2018 December 12 Wednesday
ഏറ്റവും വലിയ ഇരുമ്പുമറ സ്വന്തം മനസിനു ചുറ്റും നാം പണിയുന്നതാണ്-ജവഹര്‍ലാല്‍ നെഹ്‌റു

കുത്തഴിഞ്ഞു: സുപ്രിംകോടതിയുടെ പ്രവര്‍ത്തനം ക്രമവിരുദ്ധം; ചീഫ് ജസ്റ്റിസിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തി ജഡ്ജിമാരുടെ വാര്‍ത്താസമ്മേളനം

  • പൊട്ടിത്തെറിക്കു പിന്നില്‍ ജസ്റ്റിസ് ലോയയുടെ മരണം
  • ഇംപീച്ച്‌മെന്റ് ജനങ്ങള്‍ തീരുമാനിക്കട്ടെയെന്ന് ജഡ്ജിമാര്‍

ന്യൂഡല്‍ഹി: രാജ്യത്തെ പരമോന്നത നീതിപീഠമായ സുപ്രിംകോടതിയുടെ പ്രവര്‍ത്തനം അവതാളത്തിലാണെന്ന് തുറന്നടിച്ച് സുപ്രിംകോടതിയിലെ മുതിര്‍ന്ന നാല് ജഡ്ജിമാര്‍.
ജസ്റ്റിസ് ജെ. ചെലമേശ്വറിന്റെ നേതൃത്വത്തില്‍, കുര്യന്‍ ജോസഫ്, രഞ്ജന്‍ ഗൊഗോയി, മദന്‍ ബി. ലോക്കൂര്‍ എന്നിവരാണ് പരസ്യമായി പത്രസമ്മേളനം വിളിച്ച് കോടതിയുടെ ഇപ്പോഴത്തെ പ്രവര്‍ത്തന രീതികള്‍ക്കെതിരേ പൊട്ടിത്തെറിച്ചത്. കീഴ്‌വഴക്കമനുസരിച്ചല്ല സുപ്രിംകോടതിയുടെ പ്രവര്‍ത്തനം നടക്കുന്നതെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ പ്രവര്‍ത്തന രീതികള്‍ ജനാധിപത്യപരമല്ലെന്നും ഇവര്‍ ആരോപിച്ചു. ജുഡിഷ്യറിയുടെ ചരിത്രത്തില്‍ ആദ്യമായാണ് സുപ്രിംകോടതി ചീഫ് ജസ്റ്റിസിനെതിരേ മുതിര്‍ന്ന ജഡ്ജിമാര്‍ പരസ്യമായി പ്രതികരിക്കുന്നത്.

ഇന്നലെ ഉച്ചയ്ക്ക് 12.10നാണ് ജസ്റ്റിസ് ജെ. ചെലമേശ്വറിന്റെ തുഗ്ലക് റോഡിലെ ഔദ്യോഗിക വസതിയില്‍ വാര്‍ത്താസമ്മേളനം നടത്തി രാജ്യത്തെ ഞെട്ടിച്ചുകൊണ്ടുള്ള ആരോപണം ഉന്നയിച്ചത്. ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷാ പ്രതി പട്ടികയിലുള്ള സൊഹ്‌റാബുദ്ദീന്‍ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കേസിന്റെ വാദം കേട്ട ജസ്റ്റിസ് ബി.എച്ച് ലോയയുടെ മരണത്തില്‍ ദുരൂഹത ഉണ്ടെന്നും പ്രത്യേക അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട ഹരജി മുതിര്‍ന്ന ജഡ്ജിമാരുടെ ബെഞ്ചിനു വിടാത്ത നടപടിയാണ് ചീഫ് ജസ്റ്റിനെതിരേ ആഞ്ഞടിക്കാന്‍ ഇവരെ പ്രേരിപ്പിച്ച പ്രധാന ഘടകം.

ചീഫ് ജസ്റ്റിസിന് സ്വാധീനിക്കാന്‍ കഴിയുന്ന അരുണ്‍ മിശ്ര അധ്യക്ഷനായ പത്താം നമ്പര്‍ കോടതിക്കാണ് ഈ ഹരജി വിട്ടത്. ഇതുള്‍പ്പടെ ഭരണഘടനാ ബെഞ്ച് രൂപീകരിക്കുമ്പോള്‍ പോലും മുതിര്‍ന്ന ജഡ്ജിമാരെ ഒഴിവാക്കി ജൂനിയര്‍ ജഡ്ജിമാരെ ഉള്‍പ്പെടുത്തുന്നതിലും ഇവര്‍ക്ക് പരാതിയുണ്ട്. ഇപ്പോള്‍ നടക്കുന്നത് അസാധാരണ സംഭവമാണെന്ന് പറഞ്ഞുകൊണ്ടാണ് ജഡ്ജിമാര്‍ വാര്‍ത്താസമ്മേളനം ആരംഭിച്ചത്. നഷ്ടമായിക്കൊണ്ടിരിക്കുന്ന പ്രതിച്ഛായ കൂടുതല്‍ മോശമാകാന്‍ അനുവദിക്കില്ല. കോടതി ശരിയായി പ്രവര്‍ത്തിച്ചില്ലെങ്കില്‍ ജനാധിപത്യം തകരുമെന്ന് ഉറപ്പാണ്.

