2020 June 05 Friday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

കെ.എസ്.ആര്‍.ടി.സി ബയോ ഡീസലിലേക്ക് സംസ്ഥാനത്തെ ആദ്യത്തെ ബയോ ഡീസല്‍ പമ്പ് തൊട്ടില്‍പ്പാലത്ത് തുറന്നു

തൊട്ടില്‍പ്പാലം: സംസ്ഥാനത്തെ ആദ്യത്തെ ബയോ ഡീസല്‍ പമ്പ് തൊട്ടില്‍പ്പാലത്ത് പ്രവര്‍ത്തനം തുടങ്ങി. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനാണ് കെ.എസ്.ആര്‍.ടി.സി തൊട്ടില്‍പ്പാലം സബ് ഡിപ്പോയില്‍ ബയോ ഡീസല്‍ പമ്പ് സ്ഥാപിച്ചത്. പുതിയ പമ്പില്‍ നിന്ന് അഞ്ചുശതമാനം ബയോ ഡീസല്‍ ചേര്‍ത്ത ഡീസലാണ് ഇനി നിറയ്ക്കുക. ഇതോടൊപ്പം കെ.എസ്.ആര്‍.ടി.സി കോഴിക്കോട് ഡിപ്പോയും ബയോ ഡീസലിലേക്ക് മാറുന്നതോടെ കോഴിക്കോട് ജില്ലയിലെ മുഴുവന്‍ കെ.എസ്.ആര്‍.ടി.സി ബസുകളും ബയോഡീസല്‍ ഉപയോഗിക്കുന്ന രീതിയിലേക്ക് മാറും. ഈ മാസം തന്നെ കണ്ണൂര്‍ ജില്ലയില്‍ തലശ്ശേരി, കണ്ണൂര്‍, പയ്യന്നൂര്‍ ഡിപ്പോകളും ബയോ ഡീസലിലേക്ക് മാറും. മറ്റു ജില്ലകളില്‍ വൈകാതെ ഇതു നടപ്പിലാക്കാനാണ് പദ്ധതി.
പാമോയില്‍, ജെട്രോഫ കുരു, സോയാബീന്‍, മൃഗക്കൊഴുപ്പ്, ഉപയോഗ ശൂന്യമായ പാചക എണ്ണ എന്നിവയില്‍ നിന്നാണ് ബയോ ഡീസല്‍ ഉല്‍പാദിപ്പിക്കുന്നത്. ആഭ്യന്തരമായി ഉല്‍പാദിപ്പിക്കുന്ന ബയോ ഡീസല്‍ സാധാരണ ഡീസലിന് പകരമായി ഉപയോഗിക്കാവുന്നതാണ്. കൃഷിക്കാര്‍ക്ക് ഇത്തരം കൃഷിയിലേക്ക് തിരിഞ്ഞ് വരുമാനം വര്‍ധിപ്പിക്കാനും കഴിയും. എന്‍ജിന്‍ ക്ഷമത കൂട്ടുന്നു, അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നു, വിഷപദാര്‍ഥമല്ല, ജൈവരീതിയില്‍ വിഘടിക്കും തുടങ്ങിയ ഗുണങ്ങളും ബയോ ഡീസലിനുണ്ട്.
ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍ പമ്പ് ഉദ്ഘാടനം ചെയ്തു. അന്തരീക്ഷ മലിനീകരണം ലഘൂകരിച്ച് പരിസ്ഥിതി സംരക്ഷണത്തിന് മുന്‍ഗണന നല്‍കുകയെന്ന നയവുമായി ബയോഡീസലിലേക്ക് കെ.എസ്.ആര്‍.ടി.സി നീങ്ങുകയാണെന്ന് അദ്ദേഹം പറഞ്ഞു. അന്തരീക്ഷ മലിനീകരണം സൃഷ്ടിക്കുന്നതില്‍ വാഹനങ്ങളുടെ പുക വലിയ പങ്കുവഹിക്കുന്നുണ്ടെന്ന നിഗമനത്തിലാണ് ദേശീയ ഗ്രീന്‍ ട്രിബ്യൂണല്‍. അതിനാല്‍ ഡീസല്‍ വാഹനങ്ങള്‍ക്ക് കര്‍ശന വിലക്ക് ഏര്‍പ്പെടുത്തിക്കൊണ്ടിരിക്കുന്നു. പത്തുവര്‍ഷം പൂര്‍ത്തിയായ ഒരു ഡീസല്‍ വാഹനവും ഓടിക്കാന്‍ പാടില്ലെന്നാണ് ഗ്രീന്‍ ട്രിബ്യൂണലിന്റെ വിലക്ക്. ഇതു നടപ്പിലാക്കുന്നത് നീട്ടിക്കൊണ്ടു പോകാമെന്നല്ലാതെ ആത്യന്തികമായി അംഗീകരിച്ചേ മതിയാകൂ. മാനവരാശിയുടെയാകെ സുരക്ഷയെ കരുതിയും പ്രകൃതിയെ സംരക്ഷിക്കുന്നതിനുള്ള ദൂരക്കാഴ്ചയോടെയുമുള്ള നിര്‍ദേശമാണിതെന്നും മന്ത്രി പറഞ്ഞു.
