2018 June 19 Tuesday
ജീവതം അത്ര കഠിനവും ദുഖഭരിതവുമായിരിക്കെ എഴുതപ്പെടുന്ന വാക്കുകള്‍ കൊണ്ടല്ലാതെ മറ്റെന്തുകൊണ്ടാണ് ഒരാള്‍ മറ്റൊരാളെ തന്നിലേക്ക് ചേര്‍ത്തുപിടിക്കുക.
-കാഫ്ക

കുളങ്ങരത്തെ പാറക്കുളം സംരക്ഷിച്ചാല്‍ നാടിന് കുടിവെള്ളമേകും

കക്കട്ടില്‍: കുന്നുമ്മല്‍ പഞ്ചായത്തിലെ കുളങ്ങരത്തെ വറ്റാത്ത നീരുറവയായ പാറക്കുളം സംരക്ഷിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ഒന്നേമുക്കാല്‍ ഏക്കറോളം വരുന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന വലിയ പാറക്കുളത്തിലെ ജലമാണ് അധികൃതരുടെ അനാസ്ഥകാരണം പാഴാകുന്നത്. കൊടുംവേനലില്‍ പഞ്ചായത്തിലെയും അടുത്ത പ്രദേശങ്ങളിലെയും മൊത്തം ജലവിതരണത്തിന് ഉതകുന്ന കുളം ഒരിക്കല്‍ പോലും വറ്റിയിട്ടില്ലെന്നത് ശ്രദ്ധേയമാണ്. പാറ പൊട്ടിച്ചതിനെ തുടര്‍ന്ന് രൂപപ്പെട്ട കുളത്തില്‍ മാലിന്യങ്ങളും മറ്റും നിക്ഷേപിക്കാറുണ്ടായിരുന്നു. തുടര്‍ന്ന് പരിസരവാസികള്‍ ജാഗ്രത പുലര്‍ത്തിയതോടെ മാലിന്യം തള്ളുന്നത് നിര്‍ത്തിയെങ്കിലും മൂന്നു മീറ്ററിലധികം ആഴമുള്ള കുളത്തിലെ ജലം ആര്‍ക്കും ഉപകരിക്കുന്നില്ലെന്നതാണ് വസ്തുത.
ചേലക്കാട്ടെ അഗ്നിരക്ഷാ നിലയം ഇവിടേക്ക് മാറ്റാനുള്ള ശ്രമം നടത്തിയെങ്കിലും അതും ഉപേക്ഷിച്ച മട്ടാണ്. വരള്‍ച്ചാ ഭീതിയില്‍ നാട് ജലസ്രോതസ് തേടി പോകുമ്പോള്‍ ഈ കുളത്തിലെ ജലം ഉപയോഗിമില്ലാതെ പാഴാകുന്ന സ്ഥിതിയാണുള്ളത്. നീര്‍ത്തട വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി സംരക്ഷണഭിത്തി നിര്‍മിച്ച്, വലകെട്ടി ശുദ്ധജലമാക്കി മാറ്റാമെങ്കിലും പദ്ധതികള്‍ നേതാക്കന്‍മാരുടെ വാക്കുകളില്‍ മാത്രം ഒതുങ്ങുകയാണ്. കഴിഞ്ഞ വര്‍ഷം നീര്‍ത്തട വികസന പദ്ധതിയില്‍ ഈ പാറക്കുളം ഉള്‍പ്പെടുത്തുമെന്ന് മുന്‍ എം.എല്‍.എ കെ.കെ ലതിക പറഞ്ഞിരുന്നു. പക്ഷേ തുടര്‍ നടപകളുണ്ടായിട്ടില്ല. ജലദൗര്‍ലഭ്യം മുന്നില്‍ കണ്ട് നാട്ടുകാരുടെ സഹകരണത്തോടെ സംരക്ഷിക്കേണ്ട ശുദ്ധജല സ്രോതസ് പാഴായിപ്പോകുന്നതില്‍ നടപടി സ്വീകരിക്കാത്തത് പരിസരവാസികളെ നിരാശപ്പെടുത്തിയിട്ടുണ്ട്. സമീപത്തെ സംസ്ഥാന പാതയോരത്തുള്ള മറ്റൊരു കുളം വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഭിത്തി കെട്ടി സംരക്ഷിച്ചിട്ടുണ്ടെങ്കിലും സ്വകാര്യ വാഹനങ്ങള്‍ കഴുകുന്നത് പതിവാക്കിയതിനാല്‍ ഇതും ഉപയോഗശൂന്യമായിരിക്കുകയാണ്. നാദാപുരത്തെ അഗ്നിരക്ഷാ നിലയത്തിന് വെള്ളം ശേഖരിക്കാന്‍ ഈ കുളം ഉപയോഗപ്പെടുത്തുന്നുണ്ട്.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.