കോടതി പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവച്ചാണ് ജസ്റ്റിസ് ചെലമേശ്വറിന്റെ വസതിയില്‍ ഇവര്‍ മാധ്യമങ്ങളെ കണ്ടത്. തങ്ങള്‍ നിശബ്ദരായിരുന്നുവെന്ന് 20 വര്‍ഷത്തിന് ശേഷം വിവേകമുള്ളവര്‍ കുറ്റപ്പെടുത്താന്‍ ഇടവരരുതെന്ന് ജസ്റ്റിസ് ചെലമേശ്വര്‍ പറഞ്ഞു. കുറച്ചുകാലമായി സുപ്രിംകോടതി നടപടികള്‍ ക്രമപ്രകാരമല്ല നടക്കുന്നത്.
ഒരു പ്രത്യേക വിഷയത്തില്‍ വിയോജിപ്പ് വ്യക്തമാക്കി നാലു ജഡ്ജിമാരും ഒപ്പിട്ട കത്ത് ചീഫ് ജസ്റ്റിസിനു നല്‍കിയിരുന്നു. നീതിന്യായ വ്യവസ്ഥയെ സംരക്ഷിക്കുന്നതിന് നടപടികളെടുക്കണമെന്നാണ് ഞങ്ങള്‍ ആവശ്യപ്പെട്ടത്. എന്നാല്‍ അദ്ദേഹം അത് അംഗീകരിച്ചില്ല. ഇന്നലെ രാവിലെ ഉള്‍െപ്പടെ നേരിട്ടു കാണുകയും ചെയ്തു. എല്ലാ ശ്രമങ്ങളും പരാജയപ്പെട്ട സാഹചര്യത്തിലാണ് ജനങ്ങള്‍ക്കു മുന്നിലെത്തുന്നത്. കോടതിയോടും രാജ്യത്തോടുമാണ് ഞങ്ങളുടെ ഉത്തരവാദിത്തം.
നാലു ജഡ്ജിമാര്‍ക്കും വേണ്ടി എന്നു വ്യക്തമാക്കി ജസ്റ്റിസ് ചെലമേശ്വര്‍ തന്നെയാണു സംസാരിച്ചത്. ഇംപീച്ച്‌മെന്റാണോ ഉദ്ദേശിക്കുന്നതെന്ന് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ അത് ജനങ്ങള്‍ തീരുമാനിക്കട്ടെയെന്നായിരുന്നു ചെലമേശ്വറിന്റെ മറുപടി. ഇതിനിടെ വിഷയം ജസ്റ്റിസ് ലോയയുടെ കേസുമായി ബന്ധപ്പെട്ടതാണോ എന്ന ചോദ്യത്തിന് അതേ എന്ന് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി മറുപടി നല്‍കി.

ദൂരവ്യാപക ഫലങ്ങള്‍ ഉളവാക്കുന്ന പല കേസുകളിലും ബാഹ്യ ഇടപെടല്‍ നടക്കുന്നുവെന്ന സൂചനയാണ് സുപ്രിംകോടതി കൊളീജിയത്തില്‍ അംഗങ്ങളായ നാലു ജഡ്ജിമാരും പങ്കുവച്ചത്. ജഡ്ജിമാരുടെ പ്രതിഷേധവും വിയോജിപ്പും പരസ്യമായി പ്രകടിപ്പിച്ചതിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദി നിയമമന്ത്രി രവിശങ്കര്‍ പ്രസാദുമായി ചര്‍ച്ച നടത്തി. അതിനിടെ, ചീഫ് ജസ്റ്റിസ് ദീപക് മിശ്ര മാധ്യമങ്ങളെ കാണുമെന്നു സൂചന ഉണ്ടായിരുന്നെങ്കിലും അദ്ദേഹം കോടതി നടപടികളില്‍ വ്യാപൃതനായി ഉച്ച കഴിഞ്ഞും സുപ്രിംകോടതിയില്‍ തന്നെ തുടര്‍ന്നു. രാജ്യം ഉറ്റുനോക്കുന്ന ബാബരി മസ്ജിദ് കേസുള്‍പ്പെടെ ചീഫ് ജസ്റ്റിസ് വാദം കേള്‍ക്കാനിരിക്കുന്ന നിര്‍ണായക കേസുകളുടെ ഭാവിയും ഇതോടൊപ്പം ചോദ്യം ചെയ്യപ്പെടുകയാണ്.

