപ്പെട്ടു എന്നതാണ് സമരക്കാരുടെ ആരോപണം. കേന്ദ്ര പദ്ധതിയായ എന്‍.ആര്‍.എല്‍.എമ്മിന്റെ നിയമങ്ങള്‍ക്ക് വിരുദ്ധമായി നൂറുശതമാനവും ആദിവാസി പങ്കാളിത്തമില്ലാതെയാണ് പുതിയ സമിതി തിരഞ്ഞെടുക്കപ്പെട്ടതെന്നാണ് ഇവര്‍ പറയുന്നത്. എന്‍.ആര്‍.എല്‍.എം പദ്ധതി പഞ്ചായത്തിലേക്ക് ലയിപ്പിച്ച് അട്ടിമറിച്ചതിനെതിരെയും 13 ആനിമേറ്റര്‍മാരെ പിരിച്ചുവിട്ടതിനെതിരെയും സമരക്കാര്‍ കേസ് നടത്തിവരുന്നുണ്ട്.
കൂടാതെ എന്‍.ആര്‍.എല്‍.എം പദ്ധതിക്കു കീഴില്‍ നടത്തിവരുന്ന കമ്മ്യൂണിറ്റി കിച്ചണ്‍ ഉള്‍പ്പെടെയുള്ള പദ്ധതികള്‍ പല ഊരുകളിലും തടസ്സപ്പെട്ടു എന്നും സമരക്കാര്‍ ആരോപിക്കുന്നു. സമരക്കാര്‍ക്ക് പിന്നില്‍ രാഷ്ട്രീയ കക്ഷികളാണെന്ന ആരോപണവും ഉയരുന്നുണ്ട്.

 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News