2020 June 06 Saturday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

കെട്ടുപൊട്ടിച്ച് കൊവിഡ്

 
 
തിരുവനന്തപുരം: കണക്കുകൂട്ടലുകള്‍ തെറ്റിച്ച് സംസ്ഥാനത്ത് തുടര്‍ച്ചയായ ദിവസങ്ങളില്‍ കൊറോണ വൈറസ് വ്യാപനം കൂടുന്നു. ഒരു രോഗി പോലും ഇല്ലാത്ത ദിവസങ്ങള്‍ക്കു ശേഷം ഒരാഴ്ചയായി വീണ്ടും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ തുടങ്ങിയിരുന്നു. ഇന്നലെ 42 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ആദ്യമായാണ് സംസ്ഥാനത്ത് ഇത്രയേറെ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മാര്‍ച്ച് 27നാണ് ഇതിനു മുമ്പ് ഏറ്റവും കൂടുതല്‍ രോഗവ്യാപനമുണ്ടായത് – 39 പേര്‍ക്ക്. രോഗവ്യാപനം കൂടുന്നതിനനുസരിച്ച് രോഗമുക്തി നേടുന്നവരുടെ എണ്ണം കൂടാത്തതും ആശങ്കയുയര്‍ത്തുന്നുണ്ട്. 
ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 40 പേര്‍ വിദേശത്തുനിന്നും മറ്റു സംസ്ഥാനങ്ങളില്‍നിന്നും എത്തിയതാണ്. സമ്പര്‍ക്കത്തിലൂടെ ആരോഗ്യ പ്രവര്‍ത്തകനും മറ്റൊരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. 
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി കൊവിഡ് രോഗികളുടെ എണ്ണം 216ല്‍ എത്തി. കണ്ണൂര്‍ (12), കാസര്‍കോട് (ഏഴ്), പാലക്കാട്, കോഴിക്കോട് (അഞ്ച് വീതം), തൃശൂര്‍, മലപ്പുറം (നാല് വീതം), കോട്ടയം (രണ്ട്), കൊല്ലം, പത്തനംതിട്ട, വയനാട് ജില്ലകളില്‍ നിന്നുള്ള ഓരോരുത്തര്‍ക്കുമാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 17 പേര്‍ വിദേശത്തുനിന്നു വന്നവരാണ്. കുവൈത്ത് (ഏഴ്), യു.എ.ഇ (അഞ്ച്), ഖത്തര്‍ (രണ്ട്), സഊദി (മൂന്ന്). 23 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്നു വന്നവര്‍- മഹാരാഷ്ട്ര (21), തമിഴ്‌നാട്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളില്‍ നിന്നു വന്ന ഓരോരുത്തരും. 
സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത് കണ്ണൂര്‍ ജില്ലയിലുള്ള വ്യക്തിക്കും കോഴിക്കോട് ജില്ലയിലെ ആരോഗ്യ പ്രവര്‍ത്തകനുമാണ്. 
 ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികളുള്ളത് കണ്ണൂര്‍, മലപ്പുറം ജില്ലകളിലാണ്. 36 പേര്‍ വീതമാണ് ചികിത്സയിലുള്ളത്. 
പാലക്കാട് (26), കാസര്‍കോട് (22), കോഴിക്കോട് (18), തൃശ്ശൂര്‍ (16), വയനാട് (11), തിരുവനന്തപുരം (10), കോട്ടയം, എറണാകുളം (ഒന്‍പത് വീതം), കൊല്ലം, പത്തനംതിട്ട, ആലപ്പുഴ (ഏഴ് വീതം), ഇടുക്കി (രണ്ട്) എന്നിങ്ങനെയാണ് കോവിഡ് രോഗികളുടെ എണ്ണം.
മലപ്പുറം ജില്ലയില്‍ ചികിത്സയിലായിരുന്ന രണ്ടു പേരുടെ പരിശോധനാഫലം ഇന്നലെ നെഗറ്റീവ് ആയി. 512 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നു മുക്തി നേടി.
 
രണ്ടാഴ്ച: 200 രോഗികള്‍
 
തിരുവനന്തപുരം: കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ 200 കേസുകളാണ് സ്ഥിരീകരിച്ചത്. മേയ് 9ന് 17 പേരായിരുന്നു കേരളത്തില്‍ ചികിത്സയിലുണ്ടായിരുന്നത്. രണ്ടാഴ്ചയ്ക്കകം ഇന്നലെ എത്തിയപ്പോള്‍ നിലവില്‍ ചികിത്സയിലുള്ള രോഗികളുടെ എണ്ണം 217ലെത്തി. 
തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, മലപ്പുറം ജില്ലകളില്‍ ഒരാള്‍ വീതം മരണപ്പെട്ടു. 
 
നിരീക്ഷണത്തില്‍ 84,258
 
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് നിരീക്ഷത്തില്‍ കഴിയുന്നവരുടെ എണ്ണം 84,258 ആയി. 83,649 പേര്‍ വീടുകളിലും ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 609 പേര്‍ ആശുപത്രികളിലുമാണ്. 162 പേരെയാണ് ഇന്നലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചത്. 
വിദേശങ്ങളില്‍നിന്നും മറ്റു സംസ്ഥാനങ്ങളില്‍ നിന്നുമായി 91,344 പേരാണ് കേരളത്തില്‍ എത്തിയത്. നിലവില്‍ 28 ഹോട്ട്‌സ്‌പോട്ടുകള്‍.

ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.