2018 September 21 Friday
ഒരാളുടെ മഹത്വം അളക്കുന്നത് അയാള്‍ തനിക്ക് താഴ്ന്നവരോട് എങ്ങനെ ഇടപെടുന്നു എന്നു നോക്കിയാണ്
ജെ.കെ റൗളിങ്

കൂട്ടിച്ചേര്‍ക്കാനുള്ളത് ‘ഇറക്കുമതി’ വോട്ടുകളെന്ന്, കണ്ണൂരില്‍ പുതിയ വിവാദം

കണ്ണൂര്‍: വോട്ടര്‍ പട്ടികയില്‍ പേര് കൂട്ടിച്ചേര്‍ക്കാനുള്ള ദിവസം അവസാനിച്ചതോടെ രാഷ്ട്രീയ പാര്‍ട്ടികള്‍ കൂട്ടിച്ചേര്‍ക്കാന്‍ നല്‍കിയ വോട്ടുകളെ ചൊല്ലി കണ്ണൂരില്‍ പുതിയ വിവാദം ഉയര്‍ന്നിരിക്കുന്നു. രാഷ്ട്രീയ പാര്‍ട്ടികള്‍ ഉറച്ച കോട്ടകളിലെ പാര്‍ട്ടി പ്രവര്‍ത്തകരുടെ വോട്ടുകള്‍ ചെറിയ മാര്‍ജിനില്‍ കഴിഞ്ഞ തവണ എതിരാളികള്‍ വിജയിച്ച മണ്ഡലങ്ങളിലേക്ക് മാറ്റികഴിഞ്ഞുവെന്നാണ് പാര്‍ട്ടികള്‍ പരസ്പരം ആരോപണം ഉന്നയിക്കുന്നത്.

മുസ്‌ലിം ലീഗിലെ കെ.എം ഷാജിയും മാധ്യമ പ്രവര്‍ത്തകന്‍ നികേഷ് കുമാറും മത്സരിക്കുന്ന അഴീക്കോട് മണ്ഡലത്തില്‍ ഇത്തരത്തില്‍ സി.പി.എം വോട്ട് ചേര്‍ത്തിയതായി മുസ്‌ലിം ലീഗ് ആരോപിക്കുമ്പോള്‍ ഇതേ ആരോപണം തന്നെ സി.പി.എം മുസ്‌ലിം ലീഗിനെതിരെയും ഉന്നയിക്കുന്നു.
സി.പി.എമ്മിന്റെ ശക്തി കേന്ദ്രങ്ങളും വലിയ ഭൂരിപക്ഷത്തിന് സി.പി.എം സ്ഥാനാര്‍ഥികള്‍ സ്ഥിരമായി വിജയിക്കുന്ന കല്ല്യാശേരി, തളിപ്പറമ്പ് മണ്ഡലങ്ങളിലെ നിരവധി വോട്ടുകള്‍ സി.പി.എം അഴീക്കോട് മണ്ഡലത്തില്‍ ഇറക്കുമതി ചെയ്തപ്പോള്‍ കണ്ണൂര്‍ മണ്ഡലത്തില്‍ നിന്ന് മുസ്‌ലിം ലീഗ് വോട്ടിറക്കുമതി ചെയ്തുവെന്നാണ് സി.പി.എമ്മിന്റെ ആരോപണം.
2011 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കെ.എം ഷാജി 493 വോട്ടുകള്‍ക്ക് വിജയിച്ച അഴീക്കോട് 7640 വോട്ടുകളാണ് കൂട്ടിച്ചേര്‍ക്കാനായി ലഭിച്ചിരിക്കുന്നത്. ജില്ലയില്‍ ഏറ്റവും കൂടുതല്‍ വോട്ട് കൂട്ടിച്ചേര്‍ത്തതും അഴീക്കോടാണെന്നതാണ് പ്രത്യേകത.
ഇത്തരത്തിലുള്ള ഇറക്കുമതി കൂട്ടിച്ചേര്‍ക്കലുകള്‍ മറ്റ് മണ്ഡലങ്ങളിലും നടന്നിട്ടുണ്ടെന്ന് യു.ഡി.എഫ് ആരോപിക്കുന്നുണ്ട്. ജില്ലയില്‍ ശക്തമായ പോരാട്ടം നടക്കുന്ന കൂത്തുപറമ്പിലും തലശേരിയിലും കൂട്ടിച്ചേര്‍ക്കാനുള്ള വോട്ടില്‍ വര്‍ധനവുണ്ട്.
കൂത്തുപറമ്പില്‍ 7195 ഉം തലശേരിയില്‍ 7115 വോട്ടുകളാണ് കൂട്ടിച്ചേര്‍ത്തിട്ടുള്ളത്. വോട്ട് കൂട്ടിച്ചേര്‍ക്കലുകളില്‍ അസാധാരണത്വം ഒന്നും ഇല്ലെന്ന് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ പറയുമ്പോഴും വലിയ തോതിലുള്ള വോട്ട് കൂട്ടിച്ചേര്‍ക്കലുകള്‍ ജില്ലയിലെ രാഷ്ട്രീയ പാര്‍ട്ടികളെ അസ്വസ്ഥരാക്കിയിട്ടുണ്ട്.
2010 ലെ കണ്ണൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ഇത്തരത്തില്‍ വ്യാപകമായി ഇറക്കുമതി വോട്ടുകള്‍ കടകളും പാര്‍ട്ടി ഓഫിസുകളും കേന്ദ്രീകരിച്ച് നടന്നിരുന്നു. ഇത്തരത്തിലുള്ള ഇറക്കുമതി വോട്ടുകള്‍ അന്ന് തടയുകയും അതിന് തുനിഞ്ഞ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാവുകയും ചെയ്തിരുന്നു.
ഇപ്പോഴും ഇറക്കുമതി വോട്ടുകളെ തന്നെയാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ ഭയക്കുന്നത്. കൂട്ടിച്ചേര്‍ക്കാന്‍ അപേക്ഷകള്‍ വന്നതുപോലെ തന്നെ വോട്ടുകള്‍ തള്ളാനും അപേക്ഷകളും എത്തിയിട്ടുണ്ട്. ജില്ലയില്‍ ആകെ 64025 അപേക്ഷകളാണ് വോട്ട് കൂട്ടിച്ചേര്‍ക്കാനായി ലഭിച്ചിട്ടുള്ളത്. കല്ല്യാശേരിയില്‍ 4100 വോട്ടുകളും ധര്‍മ്മടത്ത് 6100 വോട്ടുകളും കൂട്ടിച്ചേര്‍ക്കാനായി ലഭിച്ചിട്ടുണ്ട്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.