2019 August 21 Wednesday
തെറ്റു ചെയ്യുന്നവന്‍ മനുഷ്യനാണ്; അതിനെക്കുറിച്ചോര്‍ത്തു ദു:ഖിക്കുന്നവന്‍ മഹര്‍ഷിയാണ്; എന്നാല്‍ അതില്‍ അഭിമാനം കൊള്ളുന്നവന്‍ പിശാചാണ്.

കുരുതികള്‍ അവസാനിക്കാന്‍ കരുത്തുള്ള കരുതല്‍ വേണം

ഹനീഫ് റഹ്മാനി പനങ്ങാങ്ങര

 

 

കഴിഞ്ഞയാഴ്ച നടന്ന രണ്ടു സംഭവങ്ങള്‍ ഏറെ ശ്രദ്ധപിടിച്ചു പറ്റുന്നതായിരുന്നു.
അതിലൊന്ന്, മിസോറാം ബാലന്‍ ഡെറക്കിന്റെ കഥയാണ്. വീട്ടിനടുത്തുകൂടി സൈക്കിളോടിക്കുമ്പോള്‍ അബദ്ധത്തില്‍ ഒരു കോഴിക്കുഞ്ഞിന്റെ കാലില്‍ ഡെറക്കിന്റെ സൈക്കിള്‍ തട്ടി. അതവനില്‍ വലിയ കുറ്റബോധമുണ്ടാക്കി. കൈയിലെ സമ്പാദ്യം മുഴുവന്‍ പെറുക്കിയെടുത്ത് കോഴിക്കുഞ്ഞിനെയുമായി അവന്‍ ആശുപത്രിയിലേയ്ക്കു കുതിച്ചു. കോഴിക്കുഞ്ഞിന്റെ കാല്‍ എത്രയും പെട്ടെന്നു സുഖപ്പെടുത്തിയെടുക്കണമെന്ന വ്യഗ്രതയായിരുന്നു അവന്.
മറ്റൊന്ന്, മാതാവിന്റെ കാമുകന്‍ ക്രൂരമായി ആക്രമിച്ച തൊടുപുഴയിലെ ഏഴു വയസുകാരന്‍ ദിവസങ്ങളോളം അനുഭവിച്ച യാതനയുടെ കണ്ണീര്‍ക്കഥ. കാമുകന്‍ സ്വന്തം മകനോടു കാണിച്ച ആ കണ്ണില്‍ച്ചോരയില്ലായ്മയ്ക്കു മുന്നിലും പ്രതികരിക്കാനാകാതെ ആ ക്രൂരനു കൂട്ടുനില്‍ക്കുകയായിരുന്നു അവന്റെ അമ്മ.
നാലരവയസുള്ള ഇളയകുഞ്ഞ് കിടക്കയില്‍ മൂത്രമൊഴിച്ചതിനാണ് അതിക്രൂരമായ ദേഹോപദ്രവമുണ്ടായത്. അതിഗുരുതരമായി പരുക്കേറ്റ ആ കുഞ്ഞിനെ ഉടനടി ആശുപത്രിയിലെത്തിക്കാന്‍ പോലും ആ ക്രൂരനോ അയാളുടെ ക്രൂരതകള്‍ തടയാതിരുന്ന മാതാവോ ശ്രമിച്ചില്ല. ആശുപത്രിയില്‍ വച്ച് അവരുടെ സംസാരത്തിലുണ്ടായ വൈരുധ്യമാണ് അവരെ സംശയത്തിന്റെ നിഴലിലെത്തിച്ചത്.

തലയ്ക്കു ഗുരുതരമായി പരുക്കേറ്റ് ആ പൈതല്‍ അബോധാവസ്ഥയില്‍ മരണമുഖത്ത് കിടക്കുമ്പോഴും അമ്മയെന്നു വിളിക്കപ്പെടുന്നവള്‍ പങ്കാളിയുടെ പക്ഷം പിടിച്ചു നില്‍ക്കുകയായിരുന്നു. അപ്പോഴും ഒറ്റയ്ക്കു വാടകവീട്ടില്‍ പൂട്ടിയിടപ്പെട്ടിരുന്ന കൊച്ചനുജനെ പിന്നീട് പൊലിസ് രക്ഷിച്ചപ്പോഴാണ് ആ കുട്ടികള്‍ക്ക് അനുഭവിക്കേണ്ടി വന്ന അതിക്രൂരതകളുടെ കഥകളറിഞ്ഞു ഞെട്ടിയത്.

