2019 June 24 Monday
ഭരിച്ചതുകൊണ്ടായില്ല ഭരണം ഉണ്ടെന്നു ജനങ്ങള്‍ക്ക് ബോധ്യപ്പെടുമ്പോഴേ ഏതൊരു ഗവണ്‍മെന്റും അര്‍ഥവത്താകുന്നുള്ളൂ -കാറല്‍ മാക്‌സ്‌

കേന്ദ്രം സഭയിലും തോറ്റു: ഉത്തരാഖണ്ഡില്‍ ഹരീഷ് റാവത്ത് വിശ്വാസവോട്ടുനേടി

ഡെറാഡൂണ്‍: കുറുക്കുവഴികളിലൂടെ സംസ്ഥാനഭരണം പിടിച്ചെടുക്കാനുള്ള ബി.ജെ.പി നീക്കത്തിന് തിരിച്ചടി. ഉത്തരാഖണ്ഡില്‍ സുപ്രിംകോടതി മേല്‍നോട്ടത്തില്‍ നടന്ന വിശ്വാസവോട്ടെടുപ്പില്‍ വിജയിച്ചതായി മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഹരീഷ് റാവത്ത് പറഞ്ഞു. ഔദ്യോഗിക പ്രഖ്യാപനം നാളെ സുപ്രിംകോടതിയില്‍ നടക്കും.വോട്ടെടുപ്പുഫലം മുദ്രവച്ച കവറില്‍ സുപ്രിംകോടതിക്ക് കൈമാറിയിട്ടുണ്ട്.

മാസങ്ങളായി കോടതികളില്‍നിന്നു കോടതികളിലേക്കുനീണ്ട വാദപ്രതിവാദങ്ങള്‍ക്കൊടുവിലാണ് വിശ്വാസവോട്ടെടുപ്പ് ആകാമെന്ന നിലപാടിലേക്ക് കേന്ദ്രസര്‍ക്കാര്‍ എത്തിയത്. എന്നാല്‍, സഭയില്‍ പരാജയം ഏറ്റുവാങ്ങിയതോടെ രണ്ടാംവാര്‍ഷികം ആഘോഷിക്കാനിരിക്കുന്ന മോദി സര്‍ക്കാരിന് വന്‍തിരിച്ചടിയായി.
താന്‍ അവതരിപ്പിച്ച വിശ്വാസപ്രമേയത്തെ സഭയില്‍ ഹാജരായ 61 അംഗങ്ങളില്‍ 33 പേര്‍ പിന്തുണച്ചതായും ബി.ജെ.പിക്ക് 28 അംഗങ്ങളുടെ പിന്തുണ മാത്രമാണ് കിട്ടിയതെന്നും വോട്ടെടുപ്പിനുശേഷം ഹരീഷ് റാവത്ത് അവകാശപ്പെട്ടു. കോണ്‍ഗ്രസ് അംഗങ്ങളെ കൂടാതെ രണ്ട് ബി.എസ്.പി അംഗങ്ങളും ഒരു യു.കെ.ഡി അംഗവും മൂന്ന് സ്വതന്ത്രരും റാവത്തിനെ പിന്തുണച്ചതായി അറിയിച്ചിട്ടുണ്ട്.
അതേസമയം, വോട്ടെടുപ്പ് തുടങ്ങുന്നതിനുമുന്‍പ് നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. തങ്ങളുടെ രണ്ടംഗങ്ങള്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കുമെന്ന് ബി.എസ്.പി നേതാവ് മായാവതി വ്യക്തമാക്കിയപ്പോള്‍ താന്‍ ബി.ജെ.പി ക്യാംപിനൊപ്പമാണെന്ന് കോണ്‍ഗ്രസ് എം.എല്‍.എ രേഖ ആര്യ പ്രസ്താവിച്ചു. തൊട്ടുപിന്നാലെ താന്‍ കോണ്‍ഗ്രസിന് വോട്ടുചെയ്യുമെന്ന് ബി.ജെ.പി അംഗം ഭിംലാല്‍ ആര്യയും വ്യക്തമാക്കി. സുപ്രിംകോടതി നിര്‍ദേശപ്രകാരം വോട്ടെടുപ്പുനടന്ന 10.30 മുതല്‍ രണ്ടര മണിക്കൂര്‍ നേരം രാഷ്ട്രപതിഭരണം മരവിപ്പിച്ചിരുന്നു.
ലെജിസ്ലേറ്റീവ് അസംബ്ലി ആന്‍ഡ് പാര്‍ലമെന്റ് അഫയേഴ്‌സ് പ്രിന്‍സിപ്പല്‍ സെക്രട്ടറി വോട്ടെടുപ്പിന് മേല്‍നോട്ടം വഹിച്ചു. നടപടിക്രമങ്ങള്‍ വീഡിയോയില്‍ പകര്‍ത്തുകയും ചെയ്തു. വിമത കോണ്‍ഗ്രസ് എം.എല്‍.എമാരെ സുപ്രിംകോടതി അയോഗ്യരാക്കിയതിനാല്‍ വോട്ടെടുപ്പില്‍ പങ്കെടുക്കാനായില്ല.

