2020 July 10 Friday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

Editorial

കെഎസ്ആര്‍ടിസിയെ കട്ടപ്പുറം കയറ്റരുത്


കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കേണ്ട ബാധ്യത സര്‍ക്കാറിനില്ലെന്ന് ട്രാന്‍സ്‌പോര്‍ട്ട് മന്ത്രി എ.കെ ശശീന്ദ്രന്‍ വെളിപ്പെടുത്തിയിരിക്കുകയാണ്. സ്ഥാപനത്തെ ഭരിക്കുന്നത് കേരള സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനാണെങ്കിലും സര്‍ക്കാറാണ് ഉടമസ്ഥരെന്ന ധാരണയിലായിരുന്നു പൊതുസമൂഹവും  കെഎസ്ആര്‍ടിസി ജീവനക്കാരും. സ്ഥാപനത്തെ പൊളിച്ചടക്കിക്കൊണ്ടിരിക്കുന്നതുപോലെ സര്‍ക്കാറിന്റേതാണ് സ്ഥാപനമെന്ന പൊതുധാരണയും മന്ത്രി പൊളിച്ചടക്കി. സ്ഥാപനം സര്‍ക്കാറിന്റേതാകാന്‍ വഴിയില്ലാത്തതുകൊണ്ടായിരിക്കുമല്ലോ ശമ്പളം കൊടുക്കുവാന്‍ സര്‍ക്കാറിന് ബാധ്യതയില്ലെന്ന് മന്ത്രി പറഞ്ഞിട്ടുണ്ടാവുക. പിന്നെ എന്തിനാണ് സര്‍ക്കാര്‍ നിയോഗിച്ച മന്ത്രി  കെഎസ്ആര്‍ടിസിയുടെ ചുമതല വഹിക്കുന്നത്. സെപ്റ്റംബര്‍ മാസത്തെ ശമ്പളം മുടങ്ങിയതിനാല്‍ കഴിഞ്ഞ ബുധനാഴ്ച  കെഎസ്ആര്‍ടിസി ജീവനക്കാര്‍ നടത്തിയ മിന്നല്‍ പണിമുടക്ക് ശമ്പളം കിട്ടിതുടങ്ങുന്ന മുറക്ക് മാത്രമേ സാധാരണ നിലയിലെത്തൂ.
ആയിരക്കണക്കിന് യാത്രക്കാരെ പെരുവഴിയില്‍ നിര്‍ത്തി  കെഎസ്ആര്‍ടിസി ജീവനക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്ന ഇത്തരം പണിമുടക്കുകള്‍ ശരിയല്ല.   കെഎസ്ആര്‍ടിസിയെ ഈയൊരവസ്ഥയില്‍ എത്തിച്ചതില്‍ ജീവനക്കാര്‍ക്കും വലിയ പങ്കുണ്ട്. പ്രതിസന്ധിയുണ്ടാകുമ്പോള്‍ സ്ഥാപനത്തോടൊപ്പം നില്‍ക്കേണ്ടതിന് പകരം ഒറ്റപ്പെടുത്തുകയല്ല വേണ്ടത്. ജീവനക്കാര്‍ കൂട്ടത്തോടെ ലീവെടുത്ത് മിന്നല്‍ പണിമുടക്ക് നടത്തിയതിനാല്‍ 2360 ഷെഡ്യൂളുകളാണ് സംസ്ഥാനത്ത് ഒട്ടാകെ നിശ്ചലമായത്. മേല്‍ക്കുമേല്‍ നഷ്ടം വരുത്താന്‍ മാത്രമേ ഇത്തരം സമരമുറകള്‍ ഉതകൂ. ബുധനാഴ്ച വൈകീട്ട ് അഞ്ചുമണിയോടെ ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തില്‍ നിന്ന് സര്‍ക്കാര്‍ ഗ്യാരണ്ടിയോടെ 70 കോടി രൂപ വായ്പയെടുത്താണ് താല്‍ക്കാലികമായി ശമ്പള പ്രശ്‌നം പരിഹരിച്ചിരിക്കുന്നത്. എല്ലാ ജീവനക്കാരുടെയും അക്കൗണ്ടുകളില്‍ ശമ്പളം വന്നതിനു ശേഷം മാത്രമേ ജീവനക്കാര്‍ ജോലിയില്‍ പ്രവേശിക്കുകയുള്ളൂവെന്ന് തൊഴിലാളി സംഘടനാ നേതാക്കള്‍ വ്യക്തമാക്കിയിരിക്കുകയാണ്. അടുത്തമാസവും ഇതുതന്നെ സംഭവിക്കുകയില്ല എന്നതിന് യാതൊരു ഉറപ്പുമില്ല. മുടങ്ങിക്കിടക്കുന്ന പെന്‍ഷന്‍ വിതരണം ചെയ്യേണ്ടതുണ്ട്. ഇന്ധനം നിറച്ചതിന്റെ കുടിശ്ശിക തീര്‍ക്കുകയും വേണം. കുടിശ്ശിക തീര്‍ക്കാതെ ഇനി ഇന്ധനം തരികയില്ലെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ തീര്‍ത്തു പറഞ്ഞതോടെ ജീവനക്കാര്‍ക്ക് ശമ്പളം കിട്ടിയാലും ബസുകള്‍പലതും നേരാംവണ്ണം സര്‍വ്വീസ് നടത്തുമോ എന്നതിന് ഉറപ്പില്ല.  
