
പയ്യന്നൂര്‍: പുതിയ ഷെഡ്യൂളുകള്‍ നല്കാത്തതിനാല് പയ്യന്നൂര്‍ കെ.എസ്.ആര്.ടി.സി ഡിപ്പോയില്‍ രണ്ടണ്ടു സൂപ്പര്‍ ഫാസ്റ്റ് ബസുകള്‍ വെറുതെ കിടക്കുന്നു. പയ്യന്നൂര്‍ ഡിപ്പോയില്‍ നിന്നു വൈകുന്നേരം അഞ്ചിനു നിത്യേന ചെറുപുഴ വഴി സര്‍വിസ് നടത്തിയിരുന്ന രണ്ടണ്ടു സൂപ്പര്‍ ഫാസ്റ്റ് ബസുകളാണു ഡിപ്പോയില്‍ വെറുതെ കിടക്കുന്നത്. ബംഗളൂരു രാത്രികാല റൂട്ടില്‍ ഈ സൂപ്പര്‍ ഫാസ്റ്റിനു പകരം പുതിയ എക്സ്പ്രസ് ബസുകള്‍ സര്‍വിസ് തുടങ്ങിയതോടെയാണ് ഈ ബസുകള്‍ വെറുതെ കിടന്നത്.
നിലവില്‍ പയ്യന്നൂര്‍ ഡിപ്പോയില്‍ നിന്നു പകല്‍ സമയങ്ങളില്‍ ബംഗളൂരുവിലേക്കു സര്‍വിസില്ല. ഈ സൂപ്പര്‍ ഫാസ്റ്റ് ബസുകള്‍ പകല്‍നേരങ്ങളില്‍ ബംഗളൂരുവിലേക്കു സര്‍വിസ് നടത്തിയാല്‍ ജനങ്ങള്‍ക്ക് ഏറെ ഉപകാരപ്രദമാകും. ഒപ്പം വരുമാനത്തില്‍ വര്‍ധനവുമുണ്ടാകും.
രാത്രി കാലങ്ങളില്‍ ബംഗളൂരുവിലേക്കു സര്‍വിസ് നടത്തുവാന്‍ ആധുനിക സൗകര്യങ്ങളുള്ള ബസുകള്‍ വേണമെന്ന പരാതിയെ തുടര്‍ന്നാണു നിലവിലെ സൂപ്പര്‍ ഫാസ്റ്റ് ബസുകള്‍ മാറ്റി പുതിയ എക്സ്പ്രസ് ബസുകള്‍ സര്‍വിസ് തുടങ്ങിയത്.
കര്‍ണാടക ട്രാന്‍സ്പോര്‍ട്ട് കോര്പറേഷന് ഈ റൂട്ടില്‍ എ.സി ബസുകള്‍ ഓടിക്കുമ്പോള്‍ കാലപ്പഴക്കം ചെന്ന സൂപ്പര്‍ ഫാസ്റ്റ് ബസുകള്‍ ഓടിക്കാന്‍ തീരുമാനിച്ച കെ.എസ്.ആര്.ടി.സി അധികൃതരുടെ നടപടി ഏറെ പരാതിക്കിടയാക്കിയിരുന്നു. ഓണ്‍ലൈന്‍ ബുക്കിങ് പകുതിയോളം കുറഞ്ഞപ്പോഴാണ് അധികൃതര്‍ സൂപ്പര്‍ഫാസ്റ്റ് പിന്‍വലിച്ച് എക്സ്പ്രസ് ബസുകള്‍ ഓടിക്കാന്‍ തുടങ്ങിയത്.
എന്നാല്‍ പിന്‍വലിച്ച സൂപ്പര്‍ഫാസ്റ്റ് ബസ് വരുമാന ചോര്‍ച്ചയുണ്ടാക്കി ഡിപ്പോയില്‍ വെറുതെയിടുന്നതാണു പുതിയ പരാതികള്‍ക്കിടയാക്കുന്നത്. നവരാത്രി കാലമായതിനാല്‍ ബംഗളൂരുവില്‍ ദീര്‍ഘ ദിവസത്തെ അവധിയാണു വരുന്നത്. അതിനാല്‍ മലയാളികള്‍ക്ക് നാട്ടിലെത്താന്‍ ഈ ബസുകള്‍ സര്‍വിസിനായി ഉപയോഗിച്ചാല്‍ യാത്രക്കാര്ക്കത് വലിയ ആശ്വാസമാകും.