കുഞ്ഞുങ്ങള്‍ പൂമൊട്ടുകളാണ്. പരിമളമല്ലാതെ അവയൊന്നും പകരം നല്‍കുന്നില്ല. പകയും പ്രതികാര വാഞ്ഛയും കൊണ്ടുനടക്കുന്നില്ല. പരമാവധി സഹിക്കുകയും പൊറുക്കുകയും ചെയ്യുന്ന നിഷ്‌കളങ്ക മനസുകള്‍. മുറിക്കകത്തു പൂട്ടി പട്ടിണിക്കിടുകയും പാതിരാവുകളിലെത്തി ആക്രോശിച്ചും ദ്രോഹിച്ചും കലിതീര്‍ക്കുകയും ചെയ്യുന്ന രാക്ഷസ മനസുകളെ അവര്‍ അമ്മയെന്നും അച്ചനെന്നും വിളിച്ചു.

പൂമ്പാറ്റകള്‍ പോലെ പാറിനടക്കുന്ന, മേഘങ്ങള്‍പോലെ ഒഴുകിനടക്കുന്ന കുട്ടികളാണു പ്രകൃതിയുടെ സൗന്ദര്യം. അവരില്ലെങ്കില്‍ പൂന്തോട്ടം പൂന്തോട്ടമല്ല. കിളികളുടെ കളകൂജനം വെറും കരച്ചിലാവും. അവരുടെ കണ്ണീര്‍ ഭൂമിയില്‍ പതിച്ചാല്‍ പ്രകൃതി ക്ഷോഭിക്കും. ഒരുഭാഗത്തു കുഞ്ഞിക്കാലു കാണാന്‍ മനുഷ്യന്‍ തപസിരിക്കുമ്പോള്‍ മറുഭാഗത്തു കുഞ്ഞുങ്ങള്‍ മാതാപിതാക്കളാലും ഉറ്റബന്ധുക്കളാലും നിഷ്‌കരുണം കൊലചെയ്യപ്പെടുന്നു.
കുഞ്ഞുങ്ങളുടെ ദീനരോദനം അസ്വസ്ഥമാക്കാത്തത്ര മരവിപ്പു ബാധിച്ചിരിക്കുന്നു സമൂഹത്തിന്. അതു കണ്ടില്ലെന്നും കേട്ടില്ലെന്നും നടിക്കാന്‍ സമൂഹം പഠിച്ചു കഴിഞ്ഞു. അപരാധങ്ങള്‍ എന്തുമാത്രം ഭീതിതമാണെങ്കിലും അവയുടെ ആവര്‍ത്തനങ്ങളും ആധിക്യവും പുതിയ പരിസരങ്ങളെ പരുവപ്പെടുത്തുകയാണ്. മലരുകള്‍ വിടരുന്ന ആ ഓമനത്ത പുഞ്ചിരികളില്‍ എവിടുന്നാണു ക്രൗര്യം പകര്‍ന്നുകിട്ടുന്നത്. നൈര്‍മല്യത്തിന്റെയും സൗമ്യതയുടെയും പിഞ്ചുമാനസങ്ങളില്‍ പകയും വിദ്വേഷവും കൂടുകൂട്ടിത്തുടങ്ങുന്നത് എപ്പോഴാണ്.
മനുഷ്യനാവുകയെന്നതിനേക്കാള്‍ വലിയൊരു കലയില്ല. മാനവിക ഗുണങ്ങളുള്ള വ്യക്തിത്വരൂപീകരണം സാധ്യമാക്കുകയെന്നതിനേക്കാള്‍ പ്രോത്സാഹിപ്പിക്കപ്പെടേണ്ട മറ്റൊരു സംഗതിയില്ല. അതിന് അര്‍ഹിക്കുന്ന പരിഗണന നല്‍കാത്തിടത്തോളം വൈജ്ഞാനിക പുരോഗതികളും സാംസ്‌കാരിക പോരായിമകളും സാങ്കേതിക മികവുകളുമെല്ലാം പ്രഹസനമാകും.

