2019 April 25 Thursday
ഒരു പ്രഭുവിന്റെ രക്തത്തെക്കാള്‍ വില കൂടിയതത്രെ ഒരു പിച്ചക്കാരന്റെ കൈയിലുള്ള പുസ്തകം -വില്യം ഷേക്‌സ്പിയര്‍

കെ.എസ്.ഇ.ബി ജീവനക്കാരുടെ ശമ്പളം പിടിച്ചെടുക്കാന്‍ അനുവദിക്കില്ലെന്ന് ഐ.എന്‍.ടി.യു.സി

പാലക്കാട്: പ്രളയ ദുരിതാശ്വാസത്തിന്റെ പേരില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കെ.എസ്.ഇ.ബി. ജീവനക്കാരുടെ ഒരുമാസത്തെ ശമ്പളം നിര്‍ബന്ധപൂര്‍വ്വം ഏകപക്ഷീയമായി പിടിച്ചെടുക്കാനുള്ള നീക്കം അനുവദിക്കില്ലെന്ന് കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോണ്‍ഫെഡറേഷന്‍ (ഐ.എന്‍.ടി.യു.സി) ജില്ലാ സെക്രട്ടറി ഷമീം നാട്യമംഗലം പറഞ്ഞു.
ഭരണാനുകൂല സംഘടനകളില്‍പ്പെട്ടവര്‍ രണ്ട് ദിവസത്തെയും പ്രതിപക്ഷ സംഘടനയില്‍പ്പെട്ടവര്‍ ഒരു ദിവസത്തെയും വേതനം ഓഗസ്റ്റ് മാസത്തെ ശമ്പളത്തില്‍നിന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഇതിനകം നല്‍കിക്കഴിഞ്ഞു.
ദുരിതബാധിതരെ സഹായിക്കാന്‍ ഒരുമാസത്തെ ശമ്പളം പത്ത് തവണകളായി സംഭാവന ചെയ്യണമെന്ന മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശത്തോട് പൊതുവെ അനുകൂല നിലപാടാണ് സംഘടനയ്ക്കുള്ളത്. ബഹുഭൂരിഭാഗം ജീവനക്കാരും ഭവനവായ്പ, വാഹനവായ്പ, പി.എഫ്. വായ്പ തുടങ്ങിയവയുടെ തിരിച്ചടവ് കഴിഞ്ഞ് കുറഞ്ഞ തുക മാത്രം ശമ്പളം കൈപ്പറ്റുന്നവരാണ്. പ്രളയബാധിതരായ ഒട്ടേറെ ജീവനക്കാരും ഉണ്ട്.
ഇവരില്‍ നിന്നൊക്കെ ഒരുമാസത്തെ വേതനം നിര്‍ബന്ധപൂര്‍വ്വം പിടിച്ചെടുക്കുന്നത് നീതീകരിക്കാനാവില്ല. അതിനാല്‍ എത്ര തുകയാണ് സംഭാവന ചെയ്യുന്നത് എന്ന് തീരുമാനിക്കാനുള്ള അവകാശം അതത് ജീവനക്കാര്‍ക്ക് വകവെച്ചുകൊടുക്കണം.
വ്യവസായ തര്‍ക്കനിയമം ബാധകമായ സ്ഥാപനമാണ് കെ.എസ്.ഇ.ബി. ലിമിറ്റഡ്. അംഗീകൃത തൊഴിലാളി സംഘടനകളും മാനേജ്‌മെന്റും കൂട്ടായ വിലപേശലിനൊടുവില്‍ ഒപ്പുവെയ്ക്കുന്ന ദീര്‍ഘകാല കരാറിന്റെ അടിസ്ഥാനത്തില്‍ ആണ് വൈദ്യുതി ബോര്‍ഡില്‍ സേവന-വേതന വ്യവസ്ഥകള്‍ നിശ്ചയിക്കുന്നത്. ഇതിന് വിരുദ്ധമായി തൊഴിലാളിയുടെ അനുവാദമില്ലാതെ വേതനം പിടിച്ചെടുക്കുന്നത് കരാര്‍ ലംഘനവും നിയമവിരുദ്ധവും ആണ്. അതുകൊണ്ട് തൊഴിലാളികളുടെ സമ്മതപത്രം കൂടാതെ ശമ്പളം പിടിക്കരുതെന്നും അത്തരം നീക്കമുണ്ടായാല്‍ നിയമനടപടികള്‍ക്ക് സംഘടന മുതിരുമെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.
ഇക്കാര്യം വൈദ്യുതമന്ത്രി കഴിഞ്ഞദിവസം വിളിച്ചുചേര്‍ത്ത സംഘടനാ പ്രതിനിധികളുടെ യോഗത്തില്‍ ഐ.എന്‍.ടി.യു.സി. അസന്നിഗ്ദ്ധമായി വ്യക്തമാക്കിയിട്ടുണ്ട്. പ്രളയത്തെത്തുടര്‍ന്ന് വൈദ്യുതിബോര്‍ഡിന് നേരിട്ട 840 കോടി രൂപയുടെ നഷ്ടം നികത്താന്‍ ദുരിതാശ്വാസഫണ്ടില്‍നിന്ന് സഹായം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും സംഘടന ആവശ്യപ്പെട്ടിട്ടുണ്ട്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.