2017 May 30 Tuesday
ആലീസ് വാക്കര്‍

കൂട്ടുകാര്‍ കൈതാങ്ങായി; ആദിത്യന് ഇനി സുഖമായി ഉറങ്ങാം

പൂച്ചാക്കല്‍: കൂട്ടുകാരുടെ കൈത്താങ്ങില്‍ നിര്‍മിച്ച സ്‌നേഹഭവനം നാളെ ആദിത്യന് കലക്ടര്‍ കൈമാറും.
മണപ്പുറം സെന്റ് തെരേസാസ് ഹൈസ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയായ ആദിത്യന്റെ കടുംബത്തിനു കൂട്ടുകാരുടെ ശ്രമഫലമായി നിര്‍മിച്ച  വീടാണ് നാളെ കലക്ടര്‍ വീണ എന്‍. മാധവന്‍ തുറന്നുകൊടുക്കുന്നത്.സ്‌കൂളിന്റ എഴുപത്തിയൊമ്പതാം   വാര്‍ഷികാഘോഷവും വിരമിക്കുന്ന പ്രഥമാധ്യാപിക വിമല ഐസക്കിന്റെ യാത്രയയപ്പിനോടും അനുബന്ധിച്ചുള്ള ചടങ്ങിലാണ് സ്‌നേഹഭവനത്തിന്റെ താക്കോല്‍ദാന ചടങ്ങ് നടക്കുക.
ഉച്ചക്ക് രണ്ടിനു നടക്കുന്ന സമ്മേളനം മന്ത്രി പി തിലോത്തമന്‍ ഉദ്ഘാടനം ചെയ്യും. റവ.ഫാ.ജോണ്‍സണ്‍വാഴപ്പിള്ളി അധ്യക്ഷത വഹിക്കും.  എ.എം ആരിഫ് എം.എല്‍.എ സ്‌കൂളിന്റെ വിശേഷാല്‍ പത്രിക പ്രകാശനം ചെയ്യും.  ത്രിതല പഞ്ചായത്ത്  ജനപ്രതിനിധികള്‍ പങ്കെടുക്കും.സ്‌കൂളിലെ വിദ്യാര്‍ഥി കൂട്ടായ്മയായ തെരേസ്യന്‍ ആര്‍മിയുടെ നേതൃത്വത്തിലാണ് സഹപാടിക്കൊരു സുരക്ഷിതഭവനം പദ്ധതി യാഥാര്‍ഥ്യമാക്കിയത്. തൈക്കാട്ടുശ്ശേരി പഞ്ചായത്തിലെ ഉളവെയ്പില്‍ നിര്‍മാണം പൂര്‍ത്തിയായ വീടിന് ആഗസ്റ്റ് 22-നാണ് കലക്ടര്‍ വീണ എന്‍. മാധവന്‍ തറക്കല്ലിട്ടത്.
വര്‍ഷങ്ങള്‍ക്ക് മുമ്പ് ആദിത്യന്റെ പിതാവ് മരണപ്പെട്ടു. അപൂര്‍വ്വ രോഗത്താല്‍ അരക്കുതാഴെ തളര്‍ന്ന അമ്മ ശശികലയും പ്ലസ് വണ്‍ വിദ്യാര്‍ഥിനി സഹോദരി അഞ്ജനയും അടങ്ങുന്ന ആദിത്യന്റെ കുടുംബം ഉളവെയ്പ് അംബേദ്കര്‍ കോളനിയില്‍ അടച്ചുറപ്പില്ലാത്ത ഷെഡിലായിരുന്നു താമസം. കുടുംബം പോറ്റാന്‍ വെളുപ്പിനു പത്രവിതരണം നടത്തിയ ശേഷമാണ് അഞ്ജനയും ആദിത്യനും സ്‌കൂളില്‍ പോകുന്നത്. ഇതറിഞ്ഞ്, സാമൂഹിക പ്രതിബന്ധത മുന്‍നിര്‍ത്തിയുള്ള പ്രവര്‍ത്തനത്തനങ്ങള്‍ നടത്തുന്ന വിദ്യാര്‍ഥി കൂട്ടായ്മയായ തെരേസ്യന്‍ ആര്‍മി സഹപാടിക്കൊരു സുരക്ഷിത  ഭവനം നിര്‍മിച്ച് കൊടുക്കാന്‍ തീരുമാനിക്കുകയായിരുന്നു.
വീട് നിര്‍മിച്ചത് ചതുപ്പ് സ്ഥലത്ത് ആയതിനാല്‍ തറ ഒരുക്കാന്‍ തന്നെ നല്ലൊരു തുക മുടക്കേണ്ടിവന്നു.  നിത്യേനയെന്നോണം സഹപാടികളും അധ്യാപകരും സ്ഥലത്തെത്തി തങ്ങളാല്‍ കഴിയുന്ന സേവനം ചെയ്തു. എട്ട് ലക്ഷം രൂപയാണു നിര്‍മാണ ചെലവായി കണ്ടിരുന്നതെങ്കിലും നിലവില്‍ 10.5 ലക്ഷം രൂപ ചെലവായി. 600 ച: അടി വിസ്തീര്‍ണ്ണമുള്ള വീടാണ് നിര്‍മിച്ചത്. വീട് നിര്‍മിക്കുന്നതിനു പുറത്തു നിന്നും ധാരാളം സഹായങ്ങള്‍ ലഭിച്ചതായി നിര്‍മാണത്തിന് മേല്‍നോട്ടം വഹിക്കുന്ന സ്‌കൂള്‍ അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.