2019 March 25 Monday
നീതി ലഭ്യമാക്കാനുള്ള എളുപ്പമാര്‍ഗം മറ്റുള്ളവര്‍ക്കു നീതി വാങ്ങിക്കൊടുക്കലാണ്. -മഹാത്മജി

കെ.പി.സി.സി നേതൃയോഗത്തിലും പൊരിഞ്ഞ പോര്

സ്ഥാനമൊഴിഞ്ഞത് ഗ്രൂപ്പ് പോരില്‍ മനംനൊന്തെന്ന് സുധീരന്‍

 

തിരുവനന്തപുരം: രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസ് മാണി ഗ്രൂപ്പിനു നല്‍കിയതിന്റെ പേരില്‍ കെ.പി.സി.സി നേതൃയോഗത്തിലും പൊരിഞ്ഞ പോര്. തിങ്കളാഴ്ച ചേര്‍ന്ന കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി യോഗത്തിനുപിന്നാലെ ഇന്നലെ ചേര്‍ന്ന നേതൃയോഗവും രൂക്ഷമായ തര്‍ക്കത്തിലാണ് അവസാനിച്ചത്. ബഹളം മൂലം കുറച്ചുസമയം യോഗം നിര്‍ത്തിവയ്‌ക്കേണ്ടിവന്നു.
രാവിലെ യോഗം ആരംഭിച്ചപ്പോള്‍ കെ.എം മാണിക്ക് രാജ്യസഭാ സീറ്റ് നല്‍കാനുണ്ടായ സാഹചര്യം രമേശ് ചെന്നിത്തല വിവരിച്ചു. മുന്നണിയെ രക്ഷിക്കാനായി എടുത്ത തീരുമാനമാണിത്. ഇനി ഇത്തരം സുപ്രധാന തീരുമാനങ്ങള്‍ എടുക്കേണ്ട സാഹചര്യത്തില്‍ പാര്‍ട്ടി യോഗം വിളിച്ചുചേര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. മാണിക്ക് സീറ്റ് നല്‍കിയതിന്റെ ഉത്തരവാദിത്തം മൂന്നു നേതാക്കള്‍ക്കുമുണ്ടെന്നും അതില്‍ ഉമ്മന്‍ ചാണ്ടിയെ മാത്രം ആക്രമിക്കുമ്പോള്‍ മറ്റു രണ്ടു നേതാക്കള്‍ പ്രതിരോധിക്കാതിരിക്കുന്നത് ശരിയല്ലെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.
നിയമസഭാ സമ്മേളനം നടക്കുന്നതിനാല്‍ പ്രമുഖ നേതാക്കള്‍ക്ക് ഉച്ചയോടെ സഭയിലേക്ക് പോകേണ്ടിവന്നു. ഉച്ചതിരിഞ്ഞു മൂന്നു മണിയോടെ അവര്‍ തിരിച്ചെത്തിയ ശേഷമാണ് യോഗത്തില്‍ രൂക്ഷമായ തര്‍ക്കങ്ങള്‍ നടന്നത്. ഹസനും രാജ്‌മോഹന്‍ ഉണ്ണിത്താനും തമ്മിലായിരുന്നു തര്‍ക്കത്തിനു തുടക്കം.
എഴുന്നേറ്റു നടക്കാന്‍ പോലുമാവാത്തവര്‍ക്ക് സ്ഥാനമാനങ്ങള്‍ നല്‍കുന്ന നേതാക്കള്‍ പാര്‍ട്ടിക്കുവേണ്ടി വെള്ളം കോരിയ തന്നെ തഴയുകയായിരുന്നുവെന്ന് ഉണ്ണിത്താന്‍ പറഞ്ഞു. രാജ്യസഭാ സീറ്റ് വിട്ടുകൊടുത്തതിന്റെ ഉത്തരവാദിത്തം മൂന്നു നേതാക്കളും ചേര്‍ന്ന് ഏറ്റെടുത്തതു നന്നായി. ഇനിയും പാര്‍ട്ടിയുടെ ഭാരംപേറി മൂന്നുപേരും പിടലി ഒടിക്കാതെ സൂക്ഷിക്കണമെന്ന് ഉണ്ണിത്താന്‍ പറഞ്ഞത് ഹസനെ പ്രകോപിപ്പിച്ചു.
ഉണ്ണിത്താന്റെ നാക്കാണ് പല പ്രശ്‌നങ്ങള്‍ക്കും കാരണമെന്ന് ഹസന്‍ തിരിച്ചടിച്ചു. പാര്‍ട്ടിയുടെ വക്താവായി ഇരിക്കാന്‍ യോഗ്യനല്ല ഉണ്ണിത്താന്‍. ചാനലില്‍ കയറിയിരുന്ന് പാര്‍ട്ടിക്കെതിരേ സംസാരിക്കാന്‍ തുടങ്ങിയിട്ട് കുറേ നാളായെന്ന് ഹസന്‍ പറഞ്ഞപ്പോള്‍ ഉണ്ണിത്താനും പ്രകോപിതനായി. വക്താവ് പദവി തനിക്കു ഹസന്‍ നല്‍കിയ ഔദാര്യമല്ലെന്നും ഹൈക്കമാന്‍ഡ് നല്‍കിയതാണെന്നും ഉണ്ണിത്താന്‍ മറുപടി നല്‍കി.
തുടര്‍ന്നു സംസാരിച്ച സുധീരന്‍ ഗ്രൂപ്പുകള്‍ക്കെതിരേ രൂക്ഷമായി വിമര്‍ശനമുന്നയിച്ചതോടെ തര്‍ക്കം വീണ്ടും മുറുകി. കെ.പി.സി.സി പ്രസിഡന്റ് പദവിയില്‍ മര്യാദയ്ക്കു പ്രവര്‍ത്തിക്കാന്‍ ഉമ്മന്‍ ചാണ്ടിയടക്കമുള്ള ഗ്രൂപ്പ് മാനേജര്‍മാര്‍ തന്നെ സമ്മതിച്ചില്ലെന്ന് സുധീരന്‍ ആരോപിച്ചു.
സ്ഥാനാര്‍ഥി നിര്‍ണയം ഗ്രൂപ്പ് വീതംവയ്ക്കലായതാണ് നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന്റെ മുഖ്യ കാരണം. കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്തു നിന്നുള്ള തന്റെ രാജിക്കു കാരണം അനാരോഗ്യമല്ല, ഗ്രൂപ്പ് വൈരത്തില്‍ മനംനൊന്താണ് സ്ഥാനമൊഴിഞ്ഞതെന്നും സുധീരന്‍ പറഞ്ഞു.
സുധീരന്‍ അതിരുവിട്ട പരസ്യപ്രസ്താവനകള്‍ നടത്തുന്നതായി ഹസന്‍ ആരോപിച്ചു. പറയാനുള്ളത് ഇനിയും പരസ്യമായി പറയുമെന്നു തുറന്നടിച്ച സുധീരന്‍, ചെയ്യാനുള്ളത് ചെയ്യാന്‍ നേതൃത്വത്തെ വെല്ലുവിളിച്ചു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.