2018 September 23 Sunday
ഒരാളുടെ മഹത്വം അളക്കുന്നത് അയാള്‍ തനിക്ക് താഴ്ന്നവരോട് എങ്ങനെ ഇടപെടുന്നു എന്നു നോക്കിയാണ്
ജെ.കെ റൗളിങ്

കൃഷിയില്‍ കരുത്ത് തെളിയിച്ച് കൊഴുവണയിലെ വീട്ടമ്മമാര്‍

കല്‍പ്പറ്റ: നെന്‍മേനി കൊഴുവണയിലുള്ള ജൂബിലി അയല്‍ക്കൂട്ടത്തിലെ പതിനൊന്ന് വീട്ടമ്മമാര്‍ കരയിലും വയലിലുമായി വിവിധ ഇനം കൃഷി ചെയ്ത് നാടിന് മാതൃകയാവുകയാണ്.
രാസവളങ്ങളോ കീടനാശിനികളോ ഉപയോഗിക്കാതെ തീര്‍ത്തും ജൈവ വളം ഉപയോഗിച്ചുള്ളതാണ് കൃഷി. വിവിധ ഇടങ്ങളിലായി ആറ് ഏക്കറോളം സ്ഥലം പാട്ടത്തിനെടുത്താണ് ഇവരുടെ കൃഷി. ഇഞ്ചി, മഞ്ഞള്‍, വാഴ, ചേന, ചേമ്പ്, കാച്ചില്‍ തുടങ്ങിയവയും പച്ചക്കറികളുമാണ് ഇവരുടെ പ്രധാന കൃഷി. സ്വയം അധ്വാനിച്ച് കുടുംബ ചിലവിന് പണം കണ്ടെത്താനും ബാങ്ക് വായ്പ മുടങ്ങാതെ തിരിച്ചടക്കാനുമാണ് ഇവരുടെ പരിശ്രമം.
വില തകര്‍ച്ചയിലും വിളനാശത്തിലും പതറാതെ എല്ലാ വര്‍ഷവും തുടര്‍ച്ചയായി മാറി മാറിയുള്ള കൃഷി ചെയ്യുന്നു. ജോലി തിരക്ക് വരുമ്പോള്‍ മാത്രമാണ് കൂലിക്ക് ആളെ കൂട്ടുന്നത്. കഴിഞ്ഞവര്‍ഷം ഒരേക്കര്‍ ഇഞ്ചികൃഷി മഹാളി രോഗം ബാധിച്ച് നശിച്ചുപോയി.
കുടുംബശ്രീയുടെയും വാര്‍ഡ് മെമ്പര്‍ കെ.സി.കെ തങ്ങളുടെയും പിന്തുണയാണ് പ്രോല്‍സാഹനമായതെന്ന് ഇവര്‍ പറഞ്ഞു.
ജെ.എല്‍.ജി ഗ്രൂപ്പിനുള്ള ബാങ്ക് വായ്പയും കുടുംബശ്രീയുടെ നിബന്ധനകള്‍ക്ക് വിധേയമായ കൃഷിരീതിക്ക് ലഭിക്കുന്ന നാമമാത്ര സബ്‌സിഡി തുകയുമാണ് മൂലധനം. സംരംഭം വിജയിപ്പിക്കുന്നതിന് നാട്ടുകാരില്‍ നിന്നും നല്ല സഹകരണവും ലഭിക്കുന്നുണ്ട്. അമ്മിണി, കൊയ്മ, ത്രേസ്യാമ്മ, ഏലിയാമ്മ, പാത്തുമ്മ, മിനി, നളിനി, അഫ്‌സത്ത്, പൊന്നി, അമ്മിണി തമ്പി, റോസമ്മ എന്നിവരാണ് ഈ കൃഷിക്ക് നേതൃത്വം നല്‍കുന്നത്.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.