2019 July 18 Thursday
നിങ്ങളുടെ അമ്മയോട് സംസാരത്തില്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ ഉപയോഗിക്കരുത്. നിങ്ങളെ സംസാരിക്കാന്‍ പഠിപ്പിച്ചത് ആ അമ്മയാണെന്ന് മറക്കരുത്.

കുരുക്കഴിയാതെ കഴക്കൂട്ടത്തെ ഹൈടെക്ക് ബസ് ടെര്‍മിനല്‍

കഴക്കൂട്ടം: ഗതാഗതകുരുക്കിനും യാത്രാക്ലേശത്തിനുംപരിഹാരമാകേണ്ട ഐ.ടി നഗരത്തിലെ ഹൈടെക് ബസ്‌ടെര്‍മിനല്‍ പദ്ധതി കുരുക്കഴിയാത്ത അവസ്ഥ തുടരുന്നു. ദിവസവും ആയിരങ്ങള്‍ വന്ന് പോകുന്ന കക്കൂട്ടത്ത് ടെക്‌നോപാര്‍ക്കില്‍ തന്നെ ഏതാണ്ട്എഴുപതിനായിരം ജീവനക്കാരാണ് പണിയെടുക്കുന്നത്. നിലവില്‍ പാര്‍ക്കിന്റെ മുന്നാംഘട്ട വികസനം നടന്ന് വരികയാണ്. ഇതും കൂടി പൂര്‍ത്തിയാകുമ്പോള്‍ ജീവനക്കാരുടെ എണ്ണം ഒരു ലക്ഷം കവിയും. ഇപ്പോള്‍ ഇന്‍ഫോസിസ് മുതല്‍ കണിയാപുരം പള്ളിപ്പുറം വരെയുള്ള ദേശീയ പാതയില്‍ സദാസമയവും ഗതാഗതകുരുക്കാണ്.
രോഗികളുമായി മെഡിക്കല്‍കോളജ് ആശുപത്രിയിലും മറ്റ് സ്വകാര്യ ആശുപത്രികളിലും പോകുന്ന ആംബുലന്‍സുകള്‍ പോലും കഴക്കൂട്ടത്ത് ഗതാഗതകുരുക്കില്‍പ്പെട്ടുകിടക്കുന്ന കാഴ്ച പതിവാണ്. ഇതിനുള്ള പരിഹാരങ്ങളിലൊന്ന് കഴക്കൂട്ടത്ത് ഹൈടെക് ബസ്‌ടെര്‍മിനല്‍ നിര്‍മിക്കുകയാണെന്ന കാര്യത്തില്‍ എല്ലാവര്‍ക്കും ഒരേ അഭിപ്രായമാണ്. ഈ ലക്ഷ്യത്തോടെ 2016 ല്‍ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കഴക്കൂട്ടം ബസ് ടെര്‍മിനല്‍ നിര്‍മിക്കാനായി തറക്കല്ലിട്ടിട്ട് വര്‍ഷം മൂന്നുതികഴിയാറായി. എന്നാല്‍ പദ്ധതിയുടെ പേരില്‍ അന്നുമുതല്‍ ഉണ്ടായ തര്‍ക്കങ്ങള്‍ക്കും തടസങ്ങള്‍ക്കും ഒരുമാറ്റവുമില്ലാതെ തുടരുകയാണ്. കഴക്കൂട്ടം കെ.എസ്.ഇ.ബി 11 കെ.വി സബ്‌സ്റ്റേഷനു സമീപം ടെക്‌നോപാര്‍ക്കിന്റെ കൈവശമുള്ള ഉപയോഗശൂന്യമായി കിടക്കുന്ന 1.83 ഏക്കര്‍ സ്ഥലം ബസ് വേ പദ്ധതിക്കായി തിരുവന്തപുരം വികസന അതോറിട്ടിക്കു വിട്ടുകൊടുക്കാന്‍ 2014 ല്‍ വ്യവസായവകുപ്പ് ഉത്തരവിറക്കിയിരുന്നു. തെറ്റിയാറിന്റെ ഇരുകരകളിലുമായി കിടക്കുന്നസ്ഥലമാണ് വിട്ടുകൊടുക്കാന്‍ തീരുമാനിച്ചത്. ട്രിഡ ഒരു കൊല്ലത്തിനുള്ളില്‍ പദ്ധതി നടപ്പാക്കിയില്ലെങ്കില്‍ സ്ഥലം പാര്‍ക്കിനു തിരുച്ചുനല്‍കണം എന്നതായിരുന്നു വ്യവസ്ഥ.
