2019 July 18 Thursday
നിങ്ങളുടെ അമ്മയോട് സംസാരത്തില്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ ഉപയോഗിക്കരുത്. നിങ്ങളെ സംസാരിക്കാന്‍ പഠിപ്പിച്ചത് ആ അമ്മയാണെന്ന് മറക്കരുത്.

കുറിച്ചി പഞ്ചായത്ത് കൊതുകുകളെ പുകച്ചോടിക്കും; രണ്ടാഴ്ചത്തെ പരിപാടിയില്‍ ഉപയോഗിക്കുന്നത് പാര്‍ശ്വഫലങ്ങളില്ലാത്ത ആയുര്‍വേദ ചൂര്‍ണം

കോട്ടയം : രോഗവാഹികളായ കൊതുകുകളെ പുകച്ചോടിക്കാന്‍ ആയുര്‍വേദ ചൂര്‍ണപ്രയോഗവുമായി കുറിച്ചി ഗ്രാമപഞ്ചായത്ത്. രണ്ടാഴ്ച തുടര്‍ച്ചയായി രാവിലെയും വൈകിട്ടും പുകയിട്ട് കൊതുകുകളെ തുരത്താന്‍ പദ്ധതിയുമായി കുറിച്ചി ഗ്രാമപഞ്ചായത്ത്. പഞ്ചായത്തിലെ മുഴുവന്‍ വീടുകളിലും ഒരേ സമയം ആയുര്‍വേദചൂര്‍ണ്ണം പുകച്ച് കൊതുകുകളെ പായിക്കുകയാണ് ലക്ഷ്യം.
പദ്ധതിയുടെ ഉദ്ഘാടനത്തിന്റെ ഭാഗമായി കുറിച്ചി ഗ്രാമപഞ്ചായത്തിലെ ഉള്‍പ്പെടെ ആറു ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലെ 700ല്‍ അധികം കുട്ടികളാണ് കൊതുകുജന്യ പകര്‍ച്ചവ്യാധി പ്രതിരോധ ചൂര്‍ണ്ണം വീടുകളില്‍ വിതരണം ചെയ്യുവാന്‍ പങ്കാളികളായത്. ഇത്തിത്താനം എച്ച് എസ്.എസ്, കുറിച്ചി എ.വി എച്ച്. എസ് എസ്, ഗവണ്‍മെന്റ് എച്ച്.എസ്.എസ് കുറിച്ചി, കോട്ടയം എം.ഡി സെമിനാരി എച്ച്.എസ്.എസ്, ചങ്ങനാശേരി എന്‍.എസ്. എസ് എച്ച് എസ്.എസ്, കുറുമ്പനാടം സെന്റ് പീറ്റേഴ്‌സ് എച്ച്.എസ്.എസ് എന്നിവടങ്ങളിലെ നാഷണല്‍ സര്‍വ്വീസ് സ്‌കീം, സ്‌കൗട്ട് ആന്റ് ഗൈഡ്‌സ്, എന്‍.സി.സി എന്നീ ക്ലബുകളിലെ കുട്ടികളാണ് ഇതില്‍ പങ്കെടുത്തത്. ഗ്രാമപഞ്ചായത്തിന്റെ പല വാര്‍ഡുകളിലായി മെമ്പര്‍മാരുടെ നേതൃത്വത്തില്‍ ചേര്‍ന്ന കൂട്ടായ്മകള്‍ക്കു ശേഷം കുട്ടികള്‍ മൂന്നു പേര്‍ അടങ്ങുന്ന ഓരോ ഗ്രൂപ്പായി തിരിഞ്ഞ് 25 വീടുകള്‍ വീതം സന്ദര്‍ശിച്ചാണ് ചൂര്‍ണ്ണവും ഉപയോഗക്രമം വ്യക്തമാക്കുന്ന ലഘുലേഖയും വിതരണം ചെയ്തത്. കൊതുകു നിവാരണ പദ്ധതിയുടെ ഭാഗമായി കുറിച്ചി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്. മനോജ് ജോര്‍ജ്ജ് മുളപ്പഞ്ചേരി, അംഗങ്ങള്‍, ആയുര്‍വേദ മെഡിക്കല്‍ ഓഫീസര്‍ മിഥുന്‍.ജെ.കല്ലൂര്‍,വോളണ്ടിയര്‍മാര്‍ തുടങ്ങിയവര്‍ അപരാജിത ധൂമചൂര്‍ണവുമായി വീടുകള്‍ സന്ദര്‍ശനം നടത്തിയിരുന്നു.
കുറിച്ചി ഗ്രാമപഞ്ചായത്തും ആയുഷ് ആയുര്‍വേദ പി.എച്ച്.സിയും സംയുക്തമായി നടപ്പിലാക്കുന്ന ഈ പദ്ധതിക്ക് ആയുര്‍വേദ മെഡിക്കല്‍ ഓഫീസര്‍ ഡോ.മിഥുന്‍ ജെ കല്ലൂരാണ് നേതൃത്വം നല്കുന്നത്.
20 വാര്‍ഡുകളിലെ 8500 വീടുകളെ ഉള്‍പ്പെടുത്തിയുള്ള പദ്ധതിക്ക് നാല് ലക്ഷം രൂപയാണ് കുറിച്ചി ഗ്രാമപഞ്ചായത്ത് വകയിരിത്തിയിരിക്കുന്നതെന്ന് പ്രസിഡന്റ്. മനോജ് ജോര്‍ജ്ജ് മുളപ്പഞ്ചേരി പറഞ്ഞു. ആരോഗ്യത്തിന് ഹാനികരമാകുന്ന് പാര്‍ശ്വഫലങ്ങളില്ലാത്ത വിധമുള്ള ചൂര്‍ണമാണ് പുകക്കാനായി ഉപയോഗിക്കുന്നത്.കൊതുകിന് പുറമേ വീടിനകത്തുള്ള കീടങ്ങളുടെ ശല്യം ഇല്ലാതാക്കാനും ഔഷധി നിര്‍മ്മിക്കുന്ന അപരാജിത ധൂമചൂര്‍ണത്തിന് കഴിയും .വീടൊന്നിന് 50 ഗ്രാം വീതമുള്ള മൂന്ന് പായ്ക്കറ്റുകളാണ് നല്‍കുക. അഞ്ച് ഗ്രാം ചൂര്‍ണ്ണം കനിലലിട്ട് പുകയ്ക്കും.
കുന്തിരിക്കം, മഞ്ഞള്‍, ആര്യവേപ്പില, കൊട്ടം, അഷ്ടഗന്ധം എന്നിവയും ഒപ്പം ചേര്‍ക്കാം. വാര്‍ഡംഗങ്ങളുടെ നേതൃത്വത്തില്‍ പഞ്ചായത്തിലെ ബാക്കിയുള്ള എല്ലാ വീടുകളിലും ചൂര്‍ണ്ണവും ലഘുലേഘയും ആശാവര്‍ക്കര്‍മാര്‍, കുടുംബശ്രീ, അങ്കണവാടി പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍വഴി എത്തിക്കും. 15 മുതല്‍ രണ്ടാഴ്ച രാവിലെയും വൈകിട്ടും ഏഴു മണിയോടെയാണ് പുകയിടുന്നത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.