2020 June 05 Friday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരന്‍ രാജിവച്ചു

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാക്കളെയും പ്രവര്‍ത്തകരെയും ഞെട്ടിച്ച് വി.എം.സുധീരന്‍ കെ.പി.സി.സി അധ്യക്ഷസ്ഥാനം ഒഴിഞ്ഞു. ഇന്ദിരാഭവനില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് സുധീരന്‍ അപ്രതീക്ഷിതമായി രാജി പ്രഖ്യാപിച്ചത്. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയെ വാര്‍ത്താസമ്മേളനത്തിന് മുന്‍പ് രാജിക്കാര്യം അറിയിച്ചെങ്കിലും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ അറിയിച്ചില്ല. അടുപ്പക്കാരോട് നേരത്തെ തന്നെ രാജി സംബന്ധിച്ച സൂചന സുധീരന്‍ നല്‍കിയിരുന്നെങ്കിലും ഇത്രയും പെട്ടെന്നതു സംഭവിക്കുമെന്ന് അവരും കരുതിയില്ല.
സംസ്ഥാനത്തെ ഗ്രൂപ്പുകളെ മറികടന്ന് അധ്യക്ഷസ്ഥാനത്ത് എത്തിയ സുധീരന്‍ മൂന്നുവര്‍ഷവും 28 ദിവസവും പാര്‍ട്ടിയെ നയിച്ച ശേഷമാണ് പദവി ഒഴിയുന്നത്. കോണ്‍ഗ്രസ് നേതാക്കള്‍ക്കോ മാധ്യമപ്രവര്‍ത്തകര്‍ക്കോ രാജി സംബന്ധിച്ച ഒരു സൂചനയും നല്‍കിയിരുന്നില്ല. അനാരോഗ്യം ചൂണ്ടിക്കാട്ടിയാണ് സുധീരന്റെ രാജി പ്രഖ്യാപനം. വ്യക്തിപരമായ അസൗകര്യം പാര്‍ട്ടി പ്രവര്‍ത്തനത്തെ ബാധിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. അതാണ് രാജിവയ്ക്കാനുള്ള കാരണമെന്നും ഉള്‍പ്പാര്‍ട്ടി രാഷ്ട്രീയമില്ലെന്നും സുധീരന്‍ വ്യക്തമാക്കി. ബദല്‍ ക്രമീകരണങ്ങള്‍ ഉടന്‍ തന്നെ എ.ഐ.സി.സി ഏര്‍പ്പെടുത്തുമെന്നും സുധീരന്‍ പറഞ്ഞു. കോഴിക്കോട്ട് മാര്‍ച്ച് അഞ്ചിന് നടന്ന പരിപാടിക്കിടെ വേദിയില്‍ തെന്നിവീണു സുധീരന്റെ വാരിയെല്ലിന് പരുക്കേറ്റിരുന്നു. ചികിത്സയ്ക്കു ശേഷം തലസ്ഥാനത്തു മടങ്ങിയെത്തിയ സുധീരന്‍ വിശ്രമത്തിലായിരുന്നു. ദീര്‍ഘകാല ചികിത്സ നടത്തിയാല്‍ മാത്രമേ പരുക്ക് ഭേദമാകുകയുള്ളുവെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതായി സുധീരന്‍ പറഞ്ഞു. ആരോഗ്യപ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ മുഴുവന്‍ സമയവും പാര്‍ട്ടിയെ നയിക്കാന്‍ കഴിയില്ല.
നിലവില്‍ പാര്‍ട്ടിക്കുള്ളില്‍ നിരവധി പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ഇതു പരിഹരിക്കാന്‍ നിലവിലെ ആരോഗ്യസ്ഥിതിവച്ച് ഓടിനടക്കാനാവില്ല. ഇതുവരെ എല്ലാ പിന്തുണയും നല്‍കി ഒപ്പംനിന്ന പാര്‍ട്ടി പ്രവര്‍ത്തകരോടു നന്ദിയുണ്ടെന്നു സുധീരന്‍ പറഞ്ഞു. തന്നില്‍ വിശ്വാസമര്‍പ്പിച്ച സോണിയാഗാന്ധിയോടും രാഹുല്‍ഗാന്ധിയോടും മറ്റു നേതാക്കളോടും നന്ദിയുണ്ട്.
പാര്‍ട്ടിയെ അതിന്റെ സുവര്‍ണകാലത്തേക്കു നയിക്കാനാണ് ഈ പദവിയിലിരുന്ന് ശ്രമിച്ചിട്ടുള്ളത്. ഈ സാഹചര്യത്തില്‍, സ്ഥാനമൊഴിയേണ്ടി വന്നതില്‍ വിഷമമുണ്ടെന്നും സുധീരന്‍ പറഞ്ഞു.

