
തിരുവനന്തപുരം: അനിശ്ചിതകാല സമരം നടത്തുന്ന യൂനിയന്‍ നേതാക്കളുമായി ഗതാഗത മന്ത്രിയുടെ മധ്യസ്ഥതയില്‍ കെ.എസ്.ആര്.ടി.സി എം.ഡി ടോമിന് തച്ചങ്കരി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു.
ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന് പറയുന്ന കാര്യങ്ങള്‍പോലും അംഗീകരിക്കാന്‍ തച്ചങ്കരി തയാറാകുന്നില്ലെന്നും അതാണ് ചര്‍ച്ച പരാജയപ്പെടാന്‍ കാരണമെന്നും യൂനിയന്‍ നേതാക്കള്‍ ആരോപിച്ചു. യൂനിയനുകളെയും തൊഴിലാളികളെയും അധിക്ഷേപിച്ചു സംസാരിച്ച തച്ചങ്കരിയെ ചര്‍ച്ചയില്‍ പങ്കെടുത്ത സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി എളമരം കരീം മന്ത്രിയുടെ സാന്നിധ്യത്തില്‍ താക്കീത് ചെയ്തതായും പറയുന്നു.
യൂനിയനുകള്‍ സംയുക്തമായി ആരംഭിച്ച അനിശ്ചിതകാല നിരാഹാര സമരത്തിന്റെ പശ്ചാത്തലത്തിലാണ് ഗതാഗത മന്ത്രിയുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തിയത്. എം പാനല്‍ ജീവനക്കാരെ പിരിച്ചുവിട്ടതും ഷെഡ്യൂളുകള്‍ വെട്ടിക്കുറയ്ക്കുന്നതുമുള്പ്പെടെയുള്ള വിഷയങ്ങളില്‍ നടന്ന ചര്‍ച്ചയില്‍ വിട്ടുവീഴ്ച ചെയ്യാന്‍ തച്ചങ്കരി തയാറായില്ല.
ഇതേതുടര്‍ന്നു ചര്‍ച്ച അലസിപ്പിരിയുകയായിരുന്നു. ഇന്നു വീണ്ടും ഗതാഗത മന്ത്രിയും തച്ചങ്കരിയും ഇതുസംബന്ധിച്ചു ചര്‍ച്ച നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. മന്ത്രിയുടെ സാന്നിധ്യത്തില്‍ നടത്തിയ ചര്‍ച്ചയില്‍പോലും യൂനിയന്‍ നേതാക്കള്‍ക്കെതിരേ ശക്തമായ നിലപാടാണ് തച്ചങ്കരി കൈക്കൊണ്ടത്.
ഇന്നു രാവിലെ മന്ത്രിയും തച്ചങ്കരിയും നടത്തുന്ന ചര്‍ച്ചയിലും ഒരു തീരുമാനവുമുണ്ടായില്ലെങ്കില് ഉച്ചകഴിഞ്ഞു പണിമുടക്കിനു നോട്ടിസ് നല്കാന് ഇന്നലെ വൈകിട്ട് ചേര്‍ന്ന തൊഴിലാളി യൂനിയനുകളുടെ സംയുക്ത യോഗം തീരുമാനിച്ചു.