2018 September 26 Wednesday
മടിയന്മാരുടെ പ്രാര്‍ഥന ദൈവം കേള്‍ക്കില്ല
സൈറസ്

കെ. മുരളീധരന്റെ ആസ്തി 7.45 കോടി; കടകംപള്ളിക്ക് 45 കേസ്

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി കെ. മുരളീധരന് സ്ഥാവരജംഗമ വസ്തുക്കളില്‍ നിന്നായി ആകെ 7.45 കോടിയുടെ ആസ്തി. കൈവശം ആകെയുള്ളത് 20,000 രൂപ. വിവിധ ബാങ്കുകളിലായി 1.49 കോടിയുടെ സ്ഥിരം നിക്ഷേപവും സബ്ട്രഷറി ഉള്‍പെടെ വിവിധ ബാങ്കുകളിലായി 32.77 ലക്ഷത്തിന്റെ സേവിങ് ബാങ്ക് നിക്ഷേപവുമുണ്ട്. നാമനിര്‍ദേശ പത്രികയോടൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഈ വിവരം.

കോഴിക്കോട് വെസ്റ്റ്ഹില്ലില്‍ 13,20,000 രൂപ വിലയ്ക്ക് 1987ല്‍ വാങ്ങിയ 20.5 സെന്റ് വസ്തുവും വീടും 19,80,000 രൂപയ്ക്ക് 1999ല്‍ ഗുരുവായൂരില്‍ വാങ്ങിയ ഫ്‌ളാറ്റുമുണ്ട്. തൃശൂര്‍ അയ്യന്തോളില്‍ പാരമ്പര്യമായി കിട്ടിയ 85 ലക്ഷം രൂപ വിലവരുന്ന 2,500 ചതുരശ്ര അടിയുള്ള വീടും ഒന്‍പത് ലക്ഷം രൂപ വിലവരുന്ന വസ്തുവുമുണ്ട്. പഴയ പാര്‍ട്ടിയായ ഡി.ഐ.സിക്കു വേണ്ടി കെ. കരുണാകരന്‍ വാങ്ങിയ 60 ലക്ഷം രൂപ വിലവരുന്ന കെട്ടിടവും ഇപ്പോള്‍ മുരളിയുടേതാണ്. കൂടാതെ 29.98 ലക്ഷത്തോളം വിലവരുന്ന രണ്ട് ഇന്നോവ കാറുകളും അഞ്ചുലക്ഷം രൂപ വിലവരുന്ന വീട്ടുസാധനങ്ങളും ജനപ്രിയ കമ്യൂണിക്കേഷന്‍സില്‍ 3.39 കോടിയുടെ ഷെയറുമുണ്ട്. ഭാര്യ എസ്. ജ്യോതിക്ക് സ്വര്‍ണം, ബാങ്ക് നിക്ഷേപങ്ങള്‍, കമ്പനി ഷെയറുകള്‍ അടക്കം 5.17 കോടിയുടെയുടെ ആസ്തിയുണ്ട്. മൂത്തമകന്‍ അരുണ്‍ നാരായണന് സ്ഥിരം നിക്ഷേപങ്ങളും സേവിങ് ബാങ്ക് നിക്ഷേപങ്ങളുമായി 26.48 ലക്ഷത്തിന്റെയും ഇളയ മകന്‍ ശബരീനാഥിന് 15.72 ലക്ഷത്തിന്റെയും ആസ്തിയാണുള്ളത്.