തീരുമാനം സോണിയ എത്തിയ ശേഷം

സ്വന്തം ലേഖകന്‍
ന്യൂഡല്‍ഹി: പാര്‍ലമെന്റ് നടക്കുന്ന സമയമായതിനാല്‍ കോണ്‍ഗ്രസിന്റെ എല്ലാ എം.പിമാരും ഡല്‍ഹിയിലായിരിക്കെ എത്തിയ സുധീരന്റെ രാജിവാര്‍ത്തയെ തുടര്‍ന്നു രാജ്യതലസ്ഥാനത്തു തിരക്കിട്ട രാഷ്ട്രീയ ചര്‍ച്ചകള്‍. രാജിവിവരം അറിഞ്ഞയുടനെ ആന്റണി കേരളത്തില്‍ നിന്നുള്ള നേതാക്കളുമായി ബന്ധപ്പെട്ടിരുന്നു. രാജിക്കാര്യം വാര്‍ത്താസമ്മേളനത്തിലൂടെ പരസ്യമാക്കിയ ശേഷമാണ് സുധീരന്‍ രാജിക്കത്ത് ഹൈക്കമാന്‍ഡിന് അയച്ചത്. കേരളത്തിലെ ഗ്രൂപ്പ് പോരില്‍നിന്ന് അകന്നുനില്‍ക്കുന്ന എ.കെ.ആന്റണിയോട് പോലും സുധീരന്‍ രാജിക്കാര്യം അറിയിച്ചത് ഇന്നലെ രാവിലെ മാത്രം.
ഈ സാഹചര്യത്തില്‍ പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നതുവരെ സുധീരനോട് തുടരാനുള്ള നിര്‍ദേശമാകും ഹൈക്കമാന്‍ഡ് നല്‍കുക. ഗ്രൂപ്പ് പോര് ശക്തമായ കേരളത്തില്‍ പുതിയ പ്രസിഡന്റിനെ നിശ്ചയിക്കുകയെന്നതും നേതൃത്വത്തിന് വെല്ലുവിളിയാണ്. ചികിത്സയുമായി ബന്ധപ്പെട്ട് വിദേശത്തുള്ള സോണിയാഗാന്ധി നാട്ടില്‍ തിരിച്ചെത്തിയ ശേഷമെ പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കുന്നതു സംബന്ധിച്ച ചര്‍ച്ചയുണ്ടാവൂവെന്നാണു പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചത്.
രാജി പരസ്യമാക്കുന്നതിനു മുന്‍പ് ആന്റണി അറിഞ്ഞതായി വ്യക്തമായ സാഹചര്യത്തില്‍ അദ്ദേഹം ഇക്കാര്യം ഹൈക്കമാന്‍ഡിനെ അറിയിച്ചിട്ടുണ്ടാവാനാണു സാധ്യത.
എന്നിട്ടും രാജിയില്‍ നിന്നു സുധീരനെ പിന്തിരിപ്പിക്കാനുള്ള നീക്കം ഉണ്ടാവാത്ത സ്ഥിതിക്ക് ഹൈക്കമാന്‍ഡും സുധീരന്റെ മാറ്റം ആഗ്രഹിച്ചിരുന്നുവെന്നാണു മനസിലാവുന്നത്. സുധീരന്റെ രക്തത്തിനായി ചിലര്‍ ദാഹിച്ചിരുന്നുവെന്നു കൊടിക്കുന്നില്‍ സുരേഷ് എം.പി പ്രതികരിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.