2020 June 01 Monday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

കെ.പി.സി.സിയില്‍ സാമ്പത്തിക പ്രതിസന്ധിയും രൂക്ഷമായി

നാഥനില്ലാതായിട്ട് ഒരാഴ്ച പിന്നിടുന്നു 

യു.എച്ച് സിദ്ദീഖ്

തിരുവനന്തപുരം: സംസ്ഥാനത്ത് കോണ്‍ഗ്രസിന് നാഥനില്ലാതായിട്ട് ഒരാഴ്ച പിന്നിടുമ്പോള്‍ കെ.പി.സി.സിയില്‍ സാമ്പത്തിക പ്രതിസന്ധിയും രൂക്ഷമായി. കസേരയ്ക്കായി എ,ഐ ഗ്രൂപ്പുകള്‍ തമ്മില്‍ ചേരിതിരിവ് രൂക്ഷമായിരിക്കുന്നതിനിടെയാണ് ദൈനംദിന കാര്യങ്ങള്‍ക്കുപോലും ഫണ്ടില്ലാതെ പാര്‍ട്ടി പ്രതിസന്ധി നേരിടുന്നത്. സുധീരനെ നേരിടാന്‍ ഗ്രൂപ്പ് മാനേജര്‍മാര്‍ സ്രോതസുകള്‍ അടച്ചതോടെയാണ് ഫണ്ട് വരവ് നിലച്ചത്. ദൈനംദിന കാര്യങ്ങള്‍ക്കുപോലും പണമില്ലാതായതോടെ ഇന്ദിരാഭവനിലെ ജീവനക്കാരുടെ ശമ്പളംപോലും മുടങ്ങി.
കെ.പി.സി.സിയുടെ സാമ്പത്തിക സ്ഥിതി പരിതാപകരമാണെന്ന് മനസിലാക്കിയ കോണ്‍ഗ്രസ് അനുഭാവിയും മലപ്പുറം സ്വദേശിയുമായ വ്യവസായി ഫണ്ട് നല്‍കാന്‍ രംഗത്തെത്തിയെങ്കിലും തുക കൈപ്പറ്റാന്‍ സുധീരന്‍ തയാറായിരുന്നില്ല. ഇതിന് രണ്ടുദിവസത്തിനുശേഷമാണ് സുധീരന്‍ അധ്യക്ഷസ്ഥാനം ഒഴിഞ്ഞത്. കെ.പി.സി.സിയുടെ ദൈനംദിന കാര്യങ്ങള്‍ക്ക് ഫണ്ട് ശേഖരണം നടത്തിയിരുന്ന പ്രമുഖ നേതാക്കളെല്ലാം സുധീരന്‍ അധ്യക്ഷനായതോടെ പിന്‍വലിഞ്ഞിരുന്നു. എറണാകുളത്തെ പ്രമുഖനായ നേതാവ് നിയമസഭാ സീറ്റ് നിഷേധിക്കപ്പെട്ടതോടെ കെ.പി.സി.സിയുമായുള്ള സഹകരണംതന്നെ അവസാനിപ്പിച്ചു. ഫണ്ട് ചോദിച്ചുവാങ്ങുന്നതില്‍ സുധീരനും വൈമുഖ്യം കാട്ടിയിരുന്നു.
സാമ്പത്തിക പ്രതിസന്ധി സൃഷ്ടിച്ച് സുധീരനെ ഗ്രൂപ്പുകള്‍ പുകച്ചുചാടിക്കുകയായിരുന്നുവെന്ന പരാതിയുമായി അദ്ദേഹത്തിന്റെ അനുയായികളും രംഗത്തെത്തിയിട്ടുണ്ട്. ഇതിനിടെ, സുധീരനെ നേരിടാന്‍ ഒന്നിച്ചുനിന്ന ഗ്രൂപ്പുകള്‍ അദ്ദേഹം ഒഴിഞ്ഞതോടെ കസേരയ്ക്കായുള്ള തമ്മിലടി തുടങ്ങിയിട്ടുണ്ട്.
അധ്യക്ഷ പദവിക്കായി നിരവധി നേതാക്കള്‍ അവകാശവാദവുമായി രംഗത്തെത്തുകയും അനുയായികള്‍ സമൂഹിക മാധ്യമങ്ങളിലൂടെ പ്രചാരണം ശക്തമാക്കുകയും ചെയ്യുന്നതിനുപിന്നാലെയാണ് ഗ്രൂപ്പുകള്‍ തമ്മിലെ പോര് രൂക്ഷമായത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും രണ്ടുവട്ടം ചര്‍ച്ച നടത്തിയിട്ടും താല്‍ക്കാലിക അധ്യക്ഷനെ സംബന്ധിച്ച് സമവായത്തിലെത്താന്‍ ആയിട്ടില്ല. കെ.പി.സി.സി ഉപാധ്യക്ഷനും മുതിര്‍ന്ന നേതാവുമായ എം.എം ഹസന് ചുമതല നല്‍കണമെന്നാണ് എ ഗ്രൂപ്പ് ആവശ്യപ്പെടുന്നത്. ഈ ആവശ്യത്തോട് ചെന്നിത്തലയും ഐ ഗ്രൂപ്പും മുഖംതിരിച്ചു നില്‍ക്കുകയാണ്.
രാഹുല്‍ ഗാന്ധിയുടെ അടുപ്പക്കാരനെന്ന നിലയില്‍ താല്‍ക്കാലിക ചുമതല വി.ഡി സതീശന് ലഭിക്കാനുള്ള സാധ്യത മുന്നില്‍ക്കണ്ടാണ് ചെന്നിത്തലയും ഐ ഗ്രൂപ്പും നിശബ്ദത പാലിക്കുന്നത്. അമേരിക്കയില്‍ ചികിത്സയിലുള്ള സോണിയാ ഗാന്ധിയെ കാണാനായി രാഹുല്‍ഗാന്ധി പോയതോടെ ഉടനൊന്നും കെ.പി.സി.സിക്ക് ചുമതലക്കാരന്‍പോലും എത്തില്ലെന്ന് ഉറപ്പായി. രാഹുല്‍ 22 കഴിഞ്ഞേ തിരിച്ചെത്തൂ. അതിനുമുന്‍പ് കേരളത്തില്‍ സമവായം ഉണ്ടാക്കാനാണ് എ ഗ്രൂപ്പ് ശ്രമിക്കുന്നത്. എന്നാല്‍, ചെന്നിത്തലയും ഐ ഗ്രൂപ്പും ഡല്‍ഹിയില്‍നിന്ന് നിയമനം ഉണ്ടാവട്ടെ എന്ന നിലപാടിലാണ്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.