2018 October 16 Tuesday
എല്ലാവരേയും സ്‌നേഹിക്കുക കുറച്ച് പേരെ വിശ്വസിക്കുക ആര്‍ക്കും അഹിതമായത് ചെയ്യരുത്

കുപ്പു ദേവരാജും അജിതയും കൊല്ലപ്പെട്ടതിന്റെ വാര്‍ഷികം 24ന്: പകരം വീട്ടാനൊരുങ്ങി മാവോയിസ്റ്റുകള്‍

അന്‍സാര്‍ മുഹമ്മദ്

തിരുവനന്തപുരം: നിലമ്പൂര്‍ കരുളായി വനമേഖലയില്‍ കുപ്പു ദേവരാജിനെയും അജിത എന്ന കാവേരിയെയും വെടിവച്ചു കൊന്നതിന് പകരം വീട്ടാനൊരുങ്ങി മാവോയിസ്റ്റുകള്‍.
നിലമ്പൂര്‍ സംഭവത്തിന്റെ ഒന്നാം വാര്‍ഷിക ദിനമായ 24ന് മുന്‍പ് ആറു ജില്ലകളില്‍ മാവോയിസ്റ്റ് ആക്രമണം ഉണ്ടാകുമെന്നും ഇത് തടയാന്‍ ത്രിതല സുരക്ഷ ഒരുക്കണമെന്നും രഹസ്യാന്വേഷണ വിഭാഗം സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കി. പൊലിസ്, എക്‌സൈസ്, ഫോറസ്റ്റ് എന്നിവ സംയുക്തമായി വനാതിര്‍ത്തിയില്‍ സുരക്ഷ ഒരുക്കണമെന്നാണ് രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് നല്‍കിയത്. പാലക്കാട്, വയനാട്, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ വനാതിര്‍ത്തിക്ക് സമീപമുള്ള പൊലിസ് സ്റ്റേഷനുകള്‍ക്ക് സുരക്ഷ ഉറപ്പാക്കണമെന്നും രഹസ്യാന്വേഷണ വിഭാഗം നിര്‍ദേശിച്ചിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം നവംബര്‍ 24നാണ് മാവോവാദി പൊളിറ്റ് ബ്യൂറോ അംഗം കുപ്പു ദേവരാജ്, പശ്ചിമ ഘട്ട പ്രത്യേക മേഖല സമിതി അംഗം അജിത എന്ന കാവേരി എന്നിവരെ പൊലിസ് വെടിവച്ചു കൊന്നത്. കീഴടങ്ങാന്‍ തയാറായവരെ പൊലിസ് കരുതിക്കൂട്ടി കൊല്ലുകയായിരുന്നുവെന്നാണ് മാവോയിസ്റ്റുകളുടെ നിലപാട്.
പാലക്കാട് ജില്ലയിലെ പറമ്പിക്കുളം, അഗളി, ഷോളയൂര്‍, മലപ്പുറം ജില്ലയിലെ എടക്കര, വഴിക്കടവ്, കാളികാവ്, കരുവാരക്കുണ്ട്, വയനാട് ജില്ലയിലെ മുത്തങ്ങ, ബവാലി, തലപ്പുഴ, അപ്പപ്പാറ, കണ്ണൂര്‍ ജില്ലയിലെ ബ്രഹ്മഗിരി വനാതിര്‍ത്തിക്കടുത്ത് എന്നിവിടങ്ങളിലാണ് ആക്രമണത്തിന് സാധ്യതയെന്നും രഹസ്യന്വേഷണ വിഭാഗം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ഇവിടങ്ങളിലെ എല്ലാ പൊലിസ്, ഫോറസ്റ്റ്, എക്‌സൈസ് ഓഫിസുകള്‍ക്കും സുരക്ഷ കര്‍ശനമാക്കാന്‍ നിര്‍ദേശം നല്‍കി. അതോടൊപ്പം വനമേഖലകളില്‍ നിരീക്ഷണം ശക്തമാക്കാനും നിര്‍ദേശമുണ്ട്. സുരക്ഷ വിലയിരുത്താന്‍ ഈ ആഴ്ച ഉത്തര മേഖലാ ഡി.ജി.പി രാജേഷ് ദിവാന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേരും. കര്‍ണാടക, തമിഴ്‌നാട്, കേരളം എന്നിവയുടെ സംഗമ കേന്ദ്രമായ ട്രൈ ജങ്ഷന്‍ കേന്ദ്രീകരിച്ച് മാവോയിസ്റ്റ് പ്രവര്‍ത്തനത്തിനിടെ കൊല്ലപ്പെട്ട കുപ്പു ദേവരാജ്, അജിത എന്നിവരുള്‍പ്പെടെ ഏഴു പേരെയാണ് മാവോയിസ്റ്റുകള്‍ രക്തസാക്ഷികളായി പ്രഖ്യാപിച്ചത്. കുഴിബോംബ് നിര്‍മാണത്തിനിടെ കൊല്ലപ്പെട്ട കബനി ദളം രാഷ്ട്രീയ കണ്‍വീനര്‍ സിനോജ് എന്ന രമേശനും ഇതില്‍ ഉള്‍പ്പെടും.
നാലു ദളങ്ങളായാണ് മാവോയിസ്റ്റുകള്‍ കേരളത്തില്‍ പ്രവര്‍ത്തിച്ചിരുന്നത്. നിലമ്പൂര്‍, പാലക്കാട്, അട്ടപ്പാടി എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ശിരുവാണി ദളം, തമിഴ്‌നാട് പാലക്കാട് അതിര്‍ത്തിയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ നേതൃത്വം നല്‍കുന്ന ഭവാനി ദളം, നിലമ്പൂര്‍ ഉള്‍പ്പെടെ മലപ്പുറം ജില്ലയിലെ ഭാഗങ്ങളായ നാടുകാണി ദളം, വയനാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നിവിടങ്ങള്‍ ഉള്‍പ്പെട്ട കബനീ ദളം എന്നീ ദളങ്ങളാണ് പ്രവര്‍ത്തിച്ചിരുന്നത്. നിലമ്പൂര്‍ ഏറ്റുമുട്ടലിനു ശേഷം സംഘടനാപ്രവര്‍ത്തനം വിപുലീകരിക്കുന്നതിന്റെ ഭാഗമായി കേരള, കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളുടെ സംഗമസ്ഥലം കേന്ദ്രീകരിച്ചു വരാഹിണി ദളമെന്ന പുതിയ കമ്മിറ്റിയും ഉണ്ടാക്കി. ഇതോടെ നാലു ദളങ്ങളുണ്ടായിരുന്ന സംഘടനയ്ക്കു കേരളത്തില്‍ പ്രവര്‍ത്തനമേഖലയുള്ള അഞ്ചു ദളങ്ങളായി. വയനാട് വന്യജീവി സങ്കേതം, തമിഴ്‌നാട്ടിലെ മുതുമല വന്യജീവി സങ്കേതം, കര്‍ണാടകയിലെ ബന്ദിപ്പൂര്‍ കടുവാസങ്കേതം എന്നിവ കേന്ദ്രീകരിച്ചാണു വരാഹിണി ദളത്തിന്റെ പ്രവര്‍ത്തനം. മാവോയിസ്റ്റ് നേതാവ് സി.പി മൊയ്തീനാണ് പുതിയ ദളത്തിനു നേതൃത്വം നല്‍കുന്നതെന്നാണു സൂചന. മൂന്നു സംസ്ഥാനങ്ങളുമായി ചേര്‍ന്നു കിടക്കുന്നതിനാല്‍ പൊലിസ് നടപടിയോ തിരച്ചിലോ വരുമ്പോള്‍ പെട്ടെന്നു രക്ഷപ്പെടാമെന്നതാണു വരാഹിണി ദളത്തിന്റെ നേട്ടം.
കുപ്പു ദേവരാജിനെ കൊന്നതിന് പകരം വീട്ടണമെന്ന് നേരത്തെതന്നെ മാവോയിസ്റ്റുകള്‍ പ്രഖ്യാപിച്ചിരുന്നു. നാലു ദളങ്ങളും സംയുക്തമായി കുപ്പു ദേവരാജിന്റെ പകരക്കാരനായി വന്ന മണിവാസകത്തിന്റെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നാണ് ആക്രമണത്തിന് പദ്ധതിയിട്ടതെന്നും രഹസ്യാന്വേഷണ വിഭാഗം പറയുന്നു.
തമിഴ്‌നാട് പൊലിസ് തേടുന്ന പത്തു മാവോയിസ്റ്റുകള്‍ ഇപ്പോഴും കേരളത്തിലെ പശ്ചിമഘട്ട വനത്തിനുള്ളിലുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മഹാലിംഗം, അനന്തകുമാര്‍, കാളീദാസ്, മണിവാസകം, യോഗേഷ് മദന്‍, ചന്ദ്ര, രത്‌നമ്മാള്‍, പത്മ, റീന ജോയിസ് മേരി, കല, ഡി. ദശരഥന്‍ എന്നിവരാണ് വനത്തിനുള്ളിലുള്ളതെന്നാണ് റിപ്പോര്‍ട്ട്.