കെഎസ്ആര്‍ടിസിയുടെ ക്രമാതീതമായ ചെലവിനനുസരിച്ച് വരുമാനം വര്‍ദ്ധിക്കുന്നില്ല. നിത്യവരുമാനം അഞ്ചേമുക്കാല്‍ കോടിയില്‍ നിന്നും നാലേമുക്കാല്‍ കോടിയായി ചുരുങ്ങിയത് പിന്നെയും നഷ്ടം വര്‍ദ്ധിപ്പിച്ചു. ജീവനക്കാരുടെ അനാസ്ഥയാണ് കളക്ഷന്‍ കുറയാനുള്ള കാരണമായി പറയപ്പെടുന്നത്. പ്രതിമാസം 110 കോടി രൂപയുടെ കളക്ഷന്‍ കുറവുണ്ടിപ്പോള്‍.
സ്ഥിരം ജ ീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ മാത്രം 50 കോടി വേണം. എംപാനല്‍ ജീവനക്കാര്‍ക്ക് 24 കോടിയും പുറമെ പെന്‍ഷന്‍ ആനുകൂല്യങ്ങളും ഇന്ധനചെലവും സ്‌പെയര്‍ സ്പാര്‍ട്‌സുകള്‍ വാങ്ങുവാനും അറ്റകുറ്റ പണികള്‍ക്കും വേണ്ടിവരുന്ന ചെലവുകള്‍ വേറെയും. ഓരോ പ്രാവശ്യവും ശമ്പളമോ പെന്‍ഷന്‍ ആനുകൂല്യങ്ങളോ മുടങ്ങുമ്പോള്‍ ഡിപ്പോകള്‍ ബാങ്കുകള്‍ക്ക് പണയപ്പെടുത്തിയാണ്  കെഎസ്ആര്‍ടിസി താല്‍ക്കാലിക പരിഹാരം കാണുന്നത്. ഇത് എത്രകാലമാണ് തുടരുക. ഇപ്പോള്‍ തന്നെ എസ്ബിടിയില്‍ 70 കോടി കടമെടുത്തത് കോര്‍പ്പറേഷന്റെ 64-ാമത്തെ ഡിപ്പോ പണയപ്പെടുത്തിയാണ്. കൊടുത്തുതീര്‍ക്കാനുള്ള കുടിശ്ശിക അടക്കാത്തതിനാല്‍ സ്ഥിരമായി പണം നല്‍കാറുള്ള ധനകാര്യ സ്ഥാപനങ്ങള്‍  കെഎസ്ആര്‍ടിസിയെ കയ്യൊഴിഞ്ഞിരിക്കുകയാണ്. തലപ്പത്തുണ്ടായിരുന്ന എംഡിയെയും ജനറല്‍ മാനേജറെയും പുതിയ സര്‍ക്കാര്‍ തല്‍സ്ഥാനത്തു നിന്ന് മാറ്റിയെങ്കിലും പുതിയ എംഡി എം.ജി രാജമാണിക്യം കഴിഞ്ഞ ദിവസം വരെ ചാര്‍ജ്ജെടുത്തിട്ടില്ല. ഇതിനാല്‍ തന്നെ  കെഎസ്ആര്‍ടിസിയുടെ ഭാവി സംബന്ധിച്ച് ഭരണതലത്തില്‍ ഒരു തീരുമാനമെടുക്കുവാനും കഴിഞ്ഞിട്ടില്ല. അടുത്ത മാസവും ജീവനക്കാര്‍ക്ക് ശമ്പളം മുടങ്ങാനാണ് സാധ്യത. സെപ്റ്റംബര്‍ മാസത്തെ ശമ്പള വിതരണ നടപടി പൂര്‍ത്തിയാക്കും മുന്‍പാണ് മാനേജിംഗ് ഡയറക്ടറെ ഒഴിവാക്കി സര്‍ക്കാര്‍ ഉത്തരവിറക്കിയത്.  ഈ നടപടി സാമ്പത്തിക പ്രതിസന്ധി രൂക്ഷമാക്കുകയും ചെയ്തു.  കെഎസ്ആര്‍ടിസിക്ക് മൊത്തം 3700 കോടിയുടെ ആസ്തിയുണ്ടെങ്കിലും വരുമാനമാര്‍ഗങ്ങളായ ഡിപ്പോകളില്‍ പലതും ബാങ്കുകള്‍ക്ക് പണയത്തിലായതിനാല്‍