ഭരണം പ്രതിസന്ധിയിലാക്കിയത് എം.എല്‍.എമാരുടെ കൂറുമാറ്റം

ഒന്‍പത് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ കാലുമാറി ബി.ജെ.പിയോടൊപ്പം ചേര്‍ന്നതോടെയാണ് ഉത്തരാഖണ്ഡ് ഭരണം പ്രതിസന്ധിയിലായത്. മുന്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രി വിജയ് ബഹുഗുണയുടെ നേതൃത്വത്തില്‍ ഇവര്‍ മുഖ്യമന്ത്രി ഹരീഷ് റാവത്തിനെതിരേ കലാപക്കൊടി ഉയര്‍ത്തി. മാര്‍ച്ച് 18ന് സഭയില്‍ ബജറ്റ് സമ്മേളനത്തോടനുബന്ധിച്ച് നടന്ന ധനവിനിയോഗ ബില്ലുമായി ബന്ധപ്പെട്ടുനടന്ന ചര്‍ച്ചകള്‍ക്കിടെയായിരുന്നു ഇത്.
തുടര്‍ന്ന് ബജറ്റ് സമ്മേളനം അലങ്കോലപ്പെട്ടെന്നും സഭയില്‍ മുഖ്യമന്ത്രി ഹരീഷ് റാവത്തിന് വിശ്വാസം നഷ്ടപ്പെട്ടെന്നും ചൂണ്ടിക്കാട്ടി കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രപതിഭരണത്തിന് ശുപാര്‍ശ ചെയ്യുകയായിരുന്നു. എന്നാല്‍, ഒന്‍പത് വിമത എം.എല്‍.എമാരെയും സ്പീക്കര്‍ അയോഗ്യരാക്കിയതോടെ രാഷ്ട്രീയം കുഴഞ്ഞുമറിഞ്ഞു. തുടര്‍ന്ന് ഹരീഷ് റാവത്ത് രാഷ്ട്രപതിഭരണം ചോദ്യംചെയ്ത് ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി കേന്ദ്ര നടപടിയെ രൂക്ഷമായി വിമര്‍ശിക്കുകയും രാഷ്ട്രപതിഭരണം അസ്ഥിരപ്പെടുത്തുകയും ചെയ്തു. ഇതിനെതിരേ കേന്ദ്രസര്‍ക്കാര്‍ സുപ്രിം കോടതിയിലെത്തി. എന്നാല്‍, അവിടെയും കേന്ദ്രസര്‍ക്കാരിന് തിരിച്ചടിനേരിട്ടു. വിമത എം.എല്‍.എമാരുടെ പേരില്‍ സഭ പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുന്നതിനുപകരം വിശ്വാസവോട്ടെടുപ്പ് നടത്തുകയല്ലേ വേണ്ടതെന്ന സുപ്രിംകോടതി നിരീക്ഷണത്തിനുമുന്നില്‍ കേന്ദ്രസര്‍ക്കാരിനു മുട്ടുമടക്കേണ്ടിവന്നു. തുടര്‍ന്ന് കേന്ദ്രത്തിനു കഴിയുന്നില്ലെങ്കില്‍ തങ്ങളുടെ മേല്‍നോട്ടത്തില്‍ വിശ്വാസവോട്ടെടുപ്പ് നടത്തിക്കൂടേയെന്ന് കോടതി ചോദിച്ചു.
ഇതോടെ കുഴങ്ങിയ കേന്ദ്രം മനസില്ലാമനസോടെ അതിനു സമ്മതിക്കുകയായിരുന്നു. എന്നാല്‍, അയോഗ്യരാക്കപ്പെട്ട എം.എല്‍.എമാര്‍ക്ക് വോട്ട് ചെയ്യാന്‍ അനുമതി ലഭിക്കുമെന്ന് വോട്ടെടുപ്പിന് തലേന്നുവരെയും കേന്ദ്രം പ്രതീക്ഷിച്ചിരുന്നു. എന്നാല്‍, ഇതിനുവിപരീതമായി അയോഗ്യരാക്കപ്പെട്ട എം.എല്‍.എമാര്‍ക്ക് വിശ്വാസവോട്ടെടുപ്പില്‍ പങ്കെടുക്കാനാവില്ലെന്ന് ഉത്തരാഖണ്ഡ് ഹൈക്കോടതി ഉത്തരവിട്ടു. ഇതിനെതിരേ നല്‍കിയ ഹരജി സുപ്രിംകോടതിയും തള്ളുകയായിരുന്നു.

കോടതിയലക്ഷ്യത്തിന് സാധ്യത

ന്യൂഡല്‍ഹി: കോടതി ഔദ്യോഗിക ഫലപ്രഖ്യാപനം നടത്തുന്നതിനുമുന്‍പ് മുന്‍ മുഖ്യമന്ത്രി ഹരീഷ് റാവത്ത് തങ്ങള്‍ വിജയിച്ചതായി പ്രഖ്യാപിച്ചത് കോടതിയലക്ഷ്യത്തിന്റെ പരിധിയില്‍ വരാന്‍ സാധ്യതയെന്ന് വിദഗ്ധര്‍.
നാളത്തെ കോടതി നടപടികളില്‍ ഇക്കാര്യമറിയാമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.