2019 April 23 Tuesday
പുറമെ നിന്ന് അടിച്ചേല്‍പിക്കാവുന്ന ഒന്നല്ല ജനാധിപത്യം എന്നത്. അത് ഉള്ളില്‍ നിന്നുതന്നെ വരേണ്ടതാണ് -മഹാത്മാഗാന്ധി

കെ.പി കുഞ്ഞിമൂസ: നിലപാടുകളില്‍ മായം ചേര്‍ക്കാത്ത മാധ്യമപ്രവര്‍ത്തകന്‍

കെ. ജംഷാദ്

കോഴിക്കോട്: ആരെയും കൂസാതെ തനിക്ക് ശരിയെന്ന് തോന്നുന്ന കാര്യങ്ങള്‍ വെട്ടിത്തുറന്ന് പറയാനും എഴുതാനും ആര്‍ജവം കാണിച്ച മാധ്യമപ്രവര്‍ത്തകനായിരുന്നു കെ.പി കുഞ്ഞിമൂസ. അഞ്ചു പതിറ്റാണ്ടിലധികം അക്ഷരലോകത്തിനും പ്രഭാഷണ കലയ്ക്കും നിരന്തര സംഭാവനകള്‍ നല്‍കിയ അദ്ദേഹം കോഴിക്കോട്ടെ ശ്രോതാക്കളുടെ ഇഷ്ട പ്രഭാഷകരില്‍ ഒരാളാണ്.
കാലിക്കറ്റ് പ്രസ്‌ക്ലബില്‍ 25 വര്‍ഷം പൂര്‍ത്തിയാക്കിയവരെ ആദരിച്ചപ്പോള്‍ മുന്‍ മുഖ്യമന്ത്രി കരുണാകരനില്‍ നിന്ന് ഉപഹാരം സ്വീകരിക്കാനുള്ള അവസരവും അദ്ദേഹത്തിനുണ്ടായി. പ്രസ് ക്ലബ് പ്രസിഡന്റ്, പത്രപ്രവര്‍ത്തക യൂനിയന്‍ സ്റ്റേറ്റ് ക്രഡന്‍ഷ്യല്‍ കമ്മിറ്റി ചെയര്‍മാന്‍, പ്രസ് അക്കാദമി എക്‌സിക്യൂട്ടീവ് അംഗം, അക്രഡിറ്റേഷന്‍ കമ്മിറ്റിയംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. പി.ആര്‍.ഡിയില്‍ ഇന്‍ഫര്‍മേഷന്‍ ഓഫിസറായി സെലക്ഷന്‍ ലഭിച്ചെങ്കിലും അദ്ദേഹം ലീഗ് നേതാക്കളുടെ അഭ്യര്‍ഥന മാനിച്ച് ചന്ദ്രികയില്‍ തുടരുകയായിരുന്നു.
കുവൈത്ത് കെ.എം.സി.സി, സലാല കെ.എം.സി.സി, ഷാര്‍ജ കോഴിക്കോട് ജില്ലാ കെ.എം.സി.സി എന്നിവയുടെ കോ-ഓര്‍ഡിനേറ്ററായിരുന്നു. നിരവധി പ്രവാസി സംഘടനകളുടെ പുരസ്‌കാരവും കെ.പിയെ തേടിയെത്തി. 1966ല്‍ ചന്ദ്രിക പത്രാധിപ സമിതിയില്‍ ചേര്‍ന്ന് ദീര്‍ഘകാലം സേവനം അനുഷ്ഠിച്ചു. എഴുപതുകളുടെ തുടക്കം മുതല്‍ വര്‍ഷങ്ങളോളം വാരാന്തപ്പതിപ്പിന്റെ ചുമതലക്കാരനായി. തൃശൂരില്‍ ഫാദര്‍ വടക്കന്‍ നടത്തിയ തൊഴിലാളി, കണ്ണൂരില്‍ പി.വി.കെ നെടുങ്ങാടി പ്രസിദ്ധീകരിച്ച സുദര്‍ശനം എന്നിവയുടെ ലേഖകനുമായിരുന്നു.
കെ.പി കുഞ്ഞിമൂസയുടെ വിയോഗത്തിലൂടെ കോഴിക്കോടിന്റെ സാംസ്‌കാരിക രംഗത്തിന് നഷ്ടമാകുന്നത് നിലപാടുകളില്‍ മായം ചേര്‍ക്കാത്ത മാധ്യമപ്രവര്‍ത്തകനെയാണ്.

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.