2020 February 19 Wednesday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

കൃഷ്ണദാസ് വടകര: കാലാതീതമായ ഇശലുകളുടെ തോഴന്‍ കെ.കെ സുധീരന്‍

 

വടകര: സംഗീതലോകത്ത് വടകരയുടെ നാമം അനശ്വരമാക്കിയ ഗായകനും സംഗീതജ്ഞനുമാണ് ഇന്നലെ അന്തരിച്ച കൃഷ്ണദാസ് വടകര. ജീവിതംതന്നെ സംഗീതമായിരുന്നു അദ്ദേഹത്തിന്. ജന്മസിദ്ധമായ കഴിവുകളാല്‍ ചെറുപ്രായത്തില്‍തന്നെ വേദികളെ ആ സ്വരമാധുരി കീഴടക്കി. കൈവച്ച സംഗീതമേഖലകളെല്ലാം അനശ്വരഗാനങ്ങളാല്‍ സമ്പന്നമാക്കാന്‍ കൃഷ്ണദാസിനു കഴിഞ്ഞു. മാപ്പിളപ്പാട്ട്, ലളിതസംഗീതം, നാടകഗാനങ്ങള്‍, വിപ്ലവഗാനങ്ങള്‍ എന്നിങ്ങനെ സംഗീതപ്രേമികളുടെ ചുണ്ടിലൂറുന്ന ഒരുപിടി ഗാനങ്ങള്‍ മലയാളത്തിന് തന്നാണ് ആ അതുല്ല്യഗായകന്‍ വിടപറയുന്നത്.
പാര്‍ട്ടിവേദികളില്‍ വിപ്ലവഗാനങ്ങള്‍ ആലപിച്ചായിരുന്നു കൃഷ്ണദാസ് സംഗീത സപര്യക്കു തുടക്കമിട്ടത്. പിന്നീട് തട്ടോളിക്കര കേളപ്പന്‍ ഗുരുക്കള്‍, തലശ്ശേരി സദാശിവന്‍ ഭാഗവതര്‍, കണ്ണൂര്‍ പള്ളിക്കുന്ന് കൃഷ്ണന്‍ ഭാഗവതര്‍ എന്നിവരുടെ ശിക്ഷണത്തില്‍ സംഗീതം അഭ്യസിച്ചു. 1962ല്‍ അഴിയൂര്‍ ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ സംഗീതാധ്യാപകനായി ചേര്‍ന്നു. എന്നാല്‍ കമ്മ്യൂണിസ്റ്റുകാരനായതിന്റെ പേരില്‍ അദ്ദേഹത്തെ ജോലിയില്‍നിന്നു പിരിച്ചുവിട്ടു. പിന്നീട് 67ലാണു വീണ്ടും ജോലിയില്‍ പ്രവേശിക്കാനായത്. 1962ല്‍ കലാനിലയത്തിനു വേണ്ടി ഗാനങ്ങള്‍ ആലപിച്ചതോടെയാണ് കൃഷ്ണദാസിന്റെ സ്വരമാധുരി ലോകമറിയുന്നത്.
മാപ്പിളപ്പാട്ടിന്റെ വശ്യത നിറഞ്ഞുനില്‍ക്കുന്ന ‘ഓത്തുപള്ളീലന്നു നമ്മള്‍’ എന്ന ഗാനത്തിന്റെ സംഗീതം നിര്‍വഹിച്ചത് കൃഷ്ണദാസായിരുന്നു. കൃഷ്ണദാസിന്റെ പ്രതിഭ മനസിലാക്കിയ വി.എം കുട്ടി 1973ല്‍ തന്റെ ട്രൂപ്പിലേക്കു ക്ഷണിച്ചതോടെ മാപ്പിളപ്പാട്ടിന്റെ ലോകത്തെ അനശ്വരഗാനങ്ങള്‍ക്ക് അദ്ദേഹം സംഗീതവും ശബ്ദവും നല്‍കി. തുടര്‍ന്ന് 40 വര്‍ഷക്കാലം മാപ്പിളപ്പാട്ടു വേദിയിലെ നിറസാന്നിധ്യമായി നിലകൊണ്ടു കൃഷ്ണദാസ്. ‘മൈലാഞ്ചി കൊമ്പൊടിച്ച് ‘, ‘ഉടനെ കഴുത്തന്റേതറുക്കൂ ബാപ്പാ’, ‘കടലിനക്കരെ പോണോരെ’, ‘കാനോത്ത് കഴിയുന്ന പെണ്ണ് ‘, ‘കണ്ടാലഴകുള്ള പെണ്ണ് ‘, ‘ഏ മമ്മാലിക്കാ’, ‘കമ്പിളിക്കാറില്‍’, ‘മക്കാ മരുഭൂമിയില്‍’… തുടങ്ങി ആസ്വാദക മനസില്‍ ഇന്നും തങ്ങിനില്‍ക്കുന്ന പാട്ടുകളില്‍ കൈയൊപ്പു ചാര്‍ത്താന്‍ അദ്ദേഹത്തിനായി. ‘മിസരിപ്പൊന്ന് ‘ എന്ന കൃഷ്ണദാസിന്റെ ആല്‍ബം തരംഗിണി പുറത്തിറക്കിയിരുന്നു. ഇതില്‍ അഞ്ചുപാട്ടുകള്‍ യേശുദാസാണു പാടിയത്. 1975ല്‍ തുടങ്ങിയ നാടക ലോകവുമായുള്ള ബന്ധത്തില്‍ 20 നാടകങ്ങള്‍ക്കായി 200ഓളം ഗാനങ്ങള്‍ ചിട്ടപ്പെടുത്തി.
‘ബദറുല്‍ മുനീര്‍ ഹുസ്‌നുല്‍ ജമാല്‍’ എന്ന നാടകത്തില്‍ മാത്രം 40 ഗാനങ്ങളുണ്ടായിരുന്നു. പി.ടി അബ്ദുറഹ്മാന്റെ തൂലികയില്‍ വിരിഞ്ഞ ഗാനങ്ങള്‍ക്ക് കൃഷ്ണദാസ് രാഗവിസ്താരം നല്‍കിയതോടെ ഭാവസുന്ദരമായ ഒരുപിടി ഗാനങ്ങള്‍ പിറന്നു. അതില്‍ എടുത്തുപറയാനുള്ള ‘കണ്ണിമാവിന്‍ ചോട്ടിലെന്നെ’ എന്ന ഗാനം ഇന്നും മലയാളിയുടെ ചുണ്ടിലുണ്ട്. വി.ടി കുമാരന്‍ മാസ്റ്ററുടെ വരികള്‍ക്കും അദ്ദേഹം സംഗീതം നല്‍കി. 1979ല്‍ ജയനും ശ്രീവിദ്യയും നായികാനായകന്മാരായ ചിത്രത്തിനു വേണ്ടിയും കൃഷ്ണദാസ് സംഗീത സംവിധാനം നിര്‍വഹിച്ചു. പാട്ടുകള്‍ ഹിറ്റായെങ്കിലും ചിത്രം പുറത്തിറങ്ങിയില്ല. സംഗീതത്തിനും കലാപ്രവര്‍ത്തനങ്ങള്‍ക്കും വേണ്ടിമാത്രം ഉഴിഞ്ഞുവച്ചതായിരുന്നു കൃഷ്ണദാസിന്റെ ജീവിതം. എന്നാല്‍ ഈ മഹാനായ കലാകാരനെ വേണ്ടുംവിധം അംഗീകരിക്കാന്‍ മലയാളിക്കു കഴിഞ്ഞോ എന്നതു ചിന്താവിഷയം തന്നെയാണ്.
സംഗീത അക്കാദമി, ഫോക്‌ലോര്‍ അക്കാദമി, കേരള മാപ്പിള കലാ അക്കാദമി എന്നിവയുടെ പുരസ്‌കാരങ്ങള്‍ കൃഷ്ണദാസിനു ലഭിച്ചിട്ടുണ്ട്. നാസര്‍ ഇബ്രാഹിം രചനയും സംവിധാനവും നിര്‍വഹിച്ച ‘സ്വരഗംഗയിലെ ഏകാകി’ എന്ന കൃഷ്ണദാസിനെ കുറിച്ചുള്ള ഡോക്യുമെന്ററി ഈമാസം പ്രകാശനത്തിനൊരുങ്ങുകയാണ്. ഫേസ് ഓര്‍ക്കാട്ടേരി എന്ന സംഘടന കഴിഞ്ഞ ദിവസം 10,001 രൂപയുടെ അവാര്‍ഡും അദ്ദേഹത്തിനു പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇവ രണ്ടിനും കാത്തുനില്‍ക്കാതെ മരണമില്ലാത്ത രാഗങ്ങളുടെ ലോകത്തേക്ക് അദ്ദേഹം യാത്രയായി.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.