അതേസമയം, സുപ്രിം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്കു നേരെ ആരോപണങ്ങളുമായി ജസ്റ്റിസുമാര്‍ പത്രസമ്മേളനം നടത്തിയ സംഭവത്തില്‍ ഇടപെടില്ലെന്ന് കേന്ദ്രം വ്യക്തമാക്കി. നീതിന്യായ വ്യവസ്ഥ ഒരു സ്വതന്ത്ര സംവിധാനമാണെന്നും അവിടെയുള്ള പ്രശ്‌നങ്ങള്‍ അവിടെ തന്നെ പരിഹരിക്കുമെന്നും നിയമസഹമന്ത്രി പി.പി ചൗധരി വ്യക്തമാക്കി. തര്‍ക്കങ്ങള്‍ക്ക് ഇന്ന് പരിഹാരമുണ്ടാവുമെന്നും വാര്‍ത്താസമ്മേളനം ഒഴിവാക്കേണ്ടതായിരുന്നുവെന്നും അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍ പ്രതികരിച്ചു.

 

ലോയയുടെ ദുരൂഹ മരണം ഗൗരവമേറിയത്: സുപ്രിംകോടതി

ന്യൂഡല്‍ഹി: ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ പ്രതിയായിരുന്ന സൊഹ്‌റാബുദ്ദീന്‍ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കേസിന്റെ വാദം കേട്ടിരുന്ന പ്രത്യേക സി.ബി.ഐ ജഡ്ജി ബി.എച്ച് ലോയയുടെ ദുരൂഹമരണം ഗൗരവമേറിയതാണെന്ന് സുപ്രിംകോടതി. കേസില്‍ സ്വതന്ത്ര അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹരജി പരിഗണിച്ച സുപ്രിംകോടതി മഹാരാഷ്ട്ര സര്‍ക്കാരിന്റെ പ്രതികരണം ആരാഞ്ഞു. ജസ്റ്റിസുമാരായ അരുണ്‍ മിശ്ര, എം.എം ശാന്തനഗൗഡര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. ഈ വിഷയത്തില്‍ എതിര്‍കക്ഷിയുടെ അഭാവത്തില്‍ വാദം കേള്‍ക്കുന്നതിന് പകരം ബഹുകക്ഷി വാദമാണ് വേണ്ടതെന്നും കോടതി വ്യക്തമാക്കി. വിഷയത്തില്‍ ജനുവരി 15ഓടെ മഹാരാഷ്ട്ര സര്‍ക്കാര്‍ മറുപടി നല്‍കണമെന്നും എല്ലാ രേഖകളും ഹാജരാക്കണമെന്നും ബെഞ്ച് ആവശ്യപ്പെട്ടു.
സുപ്രിംകോടതിയിലെ മുതിര്‍ന്ന ജഡ്ജിമാരെ ഒഴിവാക്കി അരുണ്‍ മിശ്രയുടെ ബെഞ്ചിന് ഇന്നലെ ഈ കേസ് നിര്‍ണയിച്ച് കൊടുത്തതാണ് ഇന്ത്യന്‍ ജുഡീഷ്യറിയിലെ നാടകീയ രംഗങ്ങള്‍ക്ക് കാരണമായത്.
ജസ്റ്റിസ് ലോയയുടെ മരണത്തില്‍ സ്വതന്ത്രമായ അന്വേഷണം വേണമെന്നാവശ്യപ്പെട്ടുള്ള തന്റെ ഹരജി പിന്‍വലിപ്പിക്കാന്‍ ഒരു മുതിര്‍ന്ന അഭിഭാഷകന്‍ നിരന്തരം ശ്രമിച്ചുവെന്നും ഇന്നലെ ഹരജി പരിഗണിക്കുന്നതിനു തൊട്ടുമുന്‍പു വരെ അദ്ദേഹം സ്വാധീനിച്ചിരുന്നുവെന്നും ഹരജിക്കാരനായ തെഹ്‌സീന്‍ പൂനവാല പറഞ്ഞു. പൂനവാലയ്ക്കു പുറമെ, ബോംബെ അഭിഭാഷക അസോസിയേഷന്‍, മഹാരാഷ്ട്രയിലെ മാധ്യമ പ്രവര്‍ത്തകനായ ബി.ആര്‍ ലോണ്‍ എന്നിവരും സുപ്രിംകോടതിയില്‍ ഹരജി നല്‍കിയിട്ടുണ്ട്. കേസില്‍ കൂടുതല്‍ വാദം കേള്‍ക്കുന്നതിനായി തിങ്കളാഴ്ചത്തേക്ക് മാറ്റി.


 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.