അരുണ്‍ ആനന്ദുമാരും അവരുടെ വെപ്പാട്ടികളും ഏതു സാഹചര്യത്തിലാണു ക്രൂരതയുടെ പര്യായങ്ങളായി പരിണമിച്ചതെന്നു പഠനവിധേയമാക്കപ്പെടേണ്ടതുണ്ട്. തങ്ങളുടെ ആക്രമണങ്ങള്‍ക്കു വിധേയനായ ആ പിഞ്ചുപൈതല്‍ മരിച്ചുവെന്നറിയുമ്പോഴും പെറ്റ തള്ളയ്ക്കു പോലുമുള്ള ആ നിസംഗതയുണ്ടല്ലോ, അതാണ് ഏറെ ഭയാനകം. അത്തരം മാനസികാവസ്ഥയുടെ കേസുകള്‍ വിരളമല്ലെന്നു തിരിച്ചറിയേണ്ടതുണ്ട്.

മനുഷ്യനില്‍ അക്രമാസക്തി വളരുന്നതിനു പിന്നില്‍ വൈയക്തികവും സാമൂഹികവുമായ പല കാരണങ്ങളുണ്ടാകാം. ഗര്‍ഭകാലം മാതാവ് അനുഭവിക്കുന്ന മാനസിക പീഡകള്‍ മുതല്‍ ഒരു കുഞ്ഞിന്റെ വ്യക്തിത്വത്തെ സ്വാധീനിച്ചു തുടങ്ങാം. അവര്‍ കാണുന്ന ഹൊറര്‍ സിനിമകളും വിഡിയോകളും വായനയിലും അനുഭവങ്ങളിലും തരണം ചെയ്യുന്ന സാഹചര്യങ്ങളും ഗര്‍ഭസ്ഥ ശിശുവിന്റെ വളര്‍ച്ചയിലും ഭാവിജീവിതത്തിലും നിര്‍ണായകമാകുന്നുണ്ട്. സന്താനങ്ങളിലുള്ള നൈസര്‍ഗിക ഗുണങ്ങളെ പരിപോഷിപ്പിക്കുന്ന മാതൃകാ പാഠശാലകളാകാന്‍ രക്ഷിതാക്കള്‍ക്കാവണം. അവരുടെ തുടര്‍പഠനങ്ങളില്‍ ലഭ്യമാകുന്ന കരിക്കുലത്തിലും കരുതലോടെയുള്ള പൊളിച്ചെഴുത്തുണ്ടാകണം.
ലഹരിയുടെ സ്വാധീനം കുടുംബാന്തരീക്ഷങ്ങളെയും സാമൂഹിക പശ്ചാത്തലങ്ങളെയും സാരമായി ബാധിക്കുന്നുണ്ട്. ഇത്തരം ക്രൂരവിനോദങ്ങളുടെ റിപ്പോര്‍ട്ടുകളിലെവിടെയും ലഹരി ഉപയോഗം തന്നെയാണു പ്രധാന വില്ലന്‍ വേഷമണിയുന്നത്. എന്നാലും, അതില്‍ ഒരു വിട്ടുവീഴ്ചയും വരുത്താനോ അവയുടെ വ്യാപനത്തിനു കടിഞ്ഞാണിടാനോ ആലോചിക്കുന്നതിനു പകരം അടഞ്ഞുകിടക്കുന്നവ തുറന്നുകൊടുക്കുന്നതില്‍ തിടുക്കം കൂട്ടുന്നതിലാണ് പലര്‍ക്കും താല്‍പര്യം.
നട്ടുച്ച വെയിലത്തും കത്തിച്ചുപിടിച്ച റാന്തല്‍വിളക്കുമായി ഏഥന്‍സ് തെരുവീഥിയിലൂടെ നടന്നുപോയ ഡയോജനീസ് തേടിയത് ‘മനുഷ്യനെ’യായിരുന്നു. ‘കുഞ്ഞുങ്ങള്‍ വളരാതിരുന്നെങ്കില്‍’ എന്നത് അദ്ദേഹത്തിന്റെ തന്നെ ഒരു കമന്റാണ്. കുരുന്നു മനസുകളില്‍ മനുഷ്യത്വം കുടികൊള്ളുന്നുവെന്നും വളര്‍ന്നുവലുതാകുന്ന സാഹചര്യങ്ങളിലാണ് അതു പൈശാചികതയ്ക്ക് വഴിമാറുന്നതെന്നും അദ്ദേഹം നിരീക്ഷിക്കുന്നു.

