2020 July 14 Tuesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

കുറ്റ്യാടി തെങ്ങുകള്‍ വിസ്മൃതിയിലേക്ക്

അഷറഫ് ചേരാപുരം

കോഴിക്കോട്: വിഖ്യാതമായ കുറ്റ്യാടി തെങ്ങുകള്‍ വിസ്മൃതിയിലേക്ക്. രോഗങ്ങള്‍, കൃഷി ചെയ്യുന്നവരുടെ കുറവ്, വിലയിടിവ് തുടങ്ങിയവ ഇത്തരം തെങ്ങുകളുടെ നാശത്തിന് ആക്കംകൂട്ടുകയാണ്. നിറയെ കായ്ഫലംതരുന്ന തെങ്ങിന്‍തോപ്പുകള്‍ ഒരുകാലത്ത് കുറ്റ്യാടി മേഖലയിലെ മനോഹരകാഴ്ചയായിരുന്നു. മറ്റ് ഇനങ്ങളില്‍ നിന്ന് വ്യത്യസ്തമായി കുറ്റ്യാടി തെങ്ങും തേങ്ങകളും ഏറെ സവിശേഷതയുള്ളവയാണ്. കാമ്പ് കൂടുതലുള്ളതും ഗുണമേന്‍മയുള്ള വെളിച്ചെണ്ണ ലഭിക്കുന്നതുമായ തേങ്ങയാണിവ. വിത്ത് തേങ്ങകള്‍ക്കായും ഇവ വ്യാപകമായി ഉപയോഗിക്കാറുണ്ട്. കുറ്റ്യാടിക്കടുത്ത കാവിലുംപാറ, മരുതോങ്കര, കായക്കൊടി, നരിപ്പറ്റ, ചക്കിട്ടപ്പാറ, പൂഴിത്തോട് എന്നിവിടങ്ങളിലാണ് ഇത്തരം തെങ്ങുകള്‍ കൂടുതലായുള്ളത്. പേരാമ്പ്ര, ഉള്ള്യേരി, പനങ്ങാട് ഭാഗങ്ങളിലും തെങ്ങുകളുണ്ട്.
കേരളത്തിന്റെ മറ്റ് പ്രദേശങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഈ മേഖലയിലെ മണ്ണും കാലാവസ്ഥയുമെല്ലാം തെങ്ങിന്റെ വളര്‍ച്ചയ്ക്കും ഫലസമൃദ്ധിക്കും ഏറെ സഹായകമായിരുന്നു. രണ്ട് പതിറ്റാണ്ട് മുന്‍പ് തെങ്ങുകളുടെ അന്തകനായെത്തിയ മണ്ഡരി രോഗം ഈ മേഖലയെ ബാധിച്ച അര്‍ബുദമായിരുന്നു. അതിന്റെ ദൂഷ്യഫലങ്ങള്‍ ഇപ്പോഴും കുറ്റ്യാടി തെങ്ങുകളെ വിട്ടുമാറിയിട്ടില്ല. പിന്നീട് കാറ്റുവീഴ്ച, തഞ്ചാവൂര്‍ വാട്ടം തുടങ്ങിയ രോഗങ്ങളും ഇവിടുത്തെ തെങ്ങുകളെ ബാധിച്ചു. അതിനുപുറമെ ഇപ്പോഴത്തെ കാലാവസ്ഥാ വ്യതിയാനവും നാശത്തിനിടയാക്കി. വേണ്ടത്ര മഴ ലഭിക്കാത്തതും ഇത്തരം തെങ്ങുകളെ ബാധിച്ചു. മഴയുടെ അളവ് കുറഞ്ഞത് ഇത്തവണയും തെങ്ങിനെ ബാധിക്കുമെന്നാണ് കര്‍ഷകര്‍ പറയുന്നത്. നഗരവല്‍കരണവും ജനസാന്ദ്രതയും തെങ്ങ് കൃഷി കുറയുന്നതിന് കാരണമായി. വീടും മറ്റ് കെട്ടിടങ്ങളും നിര്‍മിക്കുമ്പോഴും തെങ്ങുകളാണ് ഏറെയും നശിപ്പിക്കപ്പെടുന്നത്. തേങ്ങയുടെ വിലയിടിവ് കര്‍ഷകരെ ദുരിതത്തിലാക്കിയ സമയത്തുതന്നെയാണ് നോട്ട് നിരോധന പ്രതിസന്ധിയും വന്നത്. നേരത്തേ കൃഷി ഭവനുകള്‍ വഴി കര്‍ഷകരില്‍ നിന്ന് തേങ്ങ സംഭരിച്ചിരുന്നു. എന്നാല്‍ ഇതിന്റെ പണം ഇപ്പോഴും കൊടുത്തുതീര്‍ത്തിട്ടില്ല. അതിനാല്‍ കുറ്റ്യാടി തേങ്ങ സംഭരിക്കാനുള്ള സമഗ്രപദ്ധതികള്‍ സര്‍ക്കാര്‍ ആവിഷ്‌കരിക്കണമെന്നതാണ് കര്‍ഷകരുടെ പ്രധാന ആവശ്യം.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.