2019 March 19 Tuesday
നല്ല ഹൃദയം സ്വര്‍ണത്തേക്കാള്‍ വിലപിടിപ്പുള്ളതാണ് – ഷേക് സ്പിയര്‍

കൃപേഷ്.. രാഹുല്‍ വന്നു, നിന്റെ ഒറ്റമുറി വീട്ടില്‍

വി.കെ പ്രദീപ്

പെരിയ (കാസര്‍കോട്): ‘ഞാനൊക്കെ മരിച്ചാല്‍, രാഹുല്‍ഗാന്ധി വീട്ടില്‍ വരുമോ..’ കൃപേഷ് സുഹൃത്തുക്കളോട് ചോദിക്കാറുണ്ടായിരുന്നത് ഇന്നലെ സംഭവിച്ചു.
രാഹുല്‍ ഗാന്ധി കൃപേഷിന്റെ ഒറ്റമുറി ഓലപ്പുരയിലെത്തി. കൊലക്കത്തിക്ക് കീഴടങ്ങിയെങ്കിലും കൃപേഷിന്റെ ആശയുടെ സാഫല്യമായാണ് രാഹുല്‍ കൃപേഷിന്റെ കൊച്ചുവീട്ടിലെത്തിയത്. കൃപേഷിന്റെ ഓര്‍മകള്‍ നിറഞ്ഞ അന്തരീക്ഷത്തില്‍ അവന്റെ വാക്കുകള്‍ ഓര്‍ത്തെടുത്ത് കുടുംബം തേങ്ങുന്നുണ്ടായിരുന്നു.
പെരിയ കല്ല്യോട്ട് സി.പി.ണ്ടഎമ്മുകാര്‍ കൊലപ്പെടുത്തിയ കൃപേഷിന്റെ വീടാണ് ഇന്നലെ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ഗാന്ധി സന്ദര്‍ശിച്ചത്. പിതാവ് കൃഷ്ണനെയും മാതാവിനെയും സഹോദരി കൃഷ്ണപ്രിയയെയും അദ്ദേഹം ആശ്വസിപ്പിച്ചു. കൊലക്കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന കൃഷ്ണന്റെ അപേക്ഷയ്ക്ക് രാഹുലിന്റെ ഉറപ്പുണ്ടായി.
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്ന കൃപേഷിന് ഏറെ ഇഷ്ടമുണ്ടായിരുന്ന നേതാവാണ് രാഹുല്‍. താന്‍ മരിച്ചാല്‍ രാഹുല്‍ വീട്ടില്‍ വരുമോയെന്ന കൃപേഷിന്റെ വാക്കുകള്‍ അറംപറ്റിയല്ലോയെന്ന് ഇന്നലെ കൃപേഷിന്റെ വീട്ടിലെത്തിയ സുഹൃത്തുക്കളും വിലപിച്ചു.
കൃപേഷിന്റെയും ശരത്തിന്റെയും രാഹുല്‍ഗാന്ധിയുടെയും ചിത്രമുള്ള വലിയ ഫ്‌ളക്‌സില്‍ താനൊക്കെ മരിച്ചാല്‍ രാഹുല്‍ഗാന്ധി വരുമോയെന്ന കൃപേഷിന്റെ ചോദ്യം ചേര്‍ത്താണ് കൃപേഷിന്റെ സുഹൃത്തുക്കള്‍ രാഹുലിനെ സ്വീകരിച്ചത്.
കോണ്‍ഗ്രസ് നേതാക്കളോടൊപ്പമെത്തിയ രാഹുല്‍ 10 മിനിറ്റ് കൃപേഷിന്റെ കുടുംബവുമായി സംസാരിച്ചു. തുടര്‍ന്ന് കൃപേഷിന്റെ കുടുംബത്തിനായി ഹൈബി ഈഡന്‍ എം.എല്‍.എ നിര്‍മിക്കുന്ന വീടും സന്ദര്‍ശിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.