16 പൊലിസ് സ്റ്റേഷനുകള്‍ക്ക് സുരക്ഷ കൂട്ടി

തിരുവനന്തപുരം: മാവോയിസ്റ്റ് ഭീഷണിയെ തുടര്‍ന്ന് അഞ്ചു ജില്ലകളിലെ 16 പൊലിസ് സ്റ്റേഷനുകള്‍ക്ക് സുരക്ഷ കൂട്ടി. കാസര്‍കോട് ജില്ലയില്‍ അഞ്ചും, കണ്ണൂര്‍ ജില്ലയില്‍ നാലും, മലപ്പുറം ജില്ലയില്‍ മൂന്നും, വയനാട്, പാലക്കാട് ജില്ലകളില്‍ രണ്ടു വീതവും പൊലിസ് സ്റ്റേഷനുകള്‍ക്കാണ് സുരക്ഷ ഒരുക്കിയത്. 3.5 കോടി രൂപ ചെലവില്‍ പൊലിസ് സ്റ്റേഷനുകളുടെ മതിലുകള്‍ ബലപ്പെടുത്തുകയും സ്റ്റേഷനില്‍ ലൈറ്റ് മെഷീന്‍ ഗണ്‍ വാങ്ങുകയും ബാരിക്കേഡുകള്‍ തീര്‍ത്ത് ഫയര്‍ ഫെന്‍സിങ് സ്ഥാപിക്കുകയും ജനറേറ്റര്‍ ഉള്‍പ്പെടെ വാങ്ങുകയും ചെയ്തിട്ടുണ്ട്.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News