എല്ലാ കുഞ്ഞും ജനിക്കുന്നത് ശുദ്ധ പ്രകൃതിയിലാണെന്ന് പ്രവാചക തിരുമേനി (സ്വ) ഉണര്‍ത്തിയിട്ടുണ്ട്. ജീവിതത്തിലുടനീളം ഈ വിശുദ്ധി കാത്തുസൂക്ഷിക്കാന്‍ ഇസ്‌ലാം പ്രോത്സാഹിപ്പിക്കുന്നുമുണ്ട്. ആരോടും പകയും വിദ്വേഷവുമില്ലാത്ത ചതിയും കുടിലതകളും കൊണ്ട് നടക്കാത്ത ഹൃദയ നൈര്‍മല്യമാണ് വിശ്വാസിയുടെ വലിയ സമ്പത്ത്. ‘സലാമത്തു സ്വദ്‌റ്’ എന്ന സാങ്കേതിക പദമാണ് ‘ഹൃദയ സുരക്ഷിതത്വം’ എന്നു പറയാവുന്ന ഈ ശ്രേഷ്ട സ്വഭാവത്തെ മതം പരിചയപ്പെടുത്തുന്നത്. മക്കളും സമ്പത്തുമൊന്നും ഉപകരിക്കാത്ത പരലോകത്ത് ശുദ്ധഹൃദയവുമായി അല്ലാഹുവിന്റെ അടുക്കല്‍ ചെല്ലുന്നവനാണ് വിജയം എന്നു പറയുന്നുണ്ട് ഖുര്‍ആന്‍.
അനസ് ബിന്‍ മാലിക് (റ) പറയുന്നു: ഞങ്ങള്‍ ഒരുദിവസം നബി തിരുമേനി (സ്വ)യുടെ കൂടെ ഇരിക്കുകയായിരുന്നു. അപ്പോള്‍ നബി (സ്വ) പറഞ്ഞു: സ്വര്‍ഗവാസികളില്‍പെട്ട ഒരാള്‍ ഇപ്പോള്‍ നിങ്ങളുടെ അടുത്ത് പ്രത്യക്ഷപ്പെടും. അധികം വൈകാതെ ഒരു അന്‍സാരി കടന്നുവന്നു. ഒരു സാധു, ചെരുപ്പ് രണ്ടും കൈയില്‍ കൂട്ടിപ്പിടിച്ചിട്ടുണ്ട്. അംഗശുദ്ധി വരുത്തിയതിന്റെ വെള്ളം താടിയില്‍നിന്ന് ഇറ്റിവീഴുന്നുണ്ട്. അയാള്‍ മെല്ലെ സദസില്‍ വന്നിരുന്നു. അടുത്ത ദിവസവും അതിനടുത്ത ദിവസവും നബി ഈ വാക്കുകള്‍ ആവര്‍ത്തിച്ചു. അതേ മനുഷ്യന്‍ അതേ കോലത്തില്‍ സദസില്‍ വന്നിരുന്നു. ആരുടെ മനസിലും അത്ര വലിയ സ്ഥാനമൊന്നുമില്ലാത്ത, അറിയപ്പെടാത്ത ആ പാവം മനുഷ്യന്‍ സ്വര്‍ഗാവകാശിയാകാനുള്ള കാരണമെന്ത്.