വരുമാനത്തിലെ സിംഹ ഭാഗവും ബാങ്കുകളിലെ മുതലുകളിലേക്കും പലിശകളിലേക്കുമാണ്  പോകുന്നത്.  നിത്യനിദാന ചെലവിന് പണം കണ്ടെത്താനാവാത്ത ഒരവസ്ഥ. 63 ഡിപ്പോകള്‍ പണയപ്പെടുത്തി 1200 കോടിയിലധികം രൂപ  കെഎസ്ആര്‍ടിസി ഇതിനകം വായ്പയെടുത്തുകഴിഞ്ഞു. പിന്നെയുള്ള ഡിപ്പോകളിലെ വരുമാനം ഡീസല്‍ കുടിശ്ശികയിലേക്ക് സ്‌പെയര്‍പാര്‍ട്‌സ് വാങ്ങിയതിലുള്ള കടങ്ങളിലേക്കും നീങ്ങുന്നതിനാല്‍ ഓരോ മാസവും കോടികളുടെ നഷ്ടമാണ്  കെഎസ്ആര്‍ടിസിക്ക് ഉണ്ടാകുന്നത്.
നഷ്ടത്തില്‍ നിന്നും നഷ്ടത്തിലേക്ക് വീണുകൊണ്ടിരിക്കുന്ന  കെഎസ്ആര്‍ടിസിയെ ഈ പതനത്തില്‍ നിന്നും കരകയറ്റുവാനുള്ള പ്രവര്‍ത്തനങ്ങള്‍ ദീര്‍ഘവീക്ഷണത്തോടെ ആവിഷ്‌കരിക്കുവാന്‍ എംഡിക്കും ജനറല്‍ മാനേജര്‍മാര്‍ക്കും
കഴിയാതെ പോകുന്നു. അവര്‍ പ്രശ്‌നം പഠിച്ച് പരിഹാരം കണ്ടെത്താന്‍ ശ്രമിക്കുമ്പോഴേക്കും സ്ഥാനചലനം സംഭവിക്കുന്നതാണ് കാരണം. ജീവനക്കാരില്‍ നിന്നുണ്ടാകുന്ന ഉദാസീനമായ സമീപനവും  കെഎസ്ആര്‍ടിസിയുടെ തകര്‍ച്ചക്ക് ആക്കം കൂട്ടുന്നുണ്ട്. ഇതര സംസ്ഥാനങ്ങളിലെ പൊതുഗതാഗത സംവിധാനങ്ങളെ  കെഎസ്ആര്‍ടിസിയുമായി താരതമ്യം ചെയ്യുമ്പോഴാണ്  കെഎസ്ആര്‍ടിസിയുടെ കെടുകാര്യസ്ഥതയും ജീവനക്കാരുടെ ജോലിയോടുള്ള ആത്മാര്‍ത്ഥത ഇല്ലായ്മയും പ്രകടമാകുക. സ്ഥാപനം നിലനിന്നാലെ തങ്ങള്‍ക്കും നിലനില്‍പ്പുള്ളു എന്ന വസ്തുത തൊഴിലാളി സംഘടന നേതാക്കള്‍ മനസ്സിലാക്കുന്നില്ല. മൂന്നു ദിവസം ശമ്പളം വൈകിയപ്പോഴേക്കും മിന്നല്‍ പണിമുടക്ക് നടത്തുവാന്‍ പ്രചോദിതരാകുന്ന തൊഴിലാളി സംഘടനകളെ വെച്ച് എങ്ങിനെയാണ് ഈ സ്ഥാപനം കരകയറുക. മറ്റൊന്ന് സ്വകാര്യബസുകളുമായുള്ള ചാര്‍ജ്ജിലെ അന്തരമാണ്. സ്വകാര്യബസ്സിലെ ചാര്‍ജ്ജിനെക്കാള്‍ ഇരട്ടി കൊടുക്കേണ്ടി വരുന്നു  