2019 February 20 Wednesday
യുക്തിയും ശാന്തമായി തീരുമാനമെടുക്കാനുള്ള കഴിവുമാണ് ഒരു നേതാവിനുവേണ്ട വിശിഷ്ടഗുണങ്ങള്‍ -കോര്‍ണിലിയസ് ടാസിറ്റസ്‌

കുമ്പസാര പീഡനം: രണ്ടാംപ്രതി കീഴടങ്ങി

മറ്റുപ്രതികള്‍ ഉടന്‍ കീഴടങ്ങിയേക്കും

 

കൊല്ലം: ഒാര്‍ത്തഡോക്‌സ് സഭയിലെ വൈദികര്‍ കുമ്പസാര രഹസ്യം ചോര്‍ത്തി വീട്ടമ്മയെ പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും നിരന്തരം പീഢിപ്പിച്ചെന്ന കേസിലെ രണ്ടാംപ്രതി ഫാ. ജോബ് മാത്യു കൊല്ലം ക്രൈംബ്രാഞ്ച് അസി. കമ്മിഷണര്‍ ഓഫിസില്‍ ഇന്നലെ കീഴടങ്ങി. അറസ്റ്റ് രേഖപ്പെടുത്തിയശേഷം കൊല്ലം ജില്ലാ ആശുപത്രിയില്‍ പ്രതിയെ വൈദ്യപരിശോധന നടത്തി. തുടര്‍ന്ന് ഐ.ജി ശ്രീജിത്തിന്റെ നേതൃത്വത്തില്‍ ഒന്നരമണിക്കൂറിലധികം ചോദ്യംചെയ്തു. വൈകിട്ടോടെ തിരുവല്ലയിലെത്തിച്ച പ്രതിയെ പന്തളത്തെ മജിസ്‌ട്രേറ്റിന്റെ വസ്തിയില്‍ ഹാജരാക്കി. ഫാ. ജോബ് മാത്യുവിനെ 15 ദിവസത്തേക്ക് റിമാന്റ് ചെയ്തു. വൈദികരായ മറ്റു പ്രതികളെ കണ്ടെത്താനുള്ള നീക്കം ഊര്‍ജിതമാണെങ്കിലുംഇവര്‍ ഉടന്‍ കീഴടങ്ങിയേക്കുമെന്നാണ് പൊലിസ് നല്‍കുന്ന സൂചന.
ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹരജി തള്ളിയതോടെയായിരുന്നു ഫാ. ജോബ് മാത്യു കീഴടങ്ങിയത്. കഴിഞ്ഞ ദിവസം കേസിലെ ഒന്നാംപ്രതി ഫാ. സോണി വര്‍ഗീസ്, രണ്ടാം പ്രതി ഫാ. ജോബ് മാത്യു, നാലാംപ്രതി ഫാ. ജെയ്‌സ്.കെ. ജോര്‍ജ് എന്നിവരുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളുകയും മൂന്നാം പ്രതി ഫാ. ജോണ്‍സണ്‍ വി. മാത്യുവിന്റെ ജാമ്യാപേക്ഷ വിധി പറയാന്‍ മാറ്റിവയ്ക്കുകയും ചെയ്തിരുന്നു. ഫാ. സോണി വര്‍ഗീസ്, ഫാ. ജെയ്‌സ് കെ. ജോര്‍ജ് എന്നിവര്‍ ജാമ്യം തേടി സുപ്രിം കോടതിയെ സമീപിക്കുമെന്നാണ് അറിയുന്നത്. 1999 മുതല്‍ 2002വരെ വിവാഹവാഗ്ദാനം നല്‍കി ഒന്നാംപ്രതി ഫാ. സോണി വര്‍ഗീസ് യുവതിയെ പീഡിപ്പിച്ചുവരികയായിരുന്നു. യുവതി വിവാഹിതയായ ശേഷം ബ്ലാക്ക് മെയില്‍ ചെയ്ത് 2006 മുതല്‍ 2012വരെയും പീഡനം തുടര്‍ന്നു. ഇത് സംബന്ധിച്ച് ഫാ. ജോബ് മാത്യുവിനോട് 2009ല്‍ വീട്ടമ്മ കുമ്പസരിച്ചിരുന്നു. ഈ കുമ്പസാര രഹസ്യം പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി ഫാ.