2019 June 19 Wednesday
നമ്മളിലുള്ള നന്മയാണു നമ്മുടെ നീതിബോധം -തിരുവള്ളുവര്‍

കൂര്‍ക്കംവലിക്ക് പരിഹാരം ആഹാരത്തിലുണ്ട്

ഡോ.പി.ഉബൈദ് ജെറിയാട്രിക് മെഡിസിന്‍

 

ഉറക്കത്തില്‍ കൂര്‍ക്കം വലിക്കുന്നത് അടുത്തു കിടക്കുന്നവരെ അലോസരപ്പെടുത്തുകയും ഉറക്കം കെടുത്തുകയും ചെയ്യുന്നതാണ്. കൂര്‍ക്കം വലിക്കുന്ന ഭര്‍ത്താവില്‍ നിന്ന് വിവാഹബന്ധം വേര്‍പെടുത്തിയ ഭാര്യയുടെ കഥ പത്രങ്ങളില്‍ നിന്ന് നമ്മള്‍ അറിഞ്ഞതാണല്ലോ. കൂര്‍ക്കം വലിക്കുന്നത് മറ്റുള്ളവരെ അലോസരപ്പെടുത്തുന്നതുമാത്രമല്ല, അവരവരുടെ ആരോഗ്യപ്രശ്‌നത്തിന്റെ തെളിവുകൂടിയാണത്.

കാരണങ്ങള്‍
ശ്വാസനാളിയുടെ കിടപ്പാണ് ചിലര്‍ക്ക് കൂര്‍ക്കം വലിക്കാന്‍ കാരണമാകുന്നതെങ്കില്‍ മറ്റു ചിലര്‍ക്ക് ആഹാരമാണ് കാരണം. ആഹാരത്തില്‍ മാറ്റം വരുത്തി കൂര്‍ക്കം വലി ചികിത്സിക്കാവുന്നതാണ്. അമിതമായ തടി കൂര്‍ക്കം വലിയിലേക്ക് നയിക്കുന്നുണ്ട്. അതുപോലെ വായിലുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങളും അസുഖങ്ങളും ശ്വാസതടസവും ഉറക്കമില്ലായ്മയും കൂര്‍ക്കം വലിക്ക് കാരണമാകുന്നതായി പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്.

മരുന്നുവേണ്ട
കൂര്‍ക്കം വലിക്ക് മരുന്നിന്റെ ആവശ്യമില്ല. അതേസമയം കാരണം വ്യക്തമായി മനസിലാക്കേണ്ടതുമുണ്ട്. ഭക്ഷണത്തില്‍ മാറ്റം വരുത്തി കൂര്‍ക്കം വലിക്ക് തടയിടാനാവുമോ എന്നാണ് ആദ്യം നോക്കേണ്ടത്. ചില ഭക്ഷണ സാധനങ്ങള്‍ കൂര്‍ക്കം വലിയിലേക്ക് നയിക്കുമ്പോള്‍ ചിലവ കൂര്‍ക്കം വലിക്കാനുള്ള ത്വരയെ ഇല്ലാതാക്കുകയും ചെയ്യുന്നു.

മഞ്ഞള്‍പൊടി
ശരീരത്തില്‍ ക്ഷോഭജനകമായ അവസ്ഥയെ ഇല്ലാതാക്കുന്ന വസ്തുവാണ് മഞ്ഞള്‍പൊടി. പ്രത്യേകിച്ച് ശ്വാസനാളിയിലെ തടസത്തെ നീക്കുകയും തൊണ്ടയ്ക്ക് മൃദുത്വം നല്‍കുകയും ചെയ്യുന്നതുവഴി കൂര്‍ക്കം വലിയെ അകറ്റി നിര്‍ത്തും. മഞ്ഞള്‍ സാധാരണ ഭക്ഷണത്തോടൊപ്പം കഴിക്കുന്നതാണെങ്കിലും കൂര്‍ക്കം വലിയ്ക്ക് ചികിത്സിക്കുമ്പോള്‍ ഒരു മരുന്നായി സേവിക്കണം.
ഒരു ഗ്ലാസ് ചെറിയ ചൂടുള്ള പാലില്‍ രണ്ടു ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി കലക്കി ചേര്‍ത്ത് കുടിക്കുക. ഉറങ്ങുന്നതിനു അരമണിക്കൂര്‍ മുന്‍പ് ഇത് കഴിക്കുന്നത് ഫലവത്താണെന്നാണ് അനുഭവം.

സോയ മില്‍ക്ക്
കൂര്‍ക്കം വലിയുടെ ചികിത്സയ്ക്ക് സോയ മില്‍ക്ക് നല്ലതാണ്. ചിലര്‍ക്ക് പശുവിന്‍ പാലാണ് കൂര്‍ക്കത്തിന് കാരണമാക്കുന്നത്. അലര്‍ജി ഉണ്ടാകുകയും ശ്വാസനാളി തടിക്കുകയും കൂര്‍ക്കം വലി ഉണ്ടാകുകയും ചെയ്യുന്നു. പാലിലുള്ള ലാക്ടോസ് എന്ന ഘടകമാണ് ഇതിനു കാരണം. സോയ മില്‍ക്ക് ഉപയോഗിക്കുന്നത് ഇത്തരക്കാര്‍ക്ക് മോചനമാവും.

പുതിന(കര്‍പ്പൂര തുളസി)
ഞരമ്പുവലിക്കെതിരേയും ക്ഷോഭജന്യമായ ശാരീരികാവസ്ഥയെയും നേരിടാന്‍ ഉത്തമമാണ് പുതിനയില. ഇത് ശ്വാസനാളിയെ എപ്പോഴും ശുദ്ധവും തടസമില്ലാത്തതാക്കിയും നിലനിര്‍ത്താന്‍ സഹായിക്കുന്നു. ശ്വാസനാളിയില്‍ ഉണ്ടായേക്കാവുന്ന തടിപ്പിന് പുതിനയില ശമനമുണ്ടാക്കും. പുതിനയില എസെന്‍ഷ്യല്‍ ഓയില്‍ ഒന്നോ രണ്ടോ തുള്ളി ഒരു ഗ്ലാസ് വെള്ളത്തില്‍ ചേര്‍ത്ത് കിടക്കാന്‍ പോകുന്നതിനു മുന്‍പ് കവിള്‍ക്കൊള്ളുന്നത് കൂര്‍ക്കം വലി അകറ്റും.

ഉള്ളി
ഉള്ളി ചെറിയവനാണെങ്കിലും വീര്യവാനാണ്. കഫതടസം മാറ്റുന്നതിനുള്ള കണ്‍കണ്ട മരുന്നാണ് ഉള്ളി. ശ്വാസനാളിയെ ശുദ്ധമാക്കി സൂക്ഷിക്കാന്‍ ഉള്ളിക്ക് കഴിയും. പാചകം ചെയ്ത ഉള്ളി കഴിക്കുന്നത് കൂര്‍ക്കം വലിക്ക് പരിഹാരമാണ്.

തേന്‍
ക്ഷോഭജന്യവിരുദ്ധ ഘടകങ്ങള്‍ അടങ്ങിയിട്ടുള്ളതാണ് തേന്‍. ദോഷകാരികളായ സൂക്ഷ്മാണുക്കളെ വകവരുത്താനും തേനിനു സാധിക്കും. കൂര്‍ക്കം വലിയെ അതുകൊണ്ടുതന്നെ തേന്‍ ഫലപ്രദമായി നിയന്ത്രിക്കും. തൊണ്ടയെ സുഖകരമാക്കുകയും തടസം മാറ്റുകയും തടിപ്പ് ഇല്ലാതാക്കുകയും ചെയ്യും. കിടക്കാന്‍ പോകുന്നതിനു മുന്‍പ് ചൂടുവെള്ളത്തില്‍ തേന്‍ ചേര്‍ത്ത് കഴിക്കുക.

മത്സ്യം
റെഡ് മീറ്റ് കൂര്‍ക്കം വലി ഉണ്ടാക്കുന്ന വസ്തുവാണ്. അതൊഴിവാക്കി മത്സ്യം കഴിച്ചാല്‍ കൂര്‍ക്കം വലി തടയാം. ക്ഷോഭജന്യ വസ്തുക്കള്‍ റെഡ്മീറ്റില്‍ അടങ്ങിയിട്ടുണ്ട്. ഇത് തൊണ്ടയെ അലോസരപ്പെടുത്തി തടിപ്പിന് കാരണമാകും. മത്സ്യം ക്ഷോഭജന്യവസ്തുക്കളെ നിയന്ത്രിച്ചു നിര്‍ത്തി കൂര്‍ക്കം വലി കുറയ്ക്കാന്‍ സഹായിക്കുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.