നടപ്പിലാക്കുന്ന രീതി സംബന്ധിച്ച് വ്യത്യാസമുണ്ടാകാമെങ്കിലും നടപ്പിലാക്കാതിരിക്കാനാകില്ല. ആ ദിശയില്‍ ആദ്യമായി ശരിയായ നടപടി സ്വീകരിക്കുകയാണ് ഗതാഗത വകുപ്പ്. സാധാരണ ഡീസലില്‍ നിന്ന് ബയോഡീസല്‍ ആകുമ്പോഴേക്കും ഗണ്യമായ തോതില്‍ അന്തരീക്ഷ മലിനീകരണം കുറയ്ക്കാന്‍ കഴിയും. സസ്യ എണ്ണയില്‍ നിന്നും മൃഗക്കൊഴുപ്പില്‍ നിന്നുമുണ്ടാക്കുന്ന ബയോ ഡീസലിനെ ആശ്രയിക്കുന്നതിലൂടെ ക്രൂഡ് ഓയിലിനെ ആശ്രയിക്കുന്നത് കുറയ്ക്കാന്‍ കഴിയും. കര്‍ഷകരെ രക്ഷിക്കുക, പ്രകൃതിയെ സംരക്ഷിക്കുക, കെ.എസ്.ആര്‍.ടിയുടെ ഇന്ധനക്ഷമത വര്‍ധിപ്പിച്ച് ചെറിയ തോതിലെങ്കിലും ലാഭമുണ്ടാക്കുക എന്നീ മൂന്നു ലക്ഷ്യങ്ങളാണ് ബയോഡീസലിലൂടെ നേടുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഉദ്ഘാടന ചടങ്ങില്‍ ഇ.കെ വിജയന്‍ എം.എല്‍.എ അധ്യക്ഷനായി. ഐ.ഒ.സി കേരള ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ വരപ്രസാദ് റാവു, കെ.എസ്.ആര്‍.ടി.സി എക്‌സി. ഡയറക്ടര്‍മാരായ എം.ടി സുകുമാരന്‍, പി.എം ഷറഫ് മുഹമ്മദ്, സോണല്‍ ഓഫിസര്‍ കെ. മുഹമ്മദ് സഫറുല്ല, എ.ടി.ഒമാരായ എന്‍. പ്രേമരാജന്‍, മുഹമ്മദ് അബ്ദുല്‍ നാസര്‍, ഐ.ഒ.സി കേരള ഡെപ്യൂട്ടി മാനേജര്‍മാരായ സമ്പത്ത് നാരായണന്‍, ആര്‍. വിഷ്ണു, കാവിലുംപാറ പഞ്ചായത്ത് പ്രസിഡന്റ് അന്നമ്മാ ജോര്‍ജ്, പി. സുരേന്ദ്രന്‍ മാസ്റ്റര്‍, രാജു തോട്ടംചിറ, സൂപ്പി മണക്കര, ബോബി മൂക്കിന്‍തോട്ടം, പുത്തൂര്‍ പത്മനാഭന്‍, അനൂപ്, എബ്രഹാം തടത്തില്‍, എം.ടി മനോജ്, പി.എ ജോജോ, എം. പ്രകാശന്‍, ഐ.ഒ.സി കേരള ചീഫ് മാനേജര്‍ എ. സുരേഷ് എന്നിവര്‍ സംസാരിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.