ജോബ് മാത്യുവും വീട്ടമ്മയെ വശംവദയാക്കിയെന്നാണ് കേസ്. 2012വരെ ലൈംഗിക പീഡനവും ഫോണിലൂടെയുള്ള അശ്ലീല സംഭാഷണവും തുടര്‍ന്നെന്നാണ് ഫാ. ജോബ് മാത്യുവിനെതിരേയുള്ള പരാതി. കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലിലായിരുന്നു ഫാ. ജോബ് മാത്യു വീട്ടമ്മയെ ഏറ്റവും ഒടുവില്‍ പീഡിപ്പിച്ചത്. ഇന്നലെ രാവിലെ ഒന്‍പതരയോടെ കൊല്ലത്തെ ബന്ധുവീട്ടില്‍ നിന്നാണ് ഫാ. ജോബ് മാത്യു ക്രൈംബ്രാഞ്ച് ഓഫിസില്‍ കീഴടങ്ങാന്‍ എത്തിയതെന്ന് പൊലിസ് പറയുന്നുണ്ടെങ്കിലും ഇദ്ദേഹം ബുധനാഴ്ച തന്നെ പൊലിസില്‍ കീഴടങ്ങിയിരുന്നതായാണ് വിവരം. ക്രൈംബ്രാഞ്ച് സംഘം ഫാ. ജോബ് മാത്യുവിനെ സിറ്റി പൊലീസ് കമ്മിഷണറുടെ ഓഫിസിന് സമീപം ജില്ലാ ക്രൈം റിക്കോര്‍ഡ്‌സ് ബ്യൂറോയിലായിരുന്നു ചോദ്യംചെയ്തത്. കുമ്പസാര രഹസ്യം ചോര്‍ത്തി അഞ്ച് വൈദികര്‍ വീട്ടമ്മയെ വര്‍ഷങ്ങളായി പീഡിപ്പിച്ചതായാണ് വീട്ടമ്മയുടെ ഭര്‍ത്താവ് ഓര്‍ത്തഡോക്‌സ് സഭയ്ക്ക് പരാതി നല്‍കിയിരുന്നതെങ്കിലും വീട്ടമ്മയുടെ മൊഴി പ്രകാരം നാല് വൈദികര്‍ക്കെതിരെയും ക്രൈംബ്രാഞ്ച് ബലാത്സംഗമടക്കമുള്ള കുറ്റം ചുമത്തിയാണ് കേസെടുത്തത്.
അറസ്റ്റ് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് വൈദികര്‍ സമര്‍പ്പിച്ച ഹര്‍ജിയെ പ്രോസിക്യൂഷന്‍ കോടതിയില്‍ ശക്തമായി എതിര്‍ത്തിരുന്നു. പീഡനത്തിനിരയായ യുവതി വൈദിക സമിതിക്ക് മുന്നില്‍ സമര്‍പ്പിച്ച സത്യവാങ്മൂലം ഉള്‍പ്പെടെ ഹൈക്കോടതിയില്‍ ജാമ്യഹര്‍ജിക്കായി സമര്‍പ്പിച്ചിരുന്നു. കോടതിയുത്തരവ് വന്നതിനു പിന്നാലെ ക്രൈം ബ്രാഞ്ച് സംഘം പ്രതികളുണ്ടാകാന്‍ സാധ്യതയുള്ള സഥലങ്ങളുള്‍പ്പെടെ പരിശോധിച്ചിരുന്നെങ്കിലും വൈദികരെ കണ്ടെത്താന്‍ കഴിഞ്ഞില്ല. ഒളിത്താവളങ്ങള്‍ അന്വേഷിച്ച് അരമനകളില്‍വരെ പൊലിസ് പരിശോധന നടത്തിയിരുന്നു. സഭാ സമിതിക്ക് മുന്നില്‍ സമര്‍പ്പിച്ച യുവതിയുടെ സത്യവാങ് മൂലം വൈദികര്‍ക്ക് ചോര്‍ത്തി നല്‍കിയതിന്റെ പേരില്‍ സഭയിലെ രണ്ട് മെത്രാന്‍ന്മാരും പ്രതിക്കൂട്ടിലാണ്.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.