2018 September 26 Wednesday
മടിയന്മാരുടെ പ്രാര്‍ഥന ദൈവം കേള്‍ക്കില്ല
സൈറസ്

കുതിരക്കച്ചവടത്തിന് പച്ചക്കൊടി

ബംഗളൂരു: രാജ്യം ഉറ്റുനോക്കിയ കര്‍ണാടകയില്‍ രാഷ്ട്രീയ കുതിരക്കച്ചവടത്തിന് ആക്കംകൂട്ടുന്ന നീക്കങ്ങള്‍ സജീവം. 103 സീറ്റുകള്‍ നേടിയ ഒറ്റക്കക്ഷിയായി ബി.ജെ.പിയും 115 സീറ്റുകളുമായി കോണ്‍ഗ്രസ്, ജനതാദള്‍ സഖ്യവും സര്‍ക്കാര്‍ രൂപീകരണ അവകാശവുമായി ഗവര്‍ണറെ കണ്ടു. കര്‍ണാടക ബി.ജെ.പി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ബി.എസ് യെദ്യൂരപ്പയാണ് ആദ്യം ഗവര്‍ണറെ കണ്ടത്. ഭൂരിപക്ഷം തെളിയിക്കാന്‍ രണ്ടു ദിവസത്തെ സമയം അദ്ദേഹത്തിന് ഗവര്‍ണര്‍ അനുവദിച്ചു.
സാധാരണ ഏറ്റവും വലിയ ഒറ്റക്കക്ഷിയെ തന്നെ സര്‍ക്കാരുണ്ടാക്കാന്‍ ഗവര്‍ണര്‍ ക്ഷണിക്കുകയെന്നതാണ് കീഴ്‌വഴക്കം. എന്നാല്‍, ഗോവയിലും മണിപ്പൂരിലും ഏറ്റവും വലിയ ഒറ്റക്കക്ഷിയായ കോണ്‍ഗ്രസിനെ മറികടന്ന് ബി.ജെ.പി സഖ്യത്തെയാണ് ഗവര്‍ണര്‍മാര്‍ ക്ഷണിച്ചത്. കീഴ്‌വഴക്കമനുസരിച്ച് ബി.എസ്.യെദ്യൂരപ്പയെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കുകയാണ് ഗവര്‍ണര്‍ ചെയ്യേണ്ടത്. നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കുമെന്ന് തോന്നുന്ന സഖ്യകക്ഷികളെയും ഗവര്‍ണര്‍ക്ക് സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കാം.
തെരഞ്ഞെടുപ്പ് ഫലം പുറത്തുവരികയും ഏറ്റവും വലിയ ഒറ്റക്കക്ഷിയാവുകയും ചെയ്തതോടെ വലിയ ആഹ്ലാദത്തിലായിരുന്നു ബി.ജെ.പി ക്യാംപ്. എന്നാല്‍ മുഖ്യമന്ത്രിക്കസേര വാഗ്ദാനം ചെയ്ത് ജനതാദളിന്റെ പിന്തുണ നേടിയ കോണ്‍ഗ്രസ് ബി.ജെ.പിയെ ഞെട്ടിക്കുകയായിരുന്നു. എന്നാല്‍, തങ്ങള്‍ ഏതുവിധേനയും സര്‍ക്കാര്‍ രൂപീകരിക്കുമെന്നാണ് ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി യെദ്യൂരപ്പ പറഞ്ഞത്. കര്‍ണാടകയില്‍ താമര വിരിഞ്ഞാല്‍ അതുവഴി ദക്ഷിണേന്ത്യയിലും തങ്ങളുടെ ഭരണം ഉറപ്പാക്കാമെന്ന വിശ്വാസത്തിലാണ് ബി.ജെ.പി. ബി.ജെ.പിയുടെ ശ്രമങ്ങളെ എന്ത് വിലകൊടുത്തും പ്രതിരോധിക്കാനുള്ള അടവുകളും തന്ത്രങ്ങളും മെനയുകയാണ് കോണ്‍ഗ്രസും ജെ.ഡി.എസും.
ഭരണം പിടിച്ചെടുക്കാന്‍ ഓപ്പറേഷന്‍ കമല്‍ എന്ന പേരില്‍ മറ്റു സംസ്ഥാനങ്ങളില്‍ പ്രയോഗിച്ച തന്ത്രം കര്‍ണാടകയിലും പരീക്ഷിക്കാനുള്ള നീക്കത്തിലാണ് ബി.ജെ.പി. മറ്റ് പാര്‍ട്ടികളിലെ നേതാക്കളെ പണവും അധികാരവും ഉപയോഗിച്ച് സ്വന്തം പാളയത്തില്‍ എത്തിക്കുന്ന തന്ത്രമാണ് ഓപ്പറേഷന്‍ കമല്‍. ഇത്തരത്തില്‍ ജനതാദളിനെ പിളര്‍ത്തി അധികാരം പിടിക്കാനുള്ള നീക്കങ്ങള്‍ സജീവമാണ്. ജനതാദളുമായി ചേര്‍ന്ന് ഭരണം വേണ്ടെന്ന അഭിപ്രായമുള്ള ചില എം.എല്‍.എമാരെ ചാക്കിലാക്കാനും ശ്രമം നടക്കുന്നുണ്ട്.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.