2019 November 12 Tuesday
ഏറ്റവും വലിയ പാപം ഞാന്‍ കഴിവുകെട്ടവനാണ് എന്ന വിചാരമാണ്.

കുഷ്ഠരോഗ നിര്‍ണയ ഭവനസന്ദര്‍ശന യജ്ഞം നാളെ മുതല്‍ മെയ് 12 വരെ

കല്‍പ്പറ്റ: കുഷ്ഠരോഗ നിര്‍ണയ ഭവന സന്ദര്‍ശന യജ്ഞം ‘അശ്വമേധം’ നാളെ മുതല്‍ മെയ് 12 വരെ ജില്ലയില്‍ നടക്കും.
കുഷ്ഠരോഗം ബാധിച്ചിട്ടുണ്ടെങ്കിലും തിരിച്ചറിയാത്തതുമൂലം ചികിത്സ ലഭിക്കാതെ സമൂഹത്തില്‍ കഴിയുന്നവരെ കണ്ടെത്തി ചികിത്സ നല്‍കുന്നതിനാണ് ആരോഗ്യവകുപ്പ് രണ്ടാഴ്ച നീണ്ടു നില്‍ക്കുന്ന കാംപെയിന്‍ നടത്തുന്നത്. രണ്ടാംഘട്ടത്തില്‍ ആറു ജില്ലകളിലാണ് പരിപാടി നടപ്പാക്കുന്നത്. 2018 ഡിസംബെറില്‍ എട്ടു ജില്ലകളില്‍ നടന്ന ഒന്നാം ഘട്ടത്തില്‍ 194 പുതിയ കുഷ്ഠരോഗികളെ കണ്ടെത്തി ചികിത്സ ആരംഭിച്ചിരുന്നു. പാലക്കാട്, മലപ്പുറം ജില്ലകളിലാണ് ഏറ്റവും അധികം രോഗികളെ കണ്ടെത്തിയത്. ഇതിന്റെ വിജയത്തെ തുടര്‍ന്നാണ് മറ്റു ആറു ജില്ലകളിലേക്ക് കൂടി പരിപാടി വ്യാപിപ്പിക്കുന്നത്. ഇവയില്‍ 129 എണ്ണം ദീര്‍ഘ കാലമായുള്ള ഒന്നില്‍ കൂടുതല്‍ പാടുകളോടുകൂടിയുള്ള കുഷ്ഠരോഗം ( മള്‍ട്ടി ബാസിലറി)യും, 15 എണ്ണം വൈകല്യം ബാധിച്ചു കഴിഞ്ഞവയുമായിരുന്നു. 20 എണ്ണം കുട്ടികളിലായിരുന്നു കണ്ടെത്തിയത്. ദീര്‍ഘകാലമായി സമൂഹത്തില്‍ രോഗം തിരിച്ചറിയാതെ തുടരുന്നതിന്റെ സൂചനയാണ് ഇത്.അശ്വമേധം പരിപാടിയിലൂടെ ജില്ലയിലെ രണ്ട് ലക്ഷത്തോളം വീടുകളില്‍ ഏപ്രില്‍ 29 മുതല്‍ മെയ് 12 വരെ ആശാ പ്രവര്‍ത്തകര്‍, പരിശീലനം സിദ്ധിച്ച വളണ്ടീയര്‍മാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഭാവനസന്ദര്‍ശനം നടത്തി എല്ലാവരുടെയും ത്വക്ക് പരിശോധിച്ചു കുഷ്ഠരോഗലക്ഷണങ്ങള്‍ സംശയിക്കുന്നവരെ ആശുപത്രിയിലേക്ക് റഫര്‍ ചെയ്യാനാണ് പദ്ധതി. ഒരു പുരുഷ വോളണ്ടീയര്‍, ഒരു സ്ത്രീ വോളണ്ടീയര്‍ എന്നിവരടങ്ങുന്നതാണ് ടീം. ഒരു ടീം ഏകദേശം 250 വീടുകള്‍ 14 ദിവസം കൊണ്ട് സന്ദര്‍ശിക്കും. ഇതിനായി 2000 വളണ്ടീയര്‍മാര്‍ക്കു പരിശീലനം നല്‍കിയിട്ടുണ്ട്. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍, പബ്ലിക് ഹെല്‍ത്ത് നഴ്‌സ്മാര്‍ എന്നിവരുടെ മേല്‍നോട്ടത്തിലായിരിക്കും പരിപാടി നടപ്പിലാക്കുക. പ്രാഥമിക, സാമൂഹിക ആരോഗ്യ കേന്ദ്രം ഡോക്ടര്‍മാര്‍ പരിപാടിക്ക് നേതൃത്വം നല്‍കും.ഭവന സന്ദര്‍ശനത്തിലൂടെ കുഷ്ഠരോഗ ലക്ഷണങ്ങള്‍ സംശയിക്കുന്ന കേസുകള്‍ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലെ മെഡിക്കല്‍ ഓഫിസര്‍മാര്‍ പരിശോധിക്കുകയും കൂടുതല്‍ വിദഗ്ധ പരിശോധന ആവശ്യമുള്ളവരെ സാമൂഹിക ആരോഗ്യ കേന്ദ്രങ്ങളില്‍ വച്ച് നടക്കുന്ന ക്യാംപുകളില്‍ ത്വക്കുരോഗ വിദഗ്ധര്‍ പരിശോധിച്ച് ചികിത്സ നല്‍കുകയും ചെയ്യും.കുഷ്ഠരോഗത്തെ സംബന്ധിച്ച് സമൂഹത്തില്‍ നിലനിന്നിരുന്ന മിഥ്യാ ധാരണകളെ അകറ്റുന്നതില്‍ മുഖ്യ പങ്കുവഹിച്ച തോപ്പില്‍ ഭാസിയുടെ അശ്വമേധം എന്ന നാടകത്തെയും സിനിമയെയും അസ്പദമാക്കിയാണ് പരിപാടിക്ക് ഈ പേര് നല്‍കിയത്.

കുഷ്ഠരോഗം, ശ്രദ്ധിക്കാന്‍

കല്‍പ്പറ്റ: മനുഷ്യവര്‍ഗത്തോളം ചരിത്രമുണ്ടെന്നു കരുതുന്ന അതിപുരാതനമായ ഒരു പകര്‍ച്ചവ്യാധിയാണ് കുഷ്ഠരോഗം. ചികിത്സ ലഭ്യമാണെങ്കിലും രോഗ ലക്ഷണങ്ങളെ കുറിച്ചുള്ള ശരിയായ അറിവില്ലായ്മ മൂലം രോഗം ബാധിച്ചവര്‍ തന്നെ തിരിച്ചറിഞ്ഞു ചികിത്സക്കെത്തുന്നത് വളരെ വൈകിയാണ്. ചികിത്സ വൈകുന്നത് രോഗിക്ക് അംഗവൈകല്യം ബാധിക്കുന്നതും, രോഗി മറ്റുള്ളവരിലേക്ക് ദീര്‍ഘകാലം രോഗം പരത്തിക്കൊണ്ടിരിക്കുന്നതിനും കാരണമാകും.
വായുവിലൂെട രോഗി തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും അടുത്തു നിന്ന് ശ്വസിക്കുന്നതിലൂടെയാണ് കുഷ്ഠരോഗം പകരുന്നത്. തൊലിപ്പുറത്തു കാണുന്ന നിറം മങ്ങിയതോ ചുവന്നതോ ആയ പാടുകള്‍, തടിപ്പുകള്‍, കട്ടികൂടിയ തിളക്കമുള്ളതുമായ ചര്‍മ്മം, വേദനയില്ലാത്ത വ്രണങ്ങള്‍, കൈ കാലുകളില്‍ മരവിപ്പ്, വൈകല്യങ്ങള്‍, കണ്ണടക്കാനുള്ള പ്രയാസം തുടങ്ങിയവ കുഷ്ഠരോഗ ലക്ഷണങ്ങളായേക്കാം.
തുടക്കത്തില്‍ ചികിത്സ ആരംഭിച്ചാല്‍ വൈകല്യങ്ങള്‍ പൂര്‍ണമായും തടയാന്‍ കഴിയും. ചികിത്സ ആരംഭിക്കുന്നതോടെ തന്നെ രോഗിയുടെ ശരീരത്തിലെ 90 ശതമാനം ബാക്ടീരിയയും നശിക്കുന്നതുമൂലം രോഗം മറ്റുള്ളവരിലേക്ക് പകരുന്നത് പൂര്‍ണമായും തടയാനാകും എന്നതാണ് പ്രധാന നേട്ടം.
6 മുതല്‍ 12 മാസം വരെയുള്ള കൃത്യമായ ചികിത്സയിലൂടെ രോഗി പൂര്‍ണമായും സുഖം പ്രാപിക്കും. വൈകല്യങ്ങള്‍ ചികിത്സിച്ചു ഭേദമാക്കാന്‍ പ്രയാസമാണ് എന്നതിനാല്‍ വൈകല്യങ്ങള്‍ ബാധിക്കുന്നതിനു മുമ്പ് ചികിത്സ ആരംഭിക്കുക എന്നതാണ് ഏറ്റവും പ്രധാനം.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.