കെഎസ്ആര്‍ടിസിയില്‍. ഈ കാരണത്താല്‍ പലരും  കെഎസ്ആര്‍ടിസിയെ ഒഴിവാക്കുകയാണ്. കണ്ടം ചെയ്യാറായ ബസില്‍ ഫാസ്റ്റ് പാസഞ്ചര്‍ ബോര്‍ഡ് വെച്ച് യാത്രക്കാരെ വിഢികളാക്കുകയും ചെയ്യുന്നു. സ്വകാര്യ ബസ്സുടമകള്‍ക്ക് ഗുണകരമാകും വിധമാണ്  കെഎസ്ആര്‍ടിസി പല റൂട്ടുകളിലും ഓടുന്നത്. ഒരു ദിവസം  കെഎസ്ആര്‍ടിസിക്ക് സാധാരണ നിലയില്‍ 5.75 കോടി രൂപ വരുമാനമുണ്ടാകേണ്ടതാണ്. എന്നാല്‍ ഇപ്പോഴിത് 4.25 കോടി രൂപ മാത്രമേ വരുന്നുള്ളൂ. ഇത് ജീവനക്കാരില്‍ നിന്നുണ്ടാകുന്ന നിരുത്തരവാദപരമായ സമീപനം കൊണ്ടാണ്. രണ്ടര കോടി രൂപ 2015 നെ അപേക്ഷിച്ച് ദിനംപ്രതി നഷ്ടപ്പെടുമ്പോള്‍ മാസംതോറും അത് 75 കോടി രൂപയായി തീരുന്നു. ഈ തുക മതിയാകുമായിരുന്നു ജീവനക്കാരുടെ ശമ്പളത്തിനായി മാറ്റിവെക്കാന്‍. ജീവനക്കാരില്‍ നിന്നും ഇത് തങ്ങളുടെ സ്ഥാപനമാണെന്ന ബോധത്തോടെയുള്ള സമീപനമാണ് ഉണ്ടാകേണ്ടത്. ശമ്പളം കൊടുക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമല്ല എന്ന മന്ത്രിവാക്ക് ഡെമോക്ലസിന്റെ വാളായി ജീവനക്കാരുടെ തലക്ക് മുകളില്‍ തൂക്കിയിട്ടിരിക്കുന്ന സ്ഥിതിക്ക് സര്‍ക്കാര്‍  കെഎസ്ആര്‍ടിസിയെ ഏതു നിമിഷവും കയ്യൊഴിഞ്ഞേക്കാം. ബാങ്കുകളില്‍ നിന്ന് കടം വാങ്ങി എത്രകാലമെന്ന് കരുതിയാണ് ഒരു സ്ഥാപനത്തെ മുന്നോട്ടുകൊണ്ടുപോകുക.
ഈ സാധ്യത മുന്‍കൂട്ടികണ്ട് ട്രേഡ് യൂണിയന്‍ നേതാക്കള്‍ എല്ലാ സംഘടനാ വാശികളും മാറ്റിവെച്ച് അവരവരുടെ നിലനില്‍പ്പിന് വേണ്ടിയെങ്കിലും ആത്മാര്‍ത്ഥമായി ജോലി ചെയ്ത് വരുമാനം കൂട്ടുകയാണ് വേണ്ടത്. സ്ഥിരം ജീവനക്കാരുടെയും എംപാനല്‍ ജീവനക്കാരുടെയും ശമ്പളത്തിലെ അന്തരം ഉടന്‍ നികത്തുകയും വേണം. അധികൃതരും തൊഴിലാളി സംഘടനകളും ഒരു പുനരാലോചനക്ക് സന്നദ്ധമാവുന്നില്ലെങ്കില്‍  കെഎസ്ആര്‍ടിസി എന്നെന്നേക്കുമായി കട്ടപ്പുറം കയറുന്ന കാലം വിദൂരമല്ല.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.