2018 November 13 Tuesday
ലോകത്തെ മാറ്റാന്‍ നിങ്ങള്‍ ചിന്തകളെ മാറ്റൂ

കുഴച്ച കളിമണ്ണ് പോലെയാണ് കുട്ടികളുടെ മനസ്

വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം അറിവുനേടുകയാണെങ്കിലും ആത്യന്തികമായ ലക്ഷ്യം മികച്ച തൊഴില്‍ കണ്ടെത്തുകയെന്നതാണ്.
മുന്‍കാലങ്ങളെ അപേക്ഷിച്ച് മികച്ച തൊഴിലിനുവേണ്ടി കാലേകൂട്ടിയുള്ള തയാറെടുപ്പുകള്‍ ആവശ്യമാണിപ്പോള്‍. അത്തരം തയാറെടുപ്പുകളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് അഭിരുചി. ഇതു മനസിലാക്കി വേണം കോഴ്‌സ് തെരഞ്ഞെടുക്കാന്‍.
ഗണിതത്തില്‍ മാത്രം താല്‍പര്യമുള്ള കുട്ടിയെ ഡോക്ടറാക്കാന്‍ ശ്രമിച്ചാല്‍ അയാള്‍ ആ മേഖലയില്‍ പരാജയപ്പെടും. കൂടുതല്‍ ശമ്പളം കിട്ടുന്ന ജോലിയാണെന്നു കരുതി അതിലേക്കു പോയാല്‍ ഒരുപക്ഷേ ആ ജോലിയോടു നൂറു ശതമാനം കൂറുപുലര്‍ത്താന്‍ നമുക്കാവണമെന്നില്ല. you decide your own career എന്ന് ഒരു ചൊല്ലുണ്ട്. കുട്ടികള്‍ തന്നെയാണ് അവര്‍ക്ക് ഏതു ജോലി വേണം എന്നു തീരുമാനിക്കുന്നത്. പക്ഷേ, കുഴച്ച കളിമണ്ണ് പോലെയാണ് കുട്ടികളുടെ മനസ്.
ഏതു രീതിയില്‍ അതു രൂപപ്പെത്തണമെന്നു തീരുമാനിക്കുന്നതില്‍ മാതാപിതാക്കള്‍ക്ക് പ്രധാനപ്പെട്ട പങ്കുണ്ട്. മാതാപിതാക്കളും അധ്യാപകരും ഈ ദൗത്യമേറ്റെടുത്തില്ലെങ്കില്‍ കുട്ടികളുടെ ഭാവിയും സ്വഭാവവും രൂപികരിക്കുന്നതില്‍ മറ്റാരെങ്കിലും ഇടപെടുകയും അവസാനം പരാജയത്തിലേക്കെത്തുകയും ചെയ്യും.
വ്യക്തമായ പ്ലാനിങ്ങുണ്ടെങ്കില്‍ മാത്രമേ മികച്ച കരിയറുണ്ടാകൂ. സമൂഹത്തിന്റെ മാറ്റങ്ങള്‍ക്കനുസരിച്ചു തൊഴില്‍ മേഖലയിലും മാറ്റങ്ങളുണ്ടാകും. ചില കോഴ്‌സുകള്‍ ഇന്നു നിറം മങ്ങിയാണെങ്കില്‍ നാളെ അവ തിളങ്ങി നില്‍ക്കാം. ആ തിളക്കം കണ്ട് നമ്മുടെ കുട്ടിയെ ചേര്‍ത്ത്പഠിപ്പിച്ചു കോഴ്‌സ് കഴിയുമ്പോഴേക്കും അവിടെ നിറം മങ്ങിയിട്ടുണ്ടാവും. ഇതൊക്കെ സ്വാഭാവികമാണ്.

അതുകൊണ്ട് കോഴ്‌സുകള്‍ തിരഞ്ഞെടുക്കുമ്പോള്‍ ബോധപൂര്‍വമുള്ള ഇടപെടലുകള്‍ അത്യാവശ്യമാണ്.
ഓരോ മനുഷ്യനും വ്യത്യസ്തമായ കഴിവുകളോടെയാണ് ജനിക്കുന്നത്.

ആ കഴിവുകള്‍ കണ്ടെത്തുന്നതിന് ചില സ്ഥലങ്ങളില്‍ സ്‌ക്കൂള്‍ പാഠ്യപദ്ധതിയില്‍ വരെ മാര്‍ഗങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സൈക്കോമെട്രിക് ടെസ്റ്റ് എന്നറിയപ്പെടുന്ന അഭിരുചി പരീക്ഷ അടിസ്ഥാനമാക്കിയുള്ള ഒരു ആക്ഷന്‍ പ്ലാനാണ് കുട്ടികള്‍ക്ക് വേണ്ടി തയാറാക്കേണ്ടത്. അഭിരുചി പരീക്ഷകള്‍ എല്ലാ കുട്ടികള്‍ക്കും നടത്തണം.

വ്യത്യസ്ഥ സാഹചര്യങ്ങളില്‍ കുട്ടി എങ്ങനെ പ്രതികരിക്കുന്നു, ആശയ വിനിമയം ചെയ്യുന്നതിനുള്ള കഴിവ് സാങ്കേതിക മേഖലയലെ താല്‍പര്യം, മൂര്‍ത്തവും അമൂര്‍ത്തവുമായ വസ്തുക്കള്‍ തമ്മിലുള്ള ബന്ധം കണ്ടെത്തുന്നതിനുള്ള കഴിവ്, വസ്തുക്കളെ ഭാവനയില്‍ സൃഷ്ടിച്ചെടുത്ത് യാഥാര്‍ഥ്യമാക്കാനുള്ള കഴിവ്, ഭാഷാപരമായ പരിജ്ഞാനം, തീരുമാമെടുക്കുന്നതിനുള്ള വേഗത തുടങ്ങിയവയിലൊക്കെ വ്യക്തവും കൃത്യവുമായ ഉത്തരം അഭിരുചി പരീക്ഷയിലൂടെ ലഭിക്കും.
അഭിരുചി നിര്‍ണയ പരീക്ഷകള്‍ സാധാരണ പരീക്ഷ പോലെയല്ല. ഇതില്‍ ജയമോ പരാജയമോ ഇല്ല. എല്ലാവര്‍ക്കും ഒന്നല്ലെങ്കില്‍ മറ്റൊരു കഴിവുണ്ട്. അതു തിരിച്ചറിയുക മാത്രം.

മുന്‍കൂട്ടിയുള്ള തയാറെടുപ്പുകളോ പഠനമോ ഈ പരീക്ഷയ്ക്കില്ല. വളരെ ലളിതവും എളുപ്പവുമായ എഴുത്ത് പരീക്ഷയിലൂടെയാണ് അഭിരുചി നിര്‍ണയം നടക്കുന്നത്.

വക്കീല്‍,ഡോക്ടര്‍,അധ്യാപകന്‍ തുടങ്ങി ആശയവിനിമയത്തിനും വിശകലനത്തിനും പ്രാധാന്യമുള്ള തൊഴില്‍ മേഖലയില്‍ ശോഭിക്കാന്‍ verbal reasoning അത്യാവശ്യമാണ്.

വ്യാപാരം, സാമ്പത്തികം, മാനേജ്‌മെന്റ്, പ്രോഗ്രാമര്‍ തുടങ്ങിയ മേഖലയ്ക്ക് ഏറ്റവും ഗുണംചെയ്യുക numerical abilty ഉള്ളവര്‍ തന്നെയാണ്. ശാസ്ത്രം, ഡിസൈനിങ്, കംപ്യൂട്ടര്‍ തുടങ്ങിയവയ്ക്ക് A-btsract resoning നിര്‍ബന്ധം തന്നെയാണ്.
സാങ്കേതിക മേഖലയില്‍ പ്രാധാന്യമുള്ള എന്‍ജിനിയറിങ്, മാനേജ്‌മെന്റ് വിഭാഗത്തിലെ കണിശത Mechanic-al reasoning നിന്നെ മനസിലാക്കാന്‍ കഴിയൂ. ആര്‍ക്കിടെക്ചര്‍, കലകള്‍, ആര്‍ട്‌സ്, മള്‍ട്ടിമീഡിയ തുടങ്ങിയവയ്ക്ക് space relation നിര്‍ബന്ധമാണെന്നതില്‍ തര്‍ക്കമില്ല.
എല്ലാ ജോലിക്കും വേണ്ടതാണ് കൃത്യത. അതു മനസിലാക്കുന്നതിന് വേണ്ടി speed and accuracy എന്ന ടെസ്റ്റ്, കുട്ടിയുടെ ഭാഷാപരമായ പ്രകടനം, ആശയ വിനിമയശേഷി മനസിലാക്കാന്‍ Language skill എന്നതിലൂടെ കഴിയും.

ഈ അഭിരുചി ടെസ്റ്റ് കഴിഞ്ഞതിനു ശേഷം വിദ്യാര്‍ഥിയും രക്ഷിതാക്കളും കൗണ്‍സിലറും കൂടിയിരുന്നു ഫലം വിശകലനം ചെയ്ത് ഒരു തീരുമാനത്തിലെത്തി ഭാവിയുടെ മാസ്റ്റര്‍ പ്ലാന്‍ തയാറാക്കുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.