2018 June 23 Saturday
സ്‌നേഹിക്കുവാന്‍ ത്യജിക്കുക തന്നെ വേണം. ഇത് ലോകത്തിന്റെ മൗലിക സത്യമാണ്
രവീന്ദ്രനാഥ് ടാഗോര്‍

കൃഷിയെ കൈവിടാതെ കയ്യൂര്‍

 

ചെറുവത്തൂര്‍: കൃഷിയും കാര്‍ഷിക വൃത്തിയും നാടുനീങ്ങുമ്പോഴും പരമ്പരാഗത കൃഷി രീതികളെ കൈവിടാതെ കയ്യൂര്‍ ഗ്രാമം. കയ്യൂരിന്റെ വയലേലകളില്‍ ഇപ്പോള്‍ നാട്ടിപ്പാട്ടിന്റെ ഈണവും കൃഷിയുടെ താളവും. ഏക്കറുകളോളം വിസ്തൃതിയില്‍ നീണ്ട് പരന്നു കിടക്കുന്ന ഇവിടുത്തെ നെല്‍വയലുകളില്‍ തരിശു നിലങ്ങള്‍ പേരിനു പോലുമില്ല. ഒന്നാം വിളയ്ക്കായി ഞാറു പറിച്ചുനടാന്‍ കര്‍ഷകര്‍ വയലുകളിലേക്ക് ഇറങ്ങിക്കഴിഞ്ഞു. മേടമാസത്തില്‍ വിതച്ച നെല്ലെല്ലാം ഇപ്പോള്‍ ഞാറായി. സ്ത്രീകളും പുരുഷന്‍മാരുമെല്ലാം വയലുകളില്‍ സജീവമായുണ്ട്.
പരമ്പരാഗത കൃഷി രീതികളെ കുറിച്ച് അറിയേണ്ടവര്‍ക്ക് കൃഷിയുടെ പാഠപുസ്തകമാണ് ഈ ഗ്രാമം. പാടങ്ങളും കവുങ്ങിന്‍ തോപ്പുകളും തെങ്ങിന്‍ തോപ്പുകളുമെല്ലാം കയ്യൂരിന്റെ കാര്‍ഷിക പെരുമ വിളിച്ചോതുന്നുണ്ട്. ഇവിടെ നിലങ്ങളൊന്നും തരിശിടാറില്ല. കാലാവസ്ഥക്കനുയോജ്യമായ രീതിയിലാണ് കൃഷി. നെല്‍പാടത്തിലെ കൊയ്ത്ത് കഴിഞ്ഞാല്‍ അടുത്ത കൃഷിക്കായി നിലമൊരുക്കും. കര്‍ഷക കൂട്ടായ്മകളും സംഘങ്ങളുമെല്ലാം പച്ചക്കറി കൃഷിയാരംഭിക്കും.
പച്ചക്കറി കഴിഞ്ഞയുടനെയാണ് നെല്‍കൃഷിക്കായി പാടം ഒരുക്കിയത്. ജൈവരീതിയിലുള്ള കയ്യൂരിലെ പച്ചക്കറി ഉല്‍പാദനമാണ് മറ്റൊരു പ്രത്യേകത. വെള്ളരി, വെണ്ട, പടവലം, വഴുതിന, പച്ചമുളക്, കക്കിരി, ചീര, പയര്‍, കുമ്പളം എന്നുവേണ്ട കാബേജ് വരെ ഈ പാടങ്ങളില്‍ വിളഞ്ഞു. കവുങ്ങാണ് ഇവിടുത്തെ മറ്റൊരു പ്രധാന കാര്‍ഷികവിള. കൃഷിയില്‍ മാത്രമല്ല കര്‍ഷകരുടെ വേഷത്തില്‍ പോലും ഇവിടെ പാരമ്പര്യത്തിന്റെ തനിമ കാണാം. പാള കൊണ്ടുള്ള കൊട്ടമ്പാള അണിയുന്നവരാണ് ഏറെയും. കാലവര്‍ഷം എത്തിയതോടെ കയ്യൂര്‍ ആരുടേയും മനം കുളിര്‍പ്പിക്കും. കൃഷിയെ സ്‌നേഹിക്കുന്ന നിരവധിപേര്‍ കയ്യൂരിന്റെ കൃഷിരീതികള്‍ അറിയാനെത്തുന്നുണ്ട്.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.