കാട്ടാക്കടയിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി എന്‍. ശക്തന്റെ സ്ഥാവരജംഗമ വസ്തുക്കളുടെ മൊത്തം ആസ്തി 2,34,010 രൂപ. ഭാര്യയുടെ പേരിലുള്ള സ്ഥാവരജംഗമവസ്തുക്കളുടെ മൂല്യം 67,32,820 രൂപയാണ്. ഇരുവരുടെയും പേരില്‍ ആകെയുള്ള വസ്തുവകകളുടെ മൂല്യം 79,66,830 രൂപയാണ്. ശക്തന്റെ കൈവശമുള്ളത് 10,000 രൂപയാണ്. കൃഷിഭൂമി ഇനത്തില്‍ സ്വന്തം പേരില്‍ 22 സെന്റു ഭൂമിയും നിക്ഷേപയിനത്തില്‍ നാല് ബാങ്ക് അക്കൗണ്ടുകളിലായി ആകെ 6,010 രൂപയുമുണ്ട്. ഭാര്യയുടെ കൈവശം ആകെയുള്ളത് 6000 രൂപയാണ്. 2,23,195 രൂപ ഭാര്യയുടെ പേരില്‍ നിക്ഷേപയിനത്തിലുണ്ട്. ഒരുലക്ഷം രൂപ മൂല്യമുള്ള 40 ഗ്രാം സ്വര്‍ണാഭരണം ശക്തനും ഒന്‍പതു ലക്ഷം രൂപ വിലവരുന്ന 320 ഗ്രാം സ്വര്‍ണാഭരണങ്ങള്‍ ഭാര്യയ്ക്കുമുണ്ട്. ഭാര്യയുടെ പേരില്‍ 5,43,625 രൂപ വിലയുള്ള സ്വിഫ്റ്റ് കാറുണ്ട്. ശക്തന്റെ പേരില്‍ കാഞ്ഞിരംകുളത്തെ 22 സെന്റ് കൃഷിഭൂമിക്ക് നിലവിലെ വിപണിവില 11,00,000 രൂപയാണ്. ഭാര്യയുടെ പേരില്‍ കോട്ടുകാലിലുള്ള ഒരേക്കര്‍ കൃഷി ഭൂമിക്ക് 5,00,000 രൂപ വിപണി വിലയുണ്ട്.

കഴക്കൂട്ടത്തെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി കടകംപള്ളി സുരേന്ദ്രന്റെ കൈവശമുള്ളത് 15,000 രൂപ. 45 പൊലിസ് കേസുകളുമുണ്ട്. കേസുകളിലെല്ലാം ജാമ്യമെടുത്തിട്ടുണ്ട്. കടകംപള്ളി സ്റ്റേറ്റ് കോ- ഓപ്പറേറ്റീവ് ബാങ്കില്‍ 10,000 രൂപയും തിരുവനന്തപുരം യൂനിവേഴ്‌സിറ്റി കാംപസിലെ എസ്.ബി.ടിശാഖയില്‍ 930 രൂപയും ജില്ലാ ട്രഷറിയില്‍ 24,141 രൂപയും നിക്ഷേപമുണ്ട്. മലയാളം കമ്യൂണിക്കേഷന്‍സില്‍ 10,000 രൂപയുടെ ഓഹരിയുമുണ്ട്. ഭാര്യ തിരുമല എബ്രഹാം മെമ്മോറിയല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപികയായ സുലേഖയുടെ കൈവശം 5000 രൂപ പണമായുണ്ട്.

നിക്ഷേപങ്ങളും ആഭരണവും കാറും ഉള്ളൂര്‍ വില്ലേജില്‍ 50 സെന്റ് ഭൂമിയും കവടിയാര്‍ വില്ലേജില്‍ നാലു സെന്റു ഭൂമിയും 1,200 ചതുരശ്ര അടിയുള്ള വീടും ഭാര്യയുടെ പേരിലുണ്ട്. 33 ലക്ഷം രൂപയുടെ വസ്തുവകകളാണ് ഭാര്യയുടെ പേരിലുള്ളത്. കടകംപള്ളി സുരേന്ദ്രന്റെ പേരില്‍ കടകംപള്ളി വില്ലേജില്‍ 12 സെന്റ് ഭൂമിയും 850 ചതുരശ്ര അടി വിസ്തീര്‍ണമുള്ള വീടുമുണ്ട്. വട്ടിയൂര്‍ക്കാവിലെ ബി.ജെ.പി സ്ഥാനാര്‍ഥി കുമ്മനം രാജശേഖരന് ആശ്രിതരാരുമില്ല. കൊല്ലം അയ്മനം വില്ലേജില്‍ 25 സെന്റ് സ്ഥലമുണ്ട്. അതിന്റെ മതിപ്പുവില 25 ലക്ഷം രൂപ. കയ്യിലുള്ളത് 10,000 രൂപയാണ്. എച്ച്.ഡി.എഫ്.സി കലൂര്‍ ബ്രാഞ്ചില്‍ 10,812 രൂപയും എസ്.ബി.ഐ കലൂര്‍ ബ്രാഞ്ചില്‍ 6512 രൂപയും പേരൂര്‍ക്കട എസ്.ബി.ഐ ബ്രാഞ്ചില്‍ ആയിരം രൂപയുമുണ്ട്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.