2010 ല്‍ പാര്‍ക്കില്‍ നിന്ന് അറുപതുസെന്റുഭൂമി കഴക്കൂട്ടത്ത് അഗ്‌നിശമനസേനാവിഭാഗത്തിനു സ്വന്തമായ കെട്ടിടം പണിയാന്‍ വിട്ടുനല്‍കിയിരുന്നു. നാലുവര്‍ഷം കഴിഞ്ഞിട്ടും അഗ്‌നിശമനവിഭാഗം കെട്ടിടം പണിയാത്തതിനാല്‍ ആ ഭൂമികൂടി ട്രിഡയ്ക്ക് നല്‍കിയാല്‍ ബസ് ടെര്‍മിനലിനോടൊപ്പം ഷോപ്പിങ് കോംപ്ലക്‌സ് അടക്കമുള്ള സ്ഥാപനങ്ങള്‍ ഉണ്ടാക്കാമെന്ന് ട്രിഡ 2015ല്‍ സര്‍ക്കാരിനെ അറിയിച്ചു. തങ്ങളുടെ ഭാഗത്തുനിന്നും എതിര്‍പ്പില്ലെന്ന് പാര്‍ക്ക് അധികൃതരും അറിയിച്ചതിനെതുടര്‍ന്ന് പദ്ധതി സജ്ജീവമായി. അതിനിടയില്‍ ഒരേക്കറിന് പതിനായിരം രൂപവെച്ച് പാട്ടത്തിനേ ഭൂമി വിട്ടുതരുകയുള്ളൂ എന്ന് ടെക്‌നോപാര്‍ക്ക്അധികൃതര്‍ വ്യക്തമാക്കി. എന്നാല്‍ പാര്‍ക്കുകൈമാറുന്ന ഭൂമി 2.43 ഏക്കറാണെങ്കിലും ഈ ഭൂമിയിലൂടെ തെറ്റിയാര്‍തോട് ഒഴുകുന്നതിനാല്‍ രണ്ടേക്കര്‍ ഒന്‍പതുസെന്റു മാത്രമേ തങ്ങള്‍ക്കു ലഭിക്കൂ എന്നറിഞ്ഞതോടെ ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് തര്‍ക്കങ്ങള്‍ ആരംഭിച്ചെങ്കിലുംസര്‍ക്കാര്‍ ഇടപെട്ട് പ്രശ്‌നത്തിനു പരിഹാരമുണ്ടാക്കി.
ബസ് ടെര്‍മിനലിനും അനുബന്ധ സൗകര്യങ്ങള്‍ക്കും അഞ്ചുകോടിയും വാണിജ്യകേന്ദ്രത്തിനും കെ.എസ്.ആര്‍.ടി.സി ഓഫിസിനും മറ്റുമായി ഏഴുകോടിയും വനിതാ ഹോസ്റ്റലിനു മൂന്നുകോടിയും ചേര്‍ത്ത് മൊത്തം ഇരുപതുകോടി രൂപയുടെപദ്ധതി നിര്‍ദേശമാണ് 2015 ല്‍ ട്രിഡ സര്‍ക്കാരിനു സമര്‍പ്പിച്ചത്. പദ്ധതി 2016-17ല്‍ പൂര്‍ത്തീകരിക്കാനും ട്രിഡ ഉദ്ദേശിച്ചിരുന്നു. തുടര്‍ന്ന് പദ്ധതി നടപ്പാക്കാനുള്ള ഏജന്‍സിയായി ട്രിഡയെതന്നെ സര്‍ക്കാര്‍ ചുമതലപ്പെടുത്തി.
12 കോടി രൂപ ചിലവില്‍ ബസ് ടെര്‍മിനലും വാണിജ്യസമുച്ചയവും പണിയാന്‍ ഭരണഘടന അനുമതിയും കിട്ടി. ഭൂമി ഏറ്റെടുക്കലിനു നേരത്തെ രണ്ടുകോടിരൂപ അനുവദിച്ചിരുന്നതിനാല്‍ പത്തുകോടിയേ ഇനി അനുവദിക്കുവെന്നും സര്‍ക്കാര്‍ ഉത്തരവില്‍ പറഞ്ഞിരുന്നു. ഇതില്‍ തന്നെ അഞ്ചുകോടി 2015-16 സാമ്പത്തിക വര്‍ഷത്തേയ്ക്ക് സര്‍ക്കാര്‍ വകയിരുത്തുകയും ചെയ്തിരുന്നു. തുക 20016 മാര്‍ച്ചിനു മുമ്പ് ചിലവാക്കേണ്ടതായിരുന്നു. 2016 ഫെബ്രുവരിയില്‍ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ബസ്‌ടെര്‍മിനലിന്റെ തറക്കല്ലിടലുംനിര്‍വ്വഹിച്ചു. എന്നാല്‍ അധികനാള്‍ കഴിയുംമുമ്പ് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുകയും എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരുകയും ചെയ്തു.
പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ 2017ല്‍ കഴക്കൂട്ടം എം.എല്‍.എ കൂടിയായ മന്ത്രി കടംകംപള്ളിസുരേന്ദ്രന്‍ ബസ് സ്റ്റേഷന്‍പദ്ധതിയെ കുറിച്ചറിയാന്‍ ബന്ധപ്പെട്ടവരുടെ യോഗം വിളിച്ചുകൂട്ടി. പദ്ധതി നടപ്പാക്കാനുള്ള ശ്രമങ്ങള്‍ ആരംഭിക്കുകയും ചെയ്തു. എന്നാല്‍ പദ്ധതി പ്രദേശത്തെ മുറിച്ചൊഴുകുന്ന തെറ്റിയാര്‍തോട് വീണ്ടും പ്രശ്‌നമായി. ഭൂമി ഒറ്റപറമ്പായി ലഭിച്ചാലോ പദ്ധതി നടപ്പിലാക്കാനാവൂ എന്ന അവസ്ഥവന്നു.
മാത്രമല്ല ടെക്‌നോപാര്‍ക്ക് വാണിജ്യസമുച്ചയം പണിയാനായി വിട്ടുകൊടുത്ത 81 സെന്റ് ഭൂമിക്ക് പാട്ടത്തുകയായി രണ്ടരകോടി പാര്‍ക്ക് അധികൃതര്‍ ചോദിച്ചതോടെ പദ്ധതി വീണ്ടും പ്രതിസന്ധിയിലായി. മന്ത്രിയും ട്രിഡചെയര്‍മാനും മറ്റും ഇടപെട്ട് പാര്‍ക്ക് അധികൃതരുമായി ചര്‍ച്ചനടത്തിയതിനെ തുടര്‍ന്ന് പാര്‍ക്ക് അധികൃതര്‍ പാട്ടതുകയുടെ കാര്യത്തില്‍ വിട്ടുവീഴ്ച കാണിച്ചിട്ടുണ്ട്. പദ്ധതിയ്ക്ക് കുരുക്കുകള്‍ ഇനിയും പലതുമുണ്ടെങ്കിലും ഹൈടെക് ബസ് ടെര്‍മിനലും വാണിജ്യസമുച്ചയ നിര്‍മാണവും ഇപ്പോഴും സജീവമായി സര്‍ക്കാരിന്റെ പരിഗണനയില്‍ഉണ്ടെന്നാണ് അറിയുന്നത്. പദ്ധതി നടപ്പിലായാല്‍ കെ.എസ്.ആര്‍.ടി.സിയുടെ പതിനഞ്ച് ബസുകള്‍ക്ക് ഒരേ സമയം പാര്‍ക്കുചെയ്യുവാനും കഴക്കൂട്ടം ടൗണ്‍വഴി വരുന്ന ബസുകള്‍ക്ക് ഇവിടെ നിന്നും ആളെ കയറ്റുവാനും ഇറക്കുവാനുമുള്ള സൗകര്യം ഉണ്ടായിരിക്കും.
അതുവഴി ഐ.ടി നഗരത്തിലെ ഗതാഗതകുരുക്കിന് വലിയൊരു അളവുവരെ പരിഹാരമാവുകയും ചെയ്യും. ട്രിഡയുടെ കെട്ടിട സമുച്ചയം ഉണ്ടാകുന്നതോടെ കഴക്കൂട്ടത്തും മറ്റും വാടകയ്ക്കു പ്രവര്‍ത്തിക്കുന്നതും സ്ഥലപരിമിതികൊണ്ട് ബുദ്ധിമുട്ടുന്നതുമായ സര്‍ക്കാര്‍ സ്ഥാപനങ്ങളെയും നഗരസഭയുടെ കീഴില്‍വരുന്ന സ്ഥാപനങ്ങളേയും ഇവിടെ കൊണ്ടുവരാന്‍ സാധിക്കും.
ഷോപ്പിങ് കോപ്ലക്‌സും പാര്‍ക്കിങ് പ്ലാസയും നാലുനില ഹോസ്റ്റലുകളും ശുചിമുറികളും ലൈറ്റ്‌മെട്രോയില്‍ യാത്രചെയ്യാനെത്തുന്നവര്‍ക്കുള്ള സൗകര്യങ്ങളുമെല്ലാം ഐ.ടിനഗത്തിന്റെ മുഖഛായ തന്നെ മാറ്റും. കഴക്കൂട്ടം-കാരോട് പാതഇരട്ടിക്കല്‍ പൂര്‍ത്തിയാകുമ്പോള്‍ കഴക്കൂട്ടത്തുണ്ടാകാവുന്ന ഗതാഗതക്കുരുക്കിന് പരിഹാരമുണ്ടാവാനും ഹൈടെക് ബസ് ടെര്‍മിനല്‍ സഹായകമാവും.

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.