അംര്‍ ബിന്‍ ആസിന്റെ മകന്‍ അബ്ദുള്ളക്ക് ആകാംക്ഷയായി. അദ്ദേഹം അന്‍സാരിയുടെ പിന്നാലെ കൂടി. ഒരു ചെറിയ തന്ത്രം പ്രയോഗിച്ചു. ‘ഞാനും ഉപ്പയും തമ്മില്‍ അങ്ങോട്ടുമിങ്ങോട്ടും ഒരു സംസാരമുണ്ടായി. ഞാന്‍ മൂന്നുദിവസം വീട്ടില്‍ കയറില്ലെന്ന് സത്യം ചെയ്തിരിക്കുന്നു.
എനിക്കൊന്ന് അതു കഴിയുന്നതുവരെ അഭയം നല്‍കാമോ. ആ പാവം സമ്മതിച്ചു. മൂന്നുദിവസം അബ്ദുല്ല അന്‍സാരിയുടെ വീട്ടില്‍ താമസിച്ചു. അദ്ദേഹത്തിന്റെ കര്‍മങ്ങള്‍ വീക്ഷിച്ചു. പ്രത്യേകിച്ചൊരു പ്രവര്‍ത്തനവും കണ്ടില്ലെന്നു മാത്രമല്ല, രാത്രിനിസ്‌കാരം (തഹജ്ജുദ്) നിര്‍വഹിക്കാന്‍ പോലും സ്വര്‍ഗാവകാശി എഴുന്നേല്‍ക്കുന്നില്ല. എപ്പോഴെങ്കിലും രാത്രി ഉണര്‍ന്നാല്‍ നബി പഠിപ്പിച്ച പോലെ ഒന്നു തിരിഞ്ഞുകിടന്നു ദിക്‌റുകള്‍ ചൊല്ലുമെന്നു മാത്രം.
എന്നാല്‍, നന്മയല്ലാത്ത ഒന്നും അയാള്‍ പറഞ്ഞിരുന്നില്ല. മൂന്നുദിവസം കഴിഞ്ഞു. അബ്ദുള്ള അയാളോടു പറഞ്ഞു: സത്യത്തില്‍ ഞാനും ഉപ്പയും വര്‍ത്തമാനം പറഞ്ഞിട്ടേയുള്ളൂ. ദേഷ്യമോ പിണക്കമോ ഉണ്ടായിട്ടില്ല. മറിച്ച്, നബി തങ്ങള്‍ മൂന്നുദിവസം തുടര്‍ച്ചയായി സ്വര്‍ഗവാസിയായ ഒരാള്‍ ഇപ്പോള്‍ വരുമെന്ന് പറയുകയും മൂന്നുദിവസവും ഉടനെ നിങ്ങള്‍ തന്നെ വരികയും ചെയ്തു.

നിങ്ങള്‍ അതിനുവേണ്ടി ചെയ്യുന്ന പ്രവര്‍ത്തനമെന്താണെന്നു നോക്കാനും അതു പിന്‍പറ്റാനുമാണു ഞാന്‍ നിങ്ങളുടെ കൂടെ കൂടിയത്. എന്നാല്‍, നിങ്ങള്‍ പ്രത്യേകിച്ച് ഒന്നും ചെയ്യുന്നതു കണ്ടില്ല. നബി തങ്ങള്‍ പറഞ്ഞ സ്ഥാനം നിങ്ങള്‍ക്കു കിട്ടാന്‍ കാരണമെന്തെന്നു പറഞ്ഞുതരുമോ.
അന്‍സാരി പറഞ്ഞു: ‘നിങ്ങള്‍ കണ്ട രീതിയില്‍ തന്നെയാണ് എന്റെ ജീവിതം. എന്നാല്‍, എനിക്ക് ഒരാളോടും പകയില്ല. ആരോടും ദേഷ്യമില്ല. അല്ലാഹു മറ്റൊരാള്‍ക്കു നല്‍കുന്ന അനുഗ്രഹങ്ങള്‍ കണ്ട് അസൂയയോ വെറുപ്പോ തോന്നാറില്ല.’
ഇതുകേട്ട അബ്ദുല്ല പറഞ്ഞു: എന്നാല്‍, ഈ വിശിഷ്ട ഗുണം തന്നെയാണു നിങ്ങളെ അത്യുന്നതിയിലെത്തിച്ചത്’.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News