2018 November 20 Tuesday
ജനങ്ങളേ, നിങ്ങള്‍ക്ക് നിങ്ങളുടെ നാഥനിങ്കലില്‍നിന്നുള്ള തത്വോപദേശങ്ങളും ശമനവും മാര്‍ഗദര്‍ശനവും സത്യവിശ്വാസികള്‍ക്ക് കാരുണ്യവും വന്നെത്തിയിരിക്കുന്നു

കെ.എസ്.ആര്‍.ടി.സി ഓര്‍ഡിനറി സര്‍വീസുകളില്‍ സിംഗിള്‍ ഡ്യൂട്ടി നിലവില്‍ വന്നു

 

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയിലെ ഓര്‍ഡിനറി സര്‍വീസുകളില്‍ സിംഗിള്‍ ഡ്യൂട്ടി സമ്പ്രദായം നിലവില്‍ വന്നു. ഇതനുസരിച്ച് നൂണ്‍ ടു നൂണ്‍ ഡ്യൂട്ടി സമ്പ്രദായമാണ് നടപ്പിലാക്കുന്നത്.
ഉച്ചക്ക് ജോലി ആരംഭിക്കുന്ന ഓര്‍ഡിനറി ബസിലെ കണ്ടക്ടറും ഡ്രൈവറും ഷെഡ്യൂളുകള്‍ രാത്രി അവസാനിപ്പിക്കുകയും പിറ്റേന്നു രാവിലെ പുനരാരംഭിച്ച് ഉച്ചക്ക് ഡ്യൂട്ടി അവസാനിപ്പിക്കുകയും ചെയ്യുന്നതാണ് നൂണ്‍ ടു നൂണ്‍ ഡ്യൂട്ടി സമ്പ്രദായം. ജീവനക്കാരുടെ ഡ്യൂട്ടി മാറ്റംവരുന്ന ഉച്ച സമയങ്ങളില്‍ ഇതോടെ യാത്രാക്ലേശം തുടങ്ങി. ബസുകളെല്ലാം ഉച്ച സമയത്ത് ഡ്യൂട്ടി മാറ്റത്തിനായി ഡിപ്പോകളില്‍ എത്തേണ്ടതിനാലാണ് യാത്രാ ക്ലേശം തുടങ്ങിയത്. പുതിയ സമ്പ്രദായം അനുസരിച്ച് മൂവായിരത്തോളം ഷെഡ്യൂളുകള്‍ പുനഃക്രമീകരിക്കും.
160 കിലോമീറ്റര്‍ ഓടുന്ന ഓര്‍ഡിനറി സര്‍വീസിനു ഡ്രൈവറുടെയും കണ്ടക്ടറുടെയും ശമ്പളവും ഇന്ധനവും ഉള്‍പ്പെടെ പ്രതിദിനം 8500 രൂപ ചെലവുണ്ട്. ഇനി മുതല്‍ ഇത്രയുമെങ്കിലും വരുമാനം കിട്ടുന്നവിധത്തില്‍ സര്‍വീസുകള്‍ പുനഃക്രമീകരിക്കണമെന്നാണ് നിര്‍ദേശം.
ആളില്ലാത്ത ഉച്ചസമയങ്ങളിലെ ഷെഡ്യൂള്‍ റദ്ദാക്കി രാവിലെയും വൈകിട്ടും കൂടുതല്‍ ഷെഡ്യൂളുകള്‍ ഓടിക്കണം. നല്ല വരുമാനമുള്ള ചെയിന്‍ സര്‍വീസുകള്‍ രണ്ട് സിംഗിള്‍ ഡ്യൂട്ടികളാക്കും. ഇതോടെ ഓര്‍ഡിനറി ബസുകളിലെ എല്ലാ ഡ്യൂട്ടികളും സിംഗിള്‍ ഡ്യൂട്ടിയാകും. പുതിയ സംവിധാനത്തോടെ ഡ്യൂട്ടി തികയ്ക്കാന്‍ വേണ്ടിയുള്ള ഓട്ടം അവസാനിക്കുമെന്നാണ് മാനേജ്‌മെന്റിന്റെ കണക്കുകൂട്ടല്‍. സ്ഥിരം ജീവനക്കാരെ എല്ലാ ദിവസവും ഡ്യൂട്ടിക്ക് എത്തിക്കാനാകുമെന്നതിനു പുറമേ എംപാനല്‍ ജീവനക്കാരെ കുറക്കാമെന്നും ഇതിലൂടെ സാമ്പത്തിക നേട്ടമുണ്ടാക്കാമെന്നും കെ.എസ്.ആര്‍.ടി.സി മാനേജ്‌മെന്റ് കണക്കുകൂട്ടുന്നു.

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.