2019 August 24 Saturday
സുഹൃത്തുക്കളോടു നന്നായി പെരുമാറുക; അവര്‍ നിങ്ങളോടു കൂടുതല്‍ അടുക്കും. ശത്രുക്കളോടും നന്നായി പെരുമാറുക;അവരെ നേടാന്‍ നിങ്ങള്‍ക്കു കഴിയും.

കൃഷി ചെയ്യിക്കാന്‍ ഫേസ്ബുക്ക് കൂട്ടായ്മകളും

സാമൂഹ്യമാധ്യമങ്ങള്‍ മലയാളിയുടെ ജീവിതത്തിലെ സകല കാര്യങ്ങളിലും കയറി ഇടപെടുന്നു എന്ന കുറ്റപ്പെടുത്തല്‍ വ്യാപകമാണെങ്കിലും അതില്‍ ചില നല്ല വശങ്ങള്‍ കൂടിയുണ്ട്. മടിപിടിച്ച് ഉറങ്ങിക്കിടന്ന മലയാളി മനസിനെ കൃഷിയിലേക്കു വീണ്ടുമാകര്‍ഷിച്ചത് ചില ഫേസ്ബുക്ക് കൂട്ടായ്മകളുടെ പ്രവര്‍ത്തനമാണ്.

വിദേശരാജ്യങ്ങളിലുള്‍പ്പടെയുള്ള മലയാളി കര്‍ഷകര്‍ ഈ കൂട്ടായ്മകളില്‍ അംഗങ്ങളാണ്. കൃഷി സംബന്ധിയായ അറിവുകള്‍ പങ്കുവയ്ക്കുക, വിത്തുകളും വിളകളും പങ്കുവയ്ക്കുക, കൃഷിമീറ്റുകള്‍ നടത്തുക തുടങ്ങി മാതൃകാപരമായ പല കാര്യങ്ങളും ഇത്തരം കൂട്ടായ്മകള്‍ നടത്താറുണ്ട്.
ഇതിനു പുറമെ കര്‍ഷകര്‍ക്കു വിപണി കണ്ടെത്താനുള്ള വേദി കൂടി ആവുന്നു പലപ്പോഴും ഇത്തരം കൃഷി കൂട്ടായ്മകള്‍. കൃഷി, കൃഷിഭൂമി, അടുക്കളത്തോട്ടം, ഓരോ വീട്ടിലും അടുക്കളത്തോട്ടം, മണ്ണും മനസും, വയലും വീടും, ഹരിതകേരളം തുടങ്ങി നിരവധി കൃഷി കൂട്ടായ്മകള്‍ ഫേസ്ബുക്കില്‍ സജീവമാണ്.

വിഷരഹിത പച്ചക്കറികള്‍ സ്വയം ഉത്പാദിപ്പിക്കാനായി അറിവും വിത്തുകളും പരസ്പരം കൈമാറി നല്ല കൃഷിക്കാരായി ഓരോ അംഗത്തെയും മാറ്റിയെടുക്കുക എന്നതാണ് ഈ കൂട്ടായ്മകളുടെ ലക്ഷ്യം.

കര്‍ഷക സംഘങ്ങളുടെയും കാര്‍ഷികശാസ്ത്രജ്ഞരുടെയും കൃഷിഭവനുകളുടെയും കര്‍ഷകരുടെയുമെല്ലാം പിന്തുണയും ഈ കൂട്ടായ്മകള്‍ക്കുണ്ട്. വിപണിയില്‍ ലഭ്യമാകുന്നതിനേക്കാള്‍ കുറഞ്ഞ വിലയ്ക്ക് ഗ്രോ ബാഗുകള്‍, വളങ്ങള്‍ തുടങ്ങിയവ കര്‍ഷകര്‍ക്കു ലഭ്യമാക്കാനും ഇത്തരം കൃഷിഗ്രൂപ്പുകള്‍ സഹായകമാകാറുണ്ട്.

ഗ്രോ ബാഗ് കൃഷിരീതി വഴി ഇതിലെ അംഗങ്ങള്‍ പലരും ടെറസില്‍ നെല്ലു പോലും വിളയിച്ചുകഴിഞ്ഞു.

അന്യം നിന്നുപോകുന്ന അടത്താപ്പ്, നിത്യവഴുതന, ചതുരപ്പയര്‍, മരവെണ്ട തുടങ്ങിയ ഇനങ്ങളും സവോള, കാരറ്റ്, ബീറ്റ്‌റൂട്ട് തുടങ്ങി നമ്മുടെ കാലാവസ്ഥയ്ക്ക് അത്ര സുപരിചിതമല്ലാത്ത വിളകള്‍ പോലും ഇവര്‍ ധാരാളമായി വിളയിച്ചെടുക്കുന്നു. എല്ലാ സമയത്തും വിത്തുകള്‍ ലഭിക്കാന്‍ പ്രയോഗിക ബുദ്ധിമുട്ടുകള്‍ ഉള്ളതിനാല്‍ ഗ്രൂപ്പിലെ അംഗങ്ങള്‍ ചേര്‍ന്നു നാഷണല്‍ സീഡ്‌സ് കോര്‍പറേഷനിലും മറ്റും നിന്നു വിത്തുകള്‍ ശേഖരിച്ച് ഗ്രൂപ്പിലുള്ള ആവശ്യക്കാര്‍ക്ക് മുഴുവനും സൗജന്യമായി വിതരണം ചെയ്യുന്ന രീതിയുമുണ്ട്.

ചെറുപ്പക്കാരുടെ കടന്നുവരവാണ് ഇത്തരം കൂട്ടായ്മകളുടെ ഏറ്റവും വലിയ പ്രത്യേകത. ഗ്രൂപ്പുകളില്‍ പങ്കാളികളായവരില്‍ 80 ശതമാനവും ചെറുപ്പക്കാരാണ്. അതുപോലെ തന്നെ കൃഷി പ്രോത്സാഹനത്തിന്റെ ഭാഗമായി കൃഷിഗ്രൂപ്പുകള്‍ ഓരോന്നും ഗ്രൂപ്പിനുള്ളില്‍ തന്നെ വിവിധ മത്സരങ്ങളും സംഘടിപ്പിക്കാറുണ്ട്.

എന്തു തന്നെയാണെങ്കിലും കൃഷിയെ പ്രോത്സാഹിപ്പിക്കുന്ന ഇത്തരം ഗ്രൂപ്പുകള്‍ വഴി വേണ്ടതെല്ലാം സ്വയം നട്ടുണ്ടാക്കാം എന്ന മനോഭാവം കുറച്ചാളുകള്‍ക്കെങ്കിലും ഉണ്ടായിട്ടുണ്ട് എന്നതു വാസ്തവമാണ്.

ഇത്തരം ഫേസ്ബുക്ക് കൂട്ടായ്മകളുടെ വ്യാപനം പുതുതലമുറയെ കൃഷിയോടു ചേര്‍ത്തുനിര്‍ത്തുക വഴി ഒരു പുത്തന്‍ കാര്‍ഷിക സംസ്‌കാരത്തിലേക്ക് നമ്മെ നയിക്കുമെന്നു പ്രത്യാശിക്കാം.

തയാറാക്കിയത്: ഗീതുതമ്പി


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.