
അബ്ദുസ്സലാം കൂടരഞ്ഞി
റിയാദ്: കുവൈത്ത് കോഴിക്കോട് സെക്റ്ററില്‍ ജൂണ്‍ മുതല്‍ എയര്‍ ഇന്ത്യാ എക്സ്പ്രസ് കൂടുതല്‍ സര്‍വീസുകള്‍ ഏര്‍പ്പെടുത്തുന്നു. ജൂണ്‍ ഒന്നുമുതല്‍ ആഴ്ചയില്‍ രണ്ടു വീതം വിമാനങ്ങളുമായി അധിക സര്‍വീസാണ് എക്സ്പ്രസ് ക്രമീകരിച്ചിരിക്കുന്നത്. വെക്കേഷന് കാലാവധി കഴിയുന്ന സമയത്ത് തന്നെ കൂടുതല്‍ സര്‍വീസുമായി എക്സ്പ്രസ് രംഗത്തെത്തുന്നത് കുവൈത്തിലെ പ്രവാസികള്‍ക്ക് അനുഗ്രഹമാണ്. ഇതോടെ നേരത്തെയുള്ള മൂന്ന് സര്‍വീസടക്കം അഞ്ച് സര്‍വീസായി ഉയരും.
നിലവില്‍ ഞായര്‍,ചൊവ്വ,വ്യാഴം ദിവസങ്ങളിലാണ് എക്സ്പ്രസ് സര്‍വ്വീസ് നടത്തുന്നത്. ഇതിനു പുറമെയാണ് 2 വിമാനങ്ങള്‍ കൂടി അധികമായി ഈ സെക്റ്ററില്‍ എത്തുന്നത്. ചൊവ്വ വ്യാഴം ദിവസങ്ങളില്‍ തന്നെ പുലര്‍ച്ചെ 2.50 നു കുവൈത്തില്‍ നിന്നും പുറപ്പെട്ടു കാലത്ത് 9.50നു കോഴിക്കോട് എത്തുന്ന രീതിയിലാണ് അധിക സര്‍വീസ് ക്രമീകരിച്ചിരിക്കുന്നത്. നിലവിലെ സര്‍വീസുകള്‍ കോഴിക്കോട് നിന്നും കൊച്ചിയിലേക്കും പോകുന്നതിനാല്‍ ഈ മേഖലയിലെ യാത്രക്കാര്‍ക്ക് ഇത് ഏറെ അനുഗ്രഹമായിരിക്കും.