2018 August 14 Tuesday
വിദ്വാനായിരിക്കുന്നത് കുറ്റമാവുന്നിടത്ത് അജ്ഞത അനുഗ്രഹമാണ്
തോമസ് ഗ്രേ

കൂടുതല്‍പേരെ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറ്റി

കോഴിക്കോട്: മലയോര മേഖലയില്‍ കൂടുതല്‍ പേരെ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്കു മാറ്റി. അപകടഭീഷണി നേരിടുന്നവരെയാണു സുരക്ഷിത കേന്ദ്രത്തിലേക്കു മാറ്റിയത്. കോഴിക്കോട് താലൂക്കില്‍ മാവൂര്‍ സാംസ്‌കാരിക നിലയം, കച്ചേരിക്കുന്ന് അങ്കണവാടി, പുതുക്കുടി അങ്കണവാടി, തോണിച്ചിറ സാംസ്‌കാരിക നിലയം, ചെറുവണ്ണൂര്‍ ഹൈസ്‌കൂള്‍, വെസ്റ്റ് നല്ലൂര്‍ സ്‌കൂള്‍, കരുവന്‍തിരുത്തി എന്നീ ദുരിതാശ്വാസ ക്യാംപുകളില്‍ 32 കുടുംബങ്ങളില്‍ നിന്നായി 365 പേര്‍ താമസിക്കുന്നുണ്ട്.
വടകര താലൂക്കില്‍ മുളവട്ടം അങ്കണവാടി, കുരുടന്‍കടവ് അങ്കണവാടി എന്നീ ക്യാംപുകളില്‍ എട്ടു കുടുംബങ്ങളില്‍ നിന്നായി 29 പേരെ മാറ്റിപ്പാര്‍പ്പിച്ചു.
താമരശ്ശേരി താലൂക്കിലെ അഞ്ച് ക്യാംപുകളിലായി 374 പേരാണുള്ളത്. പുതുപ്പാടി പഞ്ചായത്തിലെ മൈലള്ളാംപാറ സെന്റ് ജോസഫ് സ്‌കൂളില്‍ 63 കുടുംബങ്ങള്‍ (116 പേര്‍), മണല്‍വയല്‍ എ.കെ.ടി.എം സ്‌കൂളില്‍ 48 കുടുംബങ്ങള്‍ (174), തിരുവമ്പാടി പഞ്ചായത്തില്‍ പുല്ലൂരാംപാറ സെന്റ് ജോസഫ് സ്‌കൂളില്‍ 15 കുടുംബങ്ങള്‍(48), മുത്തപ്പന്‍പുഴ എല്‍.പി സ്‌കൂളില്‍ 3 കുടുംബങ്ങള്‍ (11), കൂടരഞ്ഞി പഞ്ചായത്തിലെ മഞ്ഞക്കടവ് എല്‍.പി സ്‌കൂളില്‍ അഞ്ച് കുടുംബങ്ങള്‍ (25) എന്നിങ്ങനെയാണ് ദുരിതാശ്വാസ ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്നത്.
ശക്തമായ മഴയില്‍ വാണിമേല്‍, നരിപ്പറ്റ പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കുന പാക്വോയി പാലത്തിനു സമീപം പുഴയുടെ അരിക് തകര്‍ന്നു. ഇതുവഴിയുള്ള ഗതാഗതം പൂര്‍ണമായും നിലച്ചു. വാണിമേല്‍ വാളാംതോട് പ്രദേശത്തുനിന്ന് മൂന്നു കുടുംബങ്ങളെ അടുപ്പില്‍ കോളനിയിലേക്കു മാറ്റിപ്പാര്‍പ്പിച്ചു.
മലയങ്ങാട് റോഡ് ഭാഗികമായി തകര്‍ന്നു. കൊയിലാണ്ടി താലൂക്കില്‍ മുതുകാട് ഗവ. എല്‍.പി സ്‌കൂള്‍, കരിയാത്തന്‍ പാറ സെന്റ് ജോസഫ് എല്‍.പി സ്‌കൂള്‍ എന്നീ ക്യാംപുകളിലേക്ക് 13 കുടുംബങ്ങളില്‍ നിന്നായി 65 പേരെ മാറ്റിപ്പാര്‍പ്പിച്ചു. ജില്ലയില്‍ കാര്‍ഷിക മേഖലയെയും മഴ സാരമായി ബാധിച്ചു. രണ്ടുദിവസത്തിനിടെ ഒരു കോടി മുപ്പത്തി നാല് ലക്ഷം രൂപയുടെ കൃഷിനാശം സംഭവിച്ചു.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.