2018 June 25 Monday
വിശുദ്ധ ഖുര്‍ആന്‍ ഞാന്‍ പരിശോധിച്ചു. അതില്‍ കുഫ്ര്‍ കഴിഞ്ഞാല്‍ പലിശയോളം പാപമുള്ളതായി മറ്റൊന്നും ഞാന്‍ കണ്ടിട്ടില്ല.
ഇമാം മാലിക് (റ)

കൂട്ട അവധി: കെ.എസ്.ആര്‍.ടി.സിക്ക് ഒരു ദിവസം നഷ്ടമായത് 4.75 ലക്ഷം രൂപ

  • അവധിയെടുത്തത് സി.ഐ.ടി.യു യൂനിറ്റ് സമ്മേളനത്തിന്
  • അനുമതി നല്‍കിയ ഡി.ടി.ഒയ്ക്ക് നിര്‍ബന്ധിത അവധി
എ.എസ് അജയ്‌ദേവ്

തിരുവനന്തപുരം: കടക്കെണിയില്‍നിന്ന് രക്ഷിക്കാന്‍ പണപ്പിരിവു നടത്തി സ്വന്തമായി ബസുവരെ വാങ്ങി നല്‍കിയ ‘സഖാക്കള്‍’ കൂട്ട അവധിയെടുത്ത് സമ്മേളനം നടത്തിയപ്പോള്‍ കെ.എസ്.ആര്‍.ടി.സിക്ക് നഷ്ടം 4.75 ലക്ഷം രൂപ. കൂട്ട അവധി നല്‍കിയ ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസര്‍ എ.എം നസീറിനോട് നിര്‍ബന്ധിത അവധിയില്‍ പ്രവേശിക്കാനും എം.ഡി നിര്‍ദേശിച്ചു.
കെ.എസ്.ആര്‍.ടി.സിയിലെ ജീവനക്കാരുടെ സര്‍ക്കാര്‍ അനുകൂല തൊഴിലാളി സംഘടനയായ സി.ഐ.ടി.യു തിരുവനന്തപുരം സിറ്റി യൂനിറ്റ് സമ്മേളനത്തിനാണ് ജീവനക്കാര്‍ക്ക് ഡി.ടി.ഒ കൂട്ട അവധി നല്‍കിയത്. ഇതേ തുടര്‍ന്ന് സിറ്റി യൂനിറ്റില്‍ നിന്ന് ഓപ്പറേറ്റ് ചെയ്യേണ്ടിയിരുന്ന 33 ബസ് ഷെഡ്യൂളുകള്‍ മുടങ്ങി. ആകെ 108 ഷെഡ്യൂളുകളാണ് സിറ്റിയില്‍നിന്ന് ഓപ്പറേറ്റ് ചെയ്യുന്നത്. ഇതില്‍ 75 ഷെഡ്യൂളുകള്‍ മാത്രമേ അന്നേ ദിവസം ഓപ്പറേറ്റ് ചെയ്തുള്ളൂ.
ദിവസേന ശരാശരി പത്തുലക്ഷം രൂപയുടെ വരുമാനം ലഭിക്കുന്ന ഡിപ്പോയാണ് സിറ്റി യൂനിറ്റ്. എന്നാല്‍, ജീവനക്കാര്‍ കൂട്ട അവധിയെടുത്ത ദിവസം കളക്ഷന്‍ കുത്തനെ കുറഞ്ഞു. 5.15 ലക്ഷം രൂപ മാത്രമാണ് ലഭിച്ചത്. കടംകയറി നില്‍ക്കുന്ന കെ.എസ്.ആര്‍.ടി.സിക്ക് ഇത്തരമൊരു നഷ്ടം കൂടി വരുത്തിവച്ച ജീവനക്കാര്‍ക്കെതിരേ ശക്തമായ നടപടി ഉണ്ടാകുമെന്നാണറിയുന്നത്.
ഓരോ രൂപയുടെയും വരവും ചെലവും കൃത്യമായി പരിശോധിക്കുന്ന എം.ഡി തന്നെയാണ് കൂട്ട അവധിയെടുത്തതു വഴിയുണ്ടായ നഷ്ടം കണ്ടു പിടിച്ചതും. ഇതേ തുടര്‍ന്ന് അവധി അനുവദിച്ച ഡി.ടി.ഒയെ സസ്‌പെന്‍ഡ് ചെയ്യാനായിരുന്നു തീരുമാനം. എന്നാല്‍, ഈ ഉദ്യോഗസ്ഥന്‍ അടുത്തമാസം പെന്‍ഷനാവുകയാണ്. അതിനാല്‍ ഡി.ടി.ഒയോട് നിര്‍ബന്ധിത അവധിയില്‍ പ്രവേശിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.
തുടര്‍ന്ന് അസി. ട്രാന്‍സ്‌പോര്‍ട്ട് ഓഫിസര്‍ സി.പി പ്രസാദിന് അധികചുമതല നല്‍കി ഉത്തരവും ഇറക്കി.

ആയിരം ലക്ഷ്വറി എ.സി ബസുകള്‍ വാടകയ്‌ക്കെടുക്കുന്നു

കടം വര്‍ധിക്കുന്നത് തടയാന്‍ ബസ് നിര്‍മാണം പൂര്‍ണമായി ഒഴിവാക്കി കെ.എസ്.ആര്‍.ടി.സി ആയിരം ലക്ഷ്വറി ബസുകള്‍ വാടകയ്ക്ക് എടുക്കുന്നു. ബെന്‍സ്, വോള്‍വോ, ലൈലാന്റ് എന്നീ കമ്പനികളുടേതാണ് ബസുകള്‍. ഈ കമ്പനികള്‍ താല്‍പര്യം പ്രകടിപ്പിച്ച് മുന്നോട്ട് വന്നിട്ടുണ്ട്. ഇതുസംബന്ധിച്ച് മാനേജ്‌മെന്റും കമ്പനി അധികൃതരും തമ്മില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.
ബസുകള്‍ ഓടിക്കാന്‍ ഡ്രൈവര്‍മാരെയും കമ്പനികള്‍ നല്‍കും. മെയിന്റനന്‍സും കമ്പനികള്‍ക്ക് തന്നെയാകും. ഇത്തരം ബസുകള്‍ ഉപയോഗിച്ച് ദീര്‍ഘദൂര സര്‍വിസുകള്‍ നടത്തും. ഇത്തരം സര്‍വിസുകളാണ് ഗുണകരമെന്നാണ് മാനേജ്‌മെന്റിന്റെ വിലയിരുത്തല്‍. പതിയെ സിറ്റി സര്‍വിസുകളില്‍നിന്ന് കെ.എസ്.ആര്‍.ടി.സിയെ പിന്‍വലിക്കും. അതിനിടെ ഇത്തരം പരിഷ്‌ക്കാരങ്ങള്‍ക്കെതിരേ ശക്തമായ പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ് കെ.എസ്.ആര്‍.ടി.സിയിലെ വിവിധ തൊഴിലാളി സംഘടനകള്‍.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.