2018 September 22 Saturday
ഒരാളുടെ മഹത്വം അളക്കുന്നത് അയാള്‍ തനിക്ക് താഴ്ന്നവരോട് എങ്ങനെ ഇടപെടുന്നു എന്നു നോക്കിയാണ്
ജെ.കെ റൗളിങ്

കുര്യനെ മാറ്റാന്‍ സി.പി.ഐ

 

തിരുവനന്തപുരം: കൃഷി മന്ത്രി സുനില്‍കുമാറിനെ പരസ്യമായി പൊതുവേദിയില്‍ വിമര്‍ശിച്ച റവന്യു വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി പി.എച്ച് കുര്യനെതിരേ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് സി.പി.ഐ പരാതി നല്‍കും.
കഴിഞ്ഞ ദിവസം ആലപ്പുഴയില്‍ ഒരു പരിപാടിയിലാണ് സുനില്‍കുമാറിനെയും ബിനോയ് വിശ്വത്തിനെയും വി.എസിനെയും ഉമ്മന്‍ചാണ്ടിയെയും കുര്യന്‍ വിമര്‍ശിച്ചത്. കുട്ടനാട്ടില്‍ നെല്‍കൃഷി നഷ്ടമാണെന്നും ഇവിടെ നെല്‍കൃഷി വര്‍ധിപ്പിക്കുന്നത് കൃഷിമന്ത്രിക്ക് മോക്ഷം നേടുന്ന പോലെയാണെന്നുമായിരുന്നു പി.എച്ച് കുര്യന്റെ പ്രസ്താവന. കൃഷി മൂലമാണ് കുട്ടനാട്ടില്‍ വെള്ളം പൊങ്ങിയത്. കൃഷിക്കല്ല ടൂറിസം മേഖലയ്ക്കാണ് ഇവിടെ സാധ്യതയെന്നും പി.എച്ച് കുര്യന്‍ പറഞ്ഞിരുന്നു.
ഉമ്മന്‍ ചാണ്ടി കൊണ്ടുവന്ന ഭൂരഹിതരില്ലാത്ത കേരളം പദ്ധതി ശുദ്ധ തട്ടിപ്പാണെന്നും പി.എച്ച് കുര്യന്‍, വി.എസിനെ പേരെടുത്ത് പറയാതെ വിമര്‍ശിച്ചിരുന്നു. നേരത്തെ 300 ഏക്കറില്‍ മത്സ്യകുഞ്ഞുങ്ങളെ വളര്‍ത്താന്‍ തീരുമാനിച്ചപ്പോള്‍ അന്ന് തിരുവനന്തപുരത്തുനിന്ന് രാഷ്ട്രീയ നേതാവ് എതന്നെ വിളിച്ചു. കര്‍ഷക തൊഴിലാളികളുടെ പണി പോകുന്ന കാര്യമാണെന്നും അതൊന്നും വേണ്ടെന്ന് പറഞ്ഞു.
ആളെ താന്‍ പറയുന്നില്ല. നിങ്ങള്‍ക്ക് മനസ്സിലായി കാണുമല്ലോ എന്നായിരുന്നു വി.എസിനെ കുറിച്ച് കുര്യന്റെ കളിയാക്കല്‍. ഒരു നില കെട്ടിടമല്ല, ബഹുനില കെട്ടിടമാണ് വേണ്ടതെന്ന് ഉപദേശിച്ചപ്പോള്‍ ബിനോയ് വിശ്വം തങ്ങളെ റിയല്‍ എസ്‌റ്റേറ്റ് മാഫിയയായി ചിത്രീകരിച്ചു.
സയന്റിഫിക്കായി കാര്യങ്ങള്‍ പറയുമ്പോള്‍ അതൊന്നും വേണ്ട, തങ്ങളുടെ ഐഡിയോളജിയില്‍ അതൊന്നുമില്ലെന്നാണ് പറഞ്ഞതെന്നായിരുന്നു ബിനോയി വിശ്വത്തെ കുറിച്ച് പരാമര്‍ശം.
കുര്യനെതിരേ നടപടി എടുക്കുക മാത്രമല്ല സി.പി.ഐ ഭരിക്കുന്ന റവന്യു വകുപ്പ് സെക്രട്ടറി സ്ഥാനത്തുനിന്നു മാറ്റണമെന്നും സി.പി.ഐ ആവശ്യപ്പെടും. മുഖ്യമന്ത്രി ചികിത്സ കഴിഞ്ഞു മടങ്ങിയെത്തിയാല്‍ ഉടന്‍ നേരിട്ടുകണ്ട് പരാതി നല്‍കും. മൂന്നാര്‍ വിഷയത്തില്‍ വകുപ്പ് മന്ത്രിയുടെ നിലപാടിന് ഒപ്പം നിന്നില്ല. തുടങ്ങി നിരവധി പരാതികളാണ് റവന്യൂ സെക്രട്ടറിക്കെതിരേ സി.പി.ഐ ഉന്നയിച്ചിരുന്നത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.