2019 March 26 Tuesday
നീതി ലഭ്യമാക്കാനുള്ള എളുപ്പമാര്‍ഗം മറ്റുള്ളവര്‍ക്കു നീതി വാങ്ങിക്കൊടുക്കലാണ്. -മഹാത്മജി

കേന്ദ്രം തള്ളിയ കണിച്ചുകുളങ്ങര ക്ഷേത്രത്തിന് മൂന്നര കോടി

 

തിരുവനന്തപുരം: എസ്.എന്‍.ഡി.പി യൂനിയന്‍ ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പിണറായി സര്‍ക്കാര്‍ വക തെരഞ്ഞെടുപ്പ് സമ്മാനം.
ശബരിമല സ്ത്രീ പ്രവേശന വിഷയത്തിലും വനിതാമതില്‍ സംഘടിപ്പിക്കുന്നതിലും സര്‍ക്കാരിനൊപ്പംനിന്ന വെള്ളാപ്പള്ളി നടേശനുള്ള ‘സമ്മാന’മാണ് സര്‍ക്കാര്‍ ഖജനാവില്‍ നിന്നുള്ള മൂന്നരക്കോടി രുപയുടെ പദ്ധതി.
വെള്ളാപ്പള്ളി പ്രസിഡന്റായ കണിച്ചുകുളങ്ങര ക്ഷേത്രത്തിന് പില്‍ഗ്രിം ഫെസിലിറ്റേഷന്‍ സെന്റര്‍ നിര്‍മ്മിക്കാനാണ് ടൂറിസം വകുപ്പില്‍ നിന്നും പണം അനുവദിച്ചത്. ക്ഷേത്രങ്ങള്‍ക്കും പള്ളികള്‍ക്കും സഹായം നല്‍കുന്ന കേന്ദ്ര പദ്ധതിയായ സ്വദേശി ദര്‍ശനില്‍ ഉള്‍പ്പെടുത്താന്‍ നേരത്തെ വെള്ളാപ്പള്ളി നടേശന്‍ അപേക്ഷ നല്‍കിയെങ്കിലും കേന്ദ്ര സഹമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം കണിച്ചുകുളങ്ങര ക്ഷേത്രത്തെ ഒഴിവാക്കിയിരുന്നു. ഇതേ തുടര്‍ന്ന് വെള്ളാപ്പള്ളി സംസ്ഥാന സര്‍ക്കാരിനെ സമീപിക്കുകയായിരുന്നു. വേഗത്തില്‍ തന്നെ ഫയല്‍ നീങ്ങുകയും ടൂറിസം വകുപ്പില്‍ നിന്നും പണം അനുവദിക്കുകയും ചെയ്തു. കെട്ടിടത്തിന്റെ തറക്കല്ലിടല്‍ ചടങ്ങ് ഈ മാസം 25ന് മുഖ്യമന്ത്രി ക്ഷേത്രത്തില്‍ നിര്‍വഹിക്കും. പിണറായി വിജയനൊപ്പം വെള്ളാപ്പള്ളി നടേശനും ജില്ലയിലെ സി.പി.എം മന്ത്രിമാരായ ജി. സുധാകരനും ടി.എം തോമസ്‌ഐസക്കും തറക്കല്ലിടല്‍ ചടങ്ങിന് കണിച്ചുകുളങ്ങര ക്ഷേത്രത്തിലെത്തും.
ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പോടുകൂടിയാണ് വെള്ളാപ്പള്ളി നടേശന്‍ പൂര്‍ണമായും ഇടതുപക്ഷത്തിന്റെ നിലപാടിനൊപ്പം നിന്നത്. ചെങ്ങന്നൂരില്‍ ഇടതുപക്ഷത്തിന്റെ വിജയത്തിനായി പ്രവര്‍ത്തിക്കണമെന്ന നിര്‍ദേശം വെള്ളാപ്പള്ളി സമുദായംഗങ്ങള്‍ക്ക് നല്‍കുകയും ചെയ്തു. ചെങ്ങന്നൂരിന് പിന്നാലെ സംസ്ഥാന സര്‍ക്കാര്‍ പ്രതിരോധത്തിലായപ്പോഴെല്ലാം വെള്ളാപ്പള്ളി പിണറായിക്കും സര്‍ക്കാരിനും ഒപ്പം നിന്നു. ശബരിമല സ്ത്രീ പ്രവേശനവിഷയത്തിലടക്കം സര്‍ക്കാര്‍ പ്രതിസന്ധിയിലായപ്പോഴെല്ലാം മുഖ്യമന്ത്രിയെ പ്രതിരോധിക്കാന്‍ വെള്ളാപ്പള്ളി നടേശനുണ്ടായിരുന്നു.
ഒടുവില്‍ വെള്ളാപ്പള്ളി നടേശനെ വനിതാ മതിലിന്റെ സംഘാടക സമിതി ചെയര്‍മാനുമാക്കി. അതിനിടയിലാണ് വെള്ളാപ്പള്ളി നടേശന്‍ ദേവസ്വം പ്രസിഡന്റായ കണിച്ചുകുളങ്ങര ക്ഷേത്രത്തിന് വേണ്ടി ടൂറിസം വകുപ്പ് കെട്ടിടം നിര്‍മ്മിച്ച് കൊടുക്കാന്‍ തീരുമാനിച്ചത്.
ചെങ്ങന്നൂര്‍ ഉപതെരെഞ്ഞെടുപ്പിലെ പിന്തുണയും സംസ്ഥാന സര്‍ക്കാരിനും പിണറായിക്കും നല്‍കുന്ന ശക്തമായ പിന്തുണയും തന്നെയാണ് ഇതിന് പിന്നിലെന്ന